ADVERTISEMENT

ഇസ്‌ലാമാബാദ്∙ അറസ്റ്റ് ചെയ്ത മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ വിട്ടയയ്ക്കുന്നതുവരെ പാക്കിസ്ഥാനിലെ പ്രക്ഷോഭം തുടരുമെന്ന സൂചന നൽകി പാക്കിസ്ഥാൻ തെഹ്‌രീകെ ഇൻസാഫ് (പിടിഐ) പാർട്ടി. പിടിഐയുടെ അധ്യക്ഷനാണ് മുൻ ക്രിക്കറ്റ് താരം കൂടിയായ ഇമ്രാൻ ഖാൻ. നേതാക്കളോടും അണികളോടും ഇമ്രാനെ പിന്തുണയ്ക്കുന്നവരോടും ഇസ്‌ലാമാബാദിലെ ജു‍ഡീഷ്യൽ കോംപ്ലെക്സിൽ പ്രാദേശിക സമയം രാവിലെ എട്ടിന് എത്തിച്ചേരണമെന്ന് പാർട്ടി നിർദേശിച്ചിട്ടുണ്ട്.

ഇമ്രാനെ പുറത്തുവിടുന്നതുവരെ നിലവിലെ പ്രക്ഷോഭം രാജ്യവ്യാപകമായി തുടരുമെന്ന് ഇതുസംബന്ധിച്ച് ട്വിറ്ററിലൂടെ നൽകിയ അറിയിപ്പിൽ പാർട്ടി വ്യക്തമാക്കി. ഇമ്രാൻ ഖാന്റെ അറസ്റ്റ് ശരിവച്ച ഇസ്‌ലാമാബാദ് ഹൈക്കോടതിയുടെ വിധിക്കെതിരെ സുപ്രീം കോടതിയെ ഇന്നു സമീപിക്കുമെന്ന് പിടിഐ സീനിയർ വൈസ് പ്രസിഡന്റ് ഫവാദ് ചൗധരി വ്യക്തമാക്കി. ഇസ്‌ലാമാബാദ് ഹൈക്കോടതിയുടെ തീരുമാനം ‘വിചിത്രമാണെ’ന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

∙ കോളറിൽ പിടിച്ചുനീക്കി, വാനിലേക്ക് തള്ളിക്കയറ്റി

പാക്കിസ്ഥാൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ (70) അതിർത്തിരക്ഷാ സേന കോടതിയിൽ കടന്നുകയറി ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്യുകയായിരുന്നു. അഴിമതിക്കേസിലെ വാദത്തിനായി ഇമ്രാൻ ഇസ്‌ലാമാബാദ് ഹൈക്കോടതിയിലെത്തിയപ്പോഴാണ്, അതിർത്തിരക്ഷാ സേനയായ പാക്ക് റേഞ്ചേഴ്സിന്റെ അംഗങ്ങൾ ജനാലച്ചില്ലു തകർത്ത് അകത്തുകടന്ന് അദ്ദേഹത്തെ പിടികൂടിയത്. ഇമ്രാനെ കോളറിൽ പിടിച്ചുനടത്തിക്കുന്നതും വാനിലേക്കു തള്ളിക്കയറ്റുന്നതും വിഡിയോ ദൃശ്യങ്ങളിൽ കാണാം. തലയിലും കാലിലും സാരമായി മർദിച്ചെന്നും അദ്ദേഹത്തിന്റെ ചക്രക്കസേര തട്ടിത്തെറിപ്പിച്ചെന്നും പാക്ക് ദിനപത്രമായ ‘ഡോൺ’ റിപ്പോർട്ട് ചെയ്തു.

∙ പാക്കിസ്ഥാനിൽ കലാപം

ഇമ്രാനെ അറസ്റ്റ് ചെയ്തതിനു പിന്നാലെ രാജ്യത്തു കലാപാന്തരീക്ഷം രാജ്യമെങ്ങും പ്രതിഷേധത്തിനു പിടിഐ ആഹ്വാനം ചെയ്തതിനു പിന്നാലെ പ്രവർത്തകർ തെരുവിലിറങ്ങി. ഇസ്‌ലാമാബാദിലും പഞ്ചാബ് പ്രവിശ്യയിലും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ലഹോർ കോർ കമാൻഡറുടെ വീട് അടിച്ചുതകർത്തു. ഇവിടെയും റാവൽപിണ്ടിയിലെ ആസ്ഥാനത്തും സൈന്യം സംയമനം പാലിച്ചെന്നാണു റിപ്പോർട്ട്. ഫൈസലാബാദിൽ ആഭ്യന്തരമന്ത്രി റാണാ സനവുല്ലയുടെ വീട് ആക്രമിച്ചു. കറാച്ചി, പെഷാവർ, റാവൽപിണ്ടി തുടങ്ങി മറ്റു നഗരങ്ങളിലും സംഘർഷമുണ്ട്. സമൂഹമാധ്യങ്ങൾക്കു വിവിധയിടങ്ങളിൽ വിലക്ക് ഏർപ്പെടുത്തി. സ്വകാര്യ സ്കൂളുകൾക്കെല്ലാം ഇന്ന് അവധി നൽകി.

∙ അറസ്റ്റ് എന്തിന്?

ഇമ്രാൻ പ്രധാനമന്ത്രിയായിരിക്കെ, അദ്ദേഹത്തിന്റെ ഭാര്യയുടെയും സുഹൃത്തിന്റെയും പേരിലുള്ള അൽ ഖാദിർ ട്രസ്റ്റും റിയൽ എസ്റ്റേറ്റ് കമ്പനിയുമായി നടന്ന ഭൂമി ഇടപാടിൽ അഴിമതി ആരോപിച്ചാണ് അറസ്റ്റ്. ഇന്നലെ രാവിലെയാണു വാറന്റ് പുറപ്പെടുവിച്ചതെന്ന് എൻഎബി പറഞ്ഞെങ്കിലും വാറന്റിലെ തീയതി മേയ് 1 ആണ്. പലതവണ ആവശ്യപ്പെട്ടിട്ടും കോടതിയിൽ ഹാജരാകാത്തതിനെത്തുടർന്നാണ് അറസ്റ്റെന്ന് ആഭ്യന്തരമന്ത്രി റാണാ സനവുല്ല അവകാശപ്പെട്ടു.

English Summary: Imran Khan's Party Asks supporters To Gather In Islamabad Today Amid Protests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com