ADVERTISEMENT

കോഴിക്കോട്∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്കായി എത്തിച്ചയാളുടെ കുത്തേറ്റു മരിച്ച ഡോ.വന്ദന ദാസിന്റെ കൊലപാതകത്തിൽ, മുഖ്യമന്ത്രി ആശുപത്രിയിൽ പോയി നാടകം കളിച്ചുവെന്ന ആരോപണവുമായി ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. കുത്തേറ്റു വീണ വന്ദനയ്ക്ക് പ്രാഥമിക ചികിത്സ നൽകാൻ പോലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞില്ലെന്ന് സുരേന്ദ്രൻ ആരോപിച്ചു. മന്ത്രിമാർ കെടുകാര്യസ്ഥതയും അനാസ്ഥയും കാണിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയ സുരേന്ദ്രൻ, ആഭ്യന്തര മന്ത്രി എന്ന നിലയിൽ മുഖ്യമന്ത്രി പരാജയമാണെന്നും പറഞ്ഞു. കോഴിക്കോട് മാരാർജി ഭവനിൽ മാധ്യമങ്ങളെ കാണുമ്പോഴാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറഞ്ഞത്.

‘‘പൊലീസിന്റെ ഏറ്റവും ദയനീയമായ പരാജയമാണ് വന്ദനയുടെ കൊലപാതകത്തിൽ കണ്ടത്. വൈദ്യപരിശോധനയ്ക്ക് എത്തിച്ചയാൾ ആക്രമണം നടത്തിയപ്പോൾ പൊലീസുകാർ ഓടി രക്ഷപ്പെട്ടു. ദാരുണമായി കുത്തേറ്റ വന്ദനയ്‌ക്ക് പ്രാഥമിക ചികിത്സ നൽകാൻ പോലും കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ കഴിഞ്ഞില്ല. ഇതാണോ കേരളത്തിലെ ഭരണ സംവിധാനത്തിന്റെ സ്ഥിതി? കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽവച്ച് 11 കുത്തേറ്റു പിടഞ്ഞ ഡോ.വന്ദനയ്ക്ക്, പ്രാഥമിക ചികിത്സ നൽകിയത് സ്വകാര്യ ആശുപത്രിയിലാണ്. അതിനുശേഷം 60 കിലോമീറ്റർ ദൂരെയുള്ള മറ്റൊരു ആശുപത്രിയിലേക്കു മാറ്റി. അപ്പോൾ ചികിത്സ നൽകാനുള്ള യാതൊരു സൗകര്യവും കുത്തേറ്റു വീണ താലൂക്ക് ആശുപത്രിയിൽ ഉണ്ടായിരുന്നില്ലേ?’

‘‘ഇത്തരത്തിലുള്ള സംഭവങ്ങൾ ആവർത്തിക്കപ്പെടുമ്പോൾ, ഇവിടുത്തെ ഭരണസംവിധാനം എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? എന്തുകൊണ്ടാണ് പൊലീസിന് അവിടെ ശക്തമായ ഇടപെടൽ നടത്താൻ സാധിക്കാതെ പോയത്? പൊലീസുകാരുടെ കയ്യിൽ എന്തു കൊടുത്തിട്ടാണ് പിണറായി വിജയൻ വിടുന്നത്? പൊലീസിന്റെ കയ്യിൽ തോക്കുണ്ടായിരുന്നില്ലേയെന്ന് ഹൈക്കോടതിയും ചോദിച്ചിരിക്കുന്നു. ക്രമസമാധാന പാലനത്തിനു പോകുന്ന പൊലീസുകാർക്ക് എന്തു പരിശീലനമാണ് കൊടുക്കുന്നത്? ഗുണ്ടകളെയും ലഹരിക്ക് അടിമകളായ മനോരോഗികളെയും നിലയ്ക്കു നിർത്താൻ എന്തു സംവിധാനമാണ് അവർക്കുള്ളത്? കൊല്ലം ജില്ലയിൽത്തന്നെ ആശുപത്രിയിൽ ആരോഗ്യ പ്രവർത്തകരെ ആക്രമിച്ച സംഭവം മുൻപും ഉണ്ടായിട്ടുണ്ട്. കോഴിക്കോട് മെഡിക്കൽ കോളജിൽത്തന്നെ അതിഭീകരമായ ആക്രമണം ഡിവൈഎഫ്ഐ ഗുണ്ടകൾ നടത്തി. എന്നിട്ട് സർക്കാർ എന്തു ചെയ്തു?’

‘‘ഇവിടുത്തെ ക്രമസമാധാന നില തകർന്നു തരിപ്പണമായി. മയക്കുമരുന്നു മാഫിയ വിലസുകയാണ്. ഇവിടെ ഒരു നിയമവും പാലിക്കപ്പെടുന്നില്ല. ആർക്കും നിയമസംവിധാനത്തെ ഭയമില്ല. രണ്ടു ദിവസം മുൻപ് താനൂരിൽ നാം കണ്ടത് അതാണ്. ലൈസൻസില്ലെന്നു മാത്രമല്ല, മീൻ പിടിക്കുന്ന ബോട്ടിനെ ടൂറിസ്റ്റ് ബോട്ടാക്കാൻ കേരളത്തിലല്ലാതെ എവിടെ സാധിക്കും? 20 പേരെ കയറ്റാവുന്ന ബോട്ടിൽ 40 പേരെ കയറ്റി എന്നും സർവീസ് നടത്തുന്നു. ഇതൊക്കെ കേരളത്തിലല്ലാതെ എവിടെ നടക്കും? എല്ലാ നിയമങ്ങളും അവഗണിച്ച് മനുഷ്യക്കുരുതി നടത്താൻ ബോട്ടുടമയ്ക്ക് എങ്ങനെ സാധിച്ചു? സിപിഎം നേതാക്കളും ഈ ബോട്ടുടമയും തമ്മിലുള്ള ബന്ധമെന്താണ്? ആ ബോട്ടിൽ മയക്കുമരുന്ന് വിതരണം നടക്കുന്നതായി പൊലീസിന് വിവരം കിട്ടിയിട്ട് നാലു മാസമായി. എന്നിട്ട് എന്തു നടപടി സ്വീകരിച്ചു? മയക്കുമരുന്ന് ഉപയോഗം അന്വേഷിക്കാൻ ബോട്ടിൽ ഒരു പൊലീസ് ഉദ്യോഗസ്ഥനുണ്ടായിരുന്നു. മരിച്ചതിൽ ഒരാൾ ആ പൊലീസുകാരനാണ്. താനൂർ ദുരന്തത്തിൽ റിയാസും അബ്ദുൾ റഹിമാനും ഉത്തരവാദികളാണ്.’

‘‘വന്ദനയുടെ മരണത്തിൽ ആഭ്യന്തര വകുപ്പിന് ഉത്തരവാദിത്തമുണ്ട്. ഇതെല്ലാം സംഭവിച്ചത് മറ്റേതെങ്കിലും സംസ്ഥാനത്തായിരുന്നെങ്കിൽ എന്തെല്ലാം കോലാഹലങ്ങൾ നടക്കുമായിരുന്നു? മനഃസാക്ഷിയില്ലാത്ത നിലപാടാണ് പിണറായി വിജയൻ കൈക്കൊള്ളുന്നത്. അദ്ദേഹം താനൂരിൽ ചെന്ന് മുസ്‍ലിം ലീഗ്  നേതാവ് കുഞ്ഞാലിക്കുട്ടിയെയും തങ്ങളെയും ഇടതും വലതും നിർത്തി എല്ലാം പരിഹരിച്ചു. എന്താണിത്?’ – സുരേന്ദ്രൻ ചോദിച്ചു.

English Summary: K Surendran Takes A Dig At CM Pinarayi Vijayan Over The Murder of Dr. Vandana Das

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com