ADVERTISEMENT

തിരുവനന്തപുരം∙ എല്ലാക്കാര്യത്തിലും കേന്ദ്രസർക്കാരിനെ കുറ്റം പറയുന്ന മുഖ്യമന്ത്രി പിണറായി വിജയന്, വിദേശയാത്രയ്ക്ക് കേന്ദ്രം അനുമതി നിഷേധിച്ചിട്ടും പരാതിയില്ലാത്തത് അദ്ഭുതമാണെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ എംപി. ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്തോറും ബിജെപിയും സിപിഎമ്മും തമ്മിലുള്ള അന്തർധാര സജീവമാകുന്നതിന്റെ ലക്ഷണമാണ് ഇതെന്ന് മുരളീധരൻ അഭിപ്രായപ്പെട്ടു. തമിഴ്നാട്ടിൽ മുഖ്യമന്ത്രി സ്റ്റാലിന്റെ ഓഫിസിൽ വരെ കയറി പരിശോധന നടത്തിയ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, കേരളത്തിൽ രവീന്ദ്രനെ ചോദ്യം ചെയ്ത ശേഷം എന്തു നടപടി സ്വീകരിച്ചുവെന്നും മുരളീധരൻ ചോദിച്ചു.

‘‘പ്രധാനപ്പെട്ടൊരു കാര്യം, സംസ്ഥാന സർക്കാരുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളിൽ ബിജെപി കളിക്കുന്ന ഒരു കള്ളക്കളിയുണ്ട്. ഒന്ന്, ഈ വിഷയത്തിൽ ബിജെപി കാര്യമായി സമര രംഗത്തില്ല. രണ്ട്, മുഖ്യമന്ത്രിയുടെ വിദേശ യാത്രയ്ക്കുള്ള അനുമതി നിഷേധിച്ചിട്ടു പോലും ഒരക്ഷരം പോലും അദ്ദേഹം പരാതി പറയുന്നില്ല. ഇതെല്ലാം ഒരു അന്തർധാരയുടെ ഭാഗമായിട്ടാണ് ഞാൻ കാണുന്നത്. മാത്രമല്ല, ഇഡി സ്റ്റാലിന്റെ ഓഫിസിൽ വരെ കയറി. ഇവിടെ രവീന്ദ്രനെ ചോദ്യം ചെയ്ത ശേഷം എന്തു സംഭവിച്ചു എന്ന് ആർക്കും അറിയില്ല. ഇതെല്ലാം അന്തർധാരയുടെ ഭാഗമാണ്. അതിന്റെ അവസാനത്തെ തെളിവാണിത്.’ – മുരളീധരൻ പറഞ്ഞു.

‘‘എന്തുകൊണ്ടാണ് മുഖ്യമന്ത്രിയുടെ യാത്രയ്ക്ക് അനുമതി നിഷേധിച്ചത്? ഇന്ത്യയിൽത്തന്നെ എത്രയോ മുഖ്യമന്ത്രിമാർ വിദേശയാത്ര നടത്തുന്നു. എന്തുകൊണ്ട് കേരള മുഖ്യമന്ത്രിക്കു മാത്രം അനുമതി നിഷേധിക്കപ്പെടുന്നു? അതിനെക്കുറിച്ച് മുഖ്യമന്ത്രിക്ക് പരാതിയില്ല. വലിയൊരു അദ്ഭുതമല്ലേ? എല്ലാറ്റിനും കേന്ദ്രത്തെ വിമർശിക്കുന്ന മുഖ്യമന്ത്രി എന്താ ഇക്കാര്യത്തിൽ മിണ്ടാത്തതെന്താ? ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കുന്തോറം അന്തർധാര സജീവമാകുകയാണ്. മുൻപ് രഹസ്യബാന്ധവമായിരുന്നെങ്കിൽ ഇപ്പോൾ അത് പരസ്യമാകുന്നു. ഒരു രഹസ്യവും അധികകാലം അങ്ങനെ നിലനിൽക്കില്ല. എല്ലാം പതുക്കെ പരസ്യമാകും.’ – മുരളീധരൻ പറഞ്ഞു.

English Summary: K Muralidharan Takes A Dig At CPM And CM Pinarayi Vijayan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com