ADVERTISEMENT

ഡോ. വന്ദന ദാസിന്‍റെ മരണം ഉയർത്തുന്ന പ്രധാന ചോദ്യം, ആതുര സേവകർ‌ക്ക് സുരക്ഷിതരായി ജോലി ചെയ്യാൻ സാഹചര്യമൊരുക്കേണ്ടത് ആരുടെ ചുമതലയാണ് എന്നതാണ്. തീർച്ചയായും അതു ഭരണകൂടത്തിന്‍റെയും ഒപ്പം ഓരോ പൗരന്‍റെയും ചുമതലയാണ്. വ്യക്തിക്കോ സമൂഹത്തിനോ അതിൽനിന്നു മാറിനിൽക്കാനാവില്ല. എന്നിട്ടും നമ്മുടെ ആരോഗ്യപ്രവർത്തകർ‌ അവരുടെ ജോലിക്കിടെ നിരന്തരം ആക്രമിക്കപ്പെടുന്നു. ഇപ്പോഴിതാ ഒരു യുവഡോക്ടർ അതിദാരുണമായി കൊല്ലപ്പെടുകയും ചെയ്തു.

വ്യക്തിയുടെയോ ആൾക്കൂട്ടത്തിന്റെയോ ഇത്തരം ഭ്രാന്തുകൾക്കു കടിഞ്ഞാണിടാനായില്ലെങ്കിൽ ഒരു പരിഷ്കൃത സമൂഹം എന്നു സ്വയം വിശേഷിപ്പിക്കാൻ മലയാളികൾ ലജ്ജിക്കണം. ഡോ. വന്ദനയുടെ കൊലപാതകത്തിന്റെ പശ്ചാത്തലത്തിൽ, കേരളത്തിലെ ആരോഗ്യപ്രവർ‌ത്തകർ നേരിടുന്ന ഭീഷണികളെപ്പറ്റി പ്രമുഖ കൺസൽറ്റന്റ് ഫിസിഷ്യനും ആരോഗ്യ വിഷയങ്ങളിലെ എഴുത്തുകാരനും പ്രഭാഷകനുമായ ഡോ. എൻ.എം.അരുൺ എഴുതുന്നു:

ഒരുപക്ഷേ കോടതികൾ കഴിഞ്ഞാൽ ഏറ്റവുമധികം ക്രിമിനലുകളും ക്രിമിനൽ സ്വഭാവമുള്ളവരും കയറിയിറങ്ങുന്ന സ്ഥലമാണ് ആശുപത്രികൾ. അത്തരം ആളുകൾക്കും വേണ്ട ആരോഗ്യപരിശോധനകളും ചികിൽസകളും നൽകേണ്ട ഉത്തരവാദിത്തം സമൂഹം ആരോഗ്യപ്രവർത്തകരെ ഏൽപിച്ചിരിക്കുകയാണ്. ആ ഉത്തരവാദിത്തം നന്നായി നിറവേറ്റപ്പെടുന്നുമുണ്ട്.

എന്നാൽ, സമൂഹത്തിനു വേണ്ടി അത്തരം അപകടകരമായ ജോലി ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ, അവരുടെ ദൗത്യനിർവഹണത്തിനിടെ ആക്രമികളിൽനിന്നു സംരക്ഷിക്കുന്നതിൽ നമ്മുടെ പൊതുസമൂഹം ദയനീയമായി പരാജയപ്പെട്ടതിന്റെ ദാരുണമായ തെളിവാണു ഡോ. വന്ദന ദാസിന്റെ രക്തസാക്ഷിത്വം.

ആർക്കും ഏതു സമയത്തും ഒരു നിയന്ത്രണവുമില്ലാതെ കയറിയിറങ്ങാവുന്ന സ്ഥലമാണു നമ്മുടെ ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങൾ. നമ്മുടെ മിക്ക ആശുപത്രികളിലും സന്ധ്യ മുതൽ പുലർച്ച വരെ അടിപിടിയിലും കത്തിക്കുത്തിലും പരുക്കേറ്റ് എത്തുന്നവരുടെ എണ്ണം ചെറുതല്ല. അതിൽ പലരും മദ്യത്തിനും ലഹരിമരുന്നിനും അടിമകളാണ്. എപ്പോൾ‌ വേണമെങ്കിലും ആക്രമാസക്തരായേക്കാവുന്ന ഒരു കൂട്ടം ആളുകളുമുണ്ടാകും അവർക്കൊപ്പം. ഇവരെ നിയന്ത്രിക്കാൻ വിരലിലെണ്ണാവുന്ന പൊലീസുകാരും ഒന്നോ രണ്ടോ സെക്യൂരിറ്റി ജീവനക്കാരും മാത്രമേ ആശുപത്രികളിലൂണ്ടാകൂ. 

ഈ സാഹചര്യത്തിൽ, ആരോഗ്യപ്രവർത്തകർക്ക് ഓരോ നൈറ്റ്‌ ഡ്യൂട്ടിയും ഒരു യുദ്ധത്തിനു പോകുന്നതു പോലെയാണ്. പരുക്കുകളില്ലാതെ രക്ഷപ്പെട്ടാൽ ഭാഗ്യം. ഡോ.വന്ദന ദാസിനു പക്ഷേ അങ്ങനെ രക്ഷപ്പെടാൻ സാധിച്ചില്ല. ബഹുമാനപ്പെട്ട ആരോഗ്യമന്ത്രി പറഞ്ഞതുപോലെ ആക്രമണം നേരിട്ടുള്ള പരിചയക്കുറവായിരിക്കാം കാരണം. ആരോഗ്യ മന്ത്രിക്കറിയാം കേരളത്തിൽ ഒരു അഞ്ചു കൊല്ലം ആരോഗ്യപ്രവർത്തകരായി ജോലി ചെയ്താൽ എല്ലാവിധം ആക്രമണങ്ങളും നേരിട്ട്‌ തഴക്കവും പഴക്കവും ലഭിക്കുമെന്ന്.

ആരോഗ്യപ്രവർത്തകരെ ഇത്തരം ആക്രമണങ്ങളിൽനിന്നു സംരക്ഷിക്കേണ്ട ബാധ്യത പൊതുസമൂഹത്തിനുണ്ട്‌ എന്ന കാര്യം ആരോഗ്യമന്ത്രിയും സർക്കാരും ജനങ്ങളും മറക്കരുത്‌. അങ്ങനെ ഒരു സംരക്ഷണവലയം ഇല്ലാത്തിടത്തോളം, ആശുപത്രിയിൽ ഡ്യുട്ടിയിലുള്ളവർക്കു നേരെയുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും തുടരുക തന്നെ ചെയ്യും. ആരോഗ്യപ്രവർത്തകരുടെ ആത്മവിശ്വാസം തകരും. കേരളത്തിലെ ആരോഗ്യമേഖല വളരെയേറെ പിന്നോട്ടടിക്കും.

English Summary: No Malayali can raise his head if this madness is not chained

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com