ADVERTISEMENT

ന്യൂഡൽഹി ∙ ഇന്ത്യ–പാക്കിസ്ഥാൻ ഉഭയകക്ഷി ചർച്ചയ്ക്കുള്ള സാധ്യത തള്ളി വിദേശകാര്യ മന്ത്രി എസ്.ജയശങ്കർ. ഭീകരതയുടെ സ്പോൺസർമാർക്കും ഇരകൾക്കും ഒന്നിച്ചിരിക്കാനാകില്ല. പാക്കിസ്ഥാന്റെ വിശ്വാസ്യത അവരുടെ വിദേശനാണ്യശേഖരം പോലെ ഇടിയുകയാണ്. ഭീകരത പാക്കിസ്ഥാനിൽ വ്യവസായമാണ്. പാക്ക് അധിനിവേശ കശ്മീർ ഒഴിയുന്നത് മാത്രമാണ് പാക്കിസ്ഥാനുമായി ചർച്ച ചെയ്യാനുള്ളത്. ഷാങ്ഹായ് സഹകരണ സംഘടനയിലെ വിദേശകാര്യ മന്ത്രിമാരുടെ സമ്മേളനത്തിനു ശേഷമായിരുന്നു ജയശങ്കറിന്റെ പ്രതികരണം. 

ഷാങ്‍ഹായ് സഹകരണ സംഘടനയിലുള്ള ഒരു രാജ്യത്തിന്റെ വിദേശകാര്യ മന്ത്രിയായിട്ടാണ് പാക്ക് വിദേശകാര്യ മന്ത്രി ബിലാവൽ ഭൂട്ടോ സർദാരി എത്തിയത്. അത് ബഹുമുഖ നയതന്ത്രത്തിന്റെ ഭാഗമാണ്, അതിൽ കൂടുതലൊന്നും കാണേണ്ടതില്ല. ഭീകരത എന്ന വ്യവസായത്തിന്റെ പ്രചാരകനും വക്താവുമാണ് ബിലാവൽ ഭൂട്ടോയെന്നും ജയശങ്കർ ആഞ്ഞടിച്ചു. 

ചൈന–പാക്കിസ്ഥാന്‍ ഇടനാഴിക്കെതിരെയും അദ്ദേഹം മുന്നറിയിപ്പ് നൽകി. ഇന്ത്യയുടെ ഭൂമിശാസ്ത്ര പരമാധികാരം വെല്ലിവിളിക്കാന്‍ അനുവദിക്കില്ല. അതിര്‍ത്തി ശാന്തമാകാതെ ഇന്ത്യ–ചൈന ബന്ധം സാധാരണ നിലയിലാകില്ല. കണക്റ്റിവിറ്റി പുരോഗതിക്ക് നല്ലതാണ്, എന്നാൽ ഇത് രാജ്യങ്ങളുടെ അഖണ്ഡതയും പരമാധികാരവും ലംഘിച്ചു കൊണ്ടാകരുതെന്നും ജയശങ്കർ പറഞ്ഞു. 

നേരത്തെ, സമ്മേളനത്തിൽ അധ്യക്ഷനായ ജയശങ്കർ, കൈകൂപ്പി ബിലാവൽ ഭൂട്ടോയെ സ്വീകരിക്കുന്ന ദൃശ്യം പുറത്തു വന്നിരുന്നു. ഇരുവരും ചിത്രമെടുക്കുന്നതിനായി ഒരുമിച്ച് നിന്നതിന്റെയും പിന്നീട് വേദിയിലേക്ക് സ്വീകരിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമൂഹമാധ്യമത്തില്‍ ചര്‍ച്ചയായി.

English Summary: S Jaishankar Calls Pak's Bilawal Bhutto "Spokesperson For Terror Industry"

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com