ലണ്ടൻ ∙ ചാൾസ് രാജാവിനെയും കാമില രാജ്ഞിയെയും എല്ലാ പുതുമോടിയോടെയും കാണാൻ ബക്കിങ്ങാം കൊട്ടാരത്തിനു മുന്നിൽ തടിച്ചുകൂടി ജനം. രാജകുടുംബം താമസിക്കുന്ന ബക്കിങ്ങാം കൊട്ടാരത്തിൽനിന്നു കിരീടധാരണച്ചടങ്ങ് നടക്കുന്ന വെസ്റ്റ്മിൻസ്റ്റർ ആബിയിലേക്ക് പോകുന്ന രാജവീഥിയിലെങ്ങും ജനം നിറഞ്ഞിരിക്കുകയാണ്.
രാജവീഥിക്ക് ഇരുവശത്തുമായി സന്തോഷത്തോടെയാണ് ജനങ്ങളുടെ കാത്തിരിപ്പ്. സമീപത്തെ പുൽത്തകിടിയിൽ കുടുംബങ്ങൾ നേരത്തേതന്നെ വന്ന് ക്യാംപ് ചെയ്തിട്ടുണ്ട്. തിരക്ക് കൂടുമ്പോൾ കൂടാരങ്ങൾ അഴിച്ചുമാറ്റണമെന്ന് അധികൃതർ ഇവർക്കു മുന്നറിയിപ്പ് നൽകി. ശുചീകരണ തൊഴിലാളികളോ ഉദ്യോഗസ്ഥരോ വാഹനത്തിൽ പോകുമ്പോൾ ജനം കയ്യടിച്ചു പ്രോത്സാഹിപ്പിക്കുന്നതും അവർ തിരിച്ച് അഭിവാദ്യം ചെയ്യുന്നതും കൗതുക കാഴ്ചയാണ്.
ആലപ്പുഴയിൽ നെഹ്റു ട്രോഫി വള്ളംകളിക്കു മുന്നോടിയായി ചെറുവള്ളങ്ങൾ കായലിലൂടെ വരുമ്പോഴുള്ളതു പോലെയുള്ള ഓളം തീർക്കലാണ് കയ്യടിയിലൂടെ ജനം സൃഷ്ടിക്കുന്നത്. കിരീടധാരണത്തിനു രാജാവ് വരുന്നതിനുള്ള മുൻപുള്ള ചെറിയ ആഘോഷങ്ങളാണിത്. ബക്കിങ്ങാം കൊട്ടാരത്തിനു മുന്നിലും വെസ്റ്റ്മിൻസ്റ്റർ ആബിക്കു സമീപവും ആൾക്കൂട്ടമുണ്ട്.








English Summary: Peoples happily waiting for King Charles III coronation ceremony at Britain