ADVERTISEMENT

കൊച്ചി∙ സന്ദീപിനെ പ്രൊസീജ്യർ റൂമിൽ കയറ്റിയപ്പോൾ പൊലീസ് എവിടെയായിരുന്നുവെന്ന് ഹൈക്കോടതി. അക്രമം കണ്ട് ഡോ. വന്ദന ദാസ് ഭയന്നുനിന്നപ്പോൾ പൊലീസ് രക്ഷയ്ക്ക് എത്തിയില്ലേയെന്നും കോടതി ചോദിച്ചു. വസ്തുത വസ്തുതയായി പറയണമെന്നും ഹൈക്കോടതി പൊലീസിനോട് ആവശ്യപ്പെട്ടു. കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തിൽ പൊലീസ് സമർപ്പിച്ച വിശദമായ റിപ്പോർട്ട് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിക്കുന്നതിനിടെയായിരുന്നു രൂക്ഷമായ ചോദ്യങ്ങൾ.

അതേസമയം, പൊലീസ് മേധാവി ഓൺലൈനായി കോടതിയിൽ ഹാജരായിരുന്നു. ആക്രമണം നടന്നത് എങ്ങനെയെന്ന് ഹൈക്കോടതിയിൽ ക്രമസമാധാന ചുമതലയുള്ള എഡിജിപി എം.ആർ. അജിത്കുമാർ വിശദീകരിച്ചപ്പോഴായിരുന്നു കോടതിയുടെ ചോദ്യങ്ങൾ. ആദ്യം വന്ന ഫോൺ കോൾ മുതൽ ഏറ്റവും ഒടുവിൽ എന്തുസംഭവിച്ചുവെന്ന് അക്കമിട്ട് നിരത്തിയാണ് കോടതിയിൽ പവർപോയിന്റ് പ്രസന്റേഷൻ വഴി എഡിജിപി വിശദീകരിച്ചത്.

സന്ദീപിന്റെ കാലിലെ മുറിവ് വൃത്തിയാക്കാനായി കാൽ താഴ്ത്തിവയ്ക്കാൻ നഴ്സ് ആവശ്യപ്പെട്ടു. എന്നാൽ ഇതിനു സന്ദീപ് തയാറായില്ല. ബന്ധു രാജേന്ദ്രൻ പിള്ള കാൽ ബലമായി താഴ്ത്തിയതാണ് സന്ദീപിനെ പ്രകോപിപ്പിച്ചെന്ന് എഡിജിപി കോടതിയെ അറിയിച്ചു. 

ആശുപത്രികളിൽ 24 മണിക്കൂറും സുരക്ഷ വേണം

ആശുപത്രികളിൽ 24 മണിക്കൂറും സുരക്ഷ വേണമെന്നും സുരക്ഷ നൽകേണ്ടതിന്റെ ഉത്തരവാദിത്തം സംസ്ഥാന പൊലീസ് മേധാവിക്കുമാണെന്നു ഹൈക്കോടതി. ഇത് സംവിധാനത്തിന്റെ തകർച്ചയാണെന്നും അന്വേഷണം വന്ദനയുടെ ആത്മാവിനു വേണ്ടിയെന്നും കോടതി. ഒട്ടേറെപ്പേർക്ക് ബുദ്ധിമുട്ടുണ്ടാക്കുന്ന സമരം തുടരേണ്ടതുണ്ടോയെന്നും കോടതി ചോദിച്ചു. 

പ്രതികളെയും അല്ലാത്തവരെയും വൈദ്യ പരിശോധനയ്ക്കായി ഡോക്ടർമാരുടെ മുന്നിലെത്തിക്കുമ്പോൾ പൊലീസ് സ്വീകരിക്കേണ്ട പ്രോട്ടോക്കോൾ സംബന്ധിച്ച വിവരങ്ങൾ  മൂന്നു ദിവസത്തിനുള്ളിൽ കോടതിക്കു നൽകും. ആശുപത്രികളുടെ സുരക്ഷയ്ക്കായി സംസ്ഥാന വ്യവസായ സുരക്ഷ സേനാംഗങ്ങൾക്കു പരിശീലനം നൽകി കൈമാറാൻ തയാറാണെന്നു പൊലീസ് അറിയിച്ചു. ഈ നിർദേശം സർക്കാരാണു പരിഗണിക്കേണ്ടത്. സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്, എഡിജിപി എം.ആർ.അനിൽ കുമാർ എന്നിവർ ഓൺലൈനിലൂടെ കോടതിയിൽ ഹാജരായി

ആക്രമണ സമയത്തു ഡോക്ടർ വന്ദന ദാസ് ഏകയായി പോയെന്നും ഭയന്നു നിശ്ചലയായി പോയെന്നും പൊലീസ് അറിയിച്ചു. മറ്റു ജീവനക്കാർ കയറിയ മുറിയിലേക്ക് കയറാൻ വന്ദനയോട് ആവശ്യപ്പെട്ടെങ്കിലും അവർ സ്തബ്ധയായി നിന്നുപോയി. ഇതിനിടെയെത്തിയ പ്രതി ആക്രമിക്കുകയായിരുന്നു. സംഭവങ്ങളുടെ സമയക്രമം, ഓരോരുത്തരും നിന്ന സ്ഥലങ്ങൾ ഉൾപ്പെടെ ആശുപത്രി മുറികളുടെ രേഖാ ചിത്രം തുടങ്ങിയവ കോടതിയിൽ പൊലീസ് വിശദീകരിച്ചു.

∙ സൈബർ പോരാളികൾക്കെതിരെ ഹൈക്കോടതി

വന്ദന ദാസിന്റെ കേസ് ബുധനാഴ്ച പരിഗണിക്കുന്നതിനിടെ ഹൈക്കോടതി നടത്തിയ പരാമർശങ്ങളെത്തുടർന്ന് സൈബർ ഇടങ്ങളിൽ ശക്തമായ വിമർശനം ഉയർന്നിരുന്നു. ആരാണ് വിമർശിക്കുന്നതെന്ന് അറിയാമെന്നും ഇത്തരം സംഭവങ്ങളിൽ കണ്ണടയ്ക്കില്ലെന്നും കോടതി വ്യക്തമാക്കി. കോടതിയുടെ വിശ്വാസം തകർക്കാനാകില്ല. കോടതിയുടെ ഉദ്ദേശ്യങ്ങളിൽനിന്നു വ്യതിചലിപ്പിക്കാൻ കഴിയില്ല. ഉത്തരവാദിത്തമാണ് ചെയ്യുന്നത്.

∙ ശബ്ദരേഖ ഹാജരാക്കി

കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ ഡോ. വന്ദന ദാസിനെ കുത്തിക്കൊലപ്പെടുത്തിയ ജി. സന്ദീപിന്റെ ഫോൺ ശബ്ദരേഖ പൊലീസ് കോടതിയിൽ ഹാജരാക്കി. ആദ്യം വിളിച്ചത് പുലർച്ചെ 1.06ന്, താൻ കിണറ്റിൽ ഒളിച്ചിരിക്കുന്നുവെന്നാണ് അതിൽ സന്ദീപ് പറയുന്നത്. 3.49ന് വിളിച്ച രണ്ടാം കോളിൽ അയൽവാസി തന്നെ കൊല്ലുമെന്നും ഇയാൾ പറയുന്നു.

English Summary: Kerala High Court on Dr. Vandana Das' murder

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com