ADVERTISEMENT

തിരുവനന്തപുരം∙ മലപ്പുറം താനൂരിൽ ബോട്ട് മുങ്ങി 22 പേർ മരിച്ച സംഭവം റിട്ട. ജസ്റ്റിസ് വി.കെ.മോഹനൻ അന്വേഷിക്കും. മന്ത്രിസഭായോഗത്തിലാണ് തീരുമാനം. പൊലീസിന്റെ പ്രത്യേക സംഘവും അന്വേഷണം നടത്തുന്നുണ്ട്. ജലഗതാഗത മേഖലയിൽ പരിശോധന ശക്തമാക്കാൻ സർക്കാർ തീരുമാനിച്ചു. നിയമങ്ങൾ പാലിക്കുന്നുണ്ടോ എന്നു പരിശോധിക്കാൻ സ്പെഷൽ സ്ക്വാഡുകൾ രൂപീകരിക്കും. ബോട്ടിൽ എത്ര പേരെ കയറ്റാൻ ആകുമെന്ന് ബോട്ടിന്റെ പുറത്ത് പ്രദർശിപ്പിക്കണം. ബോട്ട് സർവീസ് നടത്തുന്ന സ്ഥലങ്ങളിൽ തദ്ദേശസ്ഥാപന പ്രതിനിധികളെ ഉൾപ്പെടുത്തി ജാഗ്രതാ സമിതികൾ രൂപീകരിക്കും.

അപകടത്തിന് കാരണമായ ബോട്ടിന്റെ ഉടമ നാസറിനെ കോഴിക്കോട്ടുനിന്ന് പൊലീസ് അറസ്റ്റു ചെയ്തിരുന്നു. നരഹത്യ ഉൾപ്പെടെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തത്. അമിതമായി യാത്രക്കാരെ കയറ്റിയതും ഡ്രൈവറുടെ അസാസ്ഥയുമാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം. മീൻപിടിക്കാൻ ഉപയോഗിച്ചിരുന്ന ഫൈബർ വള്ളമാണ് 20,000രൂപയ്ക്ക് വാങ്ങി രൂപമാറ്റം വരുത്തി ടൂറിസ്റ്റ് ബോട്ടാക്കിയത്. ലൈഫ് ജാക്കറ്റ് ഉൾപ്പെടെയുള്ള ജീവൻരക്ഷാ ഉപാധികൾ ബോട്ടിലുണ്ടായിരുന്നില്ല. 

പരപ്പനങ്ങാടി–താനൂർ നഗരസഭാ അതിർത്തിയിലെ ഒട്ടുംപുറം തൂവൽ തീരത്തിനു സമീപം പൂരപ്പുഴയിൽ ഞായറാഴ്ച രാത്രി ഏഴോടെയാണ് ബോട്ട് മുങ്ങിയത്. 26 പേർക്ക് ബോട്ടിൽ യാത്ര ചെയ്യാമെന്നാണ് കുസാറ്റിന്റെ ഷിപ്പ് ടെക്നോളജി വിഭാഗത്തിന്റെ സ്റ്റെബിലിറ്റി റിപ്പോർട്ടിൽ പറഞ്ഞിരുന്നത്. 39 പേരെങ്കിലും ബോട്ടിലുണ്ടായിരുന്നെന്നാണ് വിവരമെങ്കിലും കൃത്യമായ കണക്കില്ല. സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷനും കേസെടുത്തിരുന്നു. മരിച്ചവരുടെ കുടുംബങ്ങൾക്ക് സർക്കാർ 10 ലക്ഷംരൂപനഷ്ടപരിഹാരം പ്രഖ്യാപിച്ചു. കേന്ദ്രസർക്കാർ 2 ലക്ഷംരൂപ വീതം നഷ്ടപരിഹാരം പ്രഖ്യാപിച്ചിരുന്നു.

English Summary:  Justice V.K.Mohanan to probe Tanur Boat tragedy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com