ADVERTISEMENT

തിരുവനന്തപുരം∙ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ വൈദ്യപരിശോധനയ്ക്ക് എത്തിച്ചയാളുടെ കുത്തേറ്റ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടർ കൊല്ലപ്പെട്ടത് ഒറ്റപ്പെട്ട സംഭവമെന്ന് ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്. ലഹരിയുടെ അമിത ഉപയോഗം നിമിത്തമാണ് അക്രമി ഈ ക്രൂരത കാട്ടിയത്. വേദനാജനകമായ സംഭവമാണ് ഇത്. ലഹരിക്കെതിരായ പോരാട്ടം ശക്തമാക്കേണ്ട സമയമാണ് ഇതെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി അഭിപ്രായപ്പെട്ടു. ലഹരിക്കെതിരായ പോരാട്ടം ഡിവൈഎഫ്ഐ ഏറ്റെടുത്ത് ശക്തമാക്കുമെന്നും വി.കെ. സനോജ് വ്യക്തമാക്കി.

‘കേരളത്തിൽ വളരെ ഒറ്റപ്പെട്ട നിലയിലാണ് ഇങ്ങനെയൊരു സംഭവം ഇവിടെ ഉണ്ടായിട്ടുള്ളത്. ഇതിപ്പോൾ ലഹരിക്ക് അടിമപ്പെട്ട ഒരാൾ കാണിച്ചിട്ടുള്ള അക്രമമാണ്. ഇങ്ങനെയൊരു സംഭവത്തിന്റെ പശ്ചാത്തലത്തിൽ കുറച്ചുകൂടി ജാഗ്രതയോടു കൂടി നമ്മുടെ സമൂഹം ഇത്തരം വിഷയങ്ങളിൽ ഇടപെടേണ്ടതുണ്ട് എന്നാണ് മനസ്സിലാകുന്നത്’ – സനോജ് പറഞ്ഞു.

ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി.വസീഫ്, സംസ്ഥാന ട്രഷറർ എസ്.ആർ. അരുൺ ബാബു തുടങ്ങിയവർക്കൊപ്പമെത്തി സനോജ് ഡോക്ടര്‍ വന്ദന ദാസിന് അന്തിമോപചാരം അർപ്പിച്ചു. നേരത്തെ, വന്ദനാ ദാസിന്റെ മരണവുമായി ബന്ധപ്പെട്ട് ദുഃഖം രേഖപ്പെടുത്തി സനോജ് ഫെയ്സ്ബുക്കിൽ കുറിപ്പു പങ്കുവച്ചിരുന്നു. ആരോഗ്യ മേഖലയിലെ നേട്ടങ്ങളെല്ലാം ആവോളം അനുഭവിച്ച ജനത എന്ന നിലയ്ക്ക്, ആരോഗ്യപ്രവർത്തകരോടുള്ള കരുതലും അവർക്ക് നിർഭയം ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കലും സാമൂഹിക ഉത്തരവാദിത്തമാണെന്ന് സനോജ് ഇതിൽ കുറിച്ചിരുന്നു.

സനോജിന്റെ കുറിപ്പിന്റെ പൂർണരൂപം:

കേരള മനഃസാക്ഷിയെ ഞെട്ടിച്ച, അങ്ങേയറ്റം വേദനാജനകമായ വാർത്തയാണ് കൊട്ടാരക്കരയിൽ നിന്നും ഇന്നു രാവിലെ കേട്ടത്. പുലർച്ചെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിൽ പോലീസ് കസ്റ്റഡിയിൽ കൊണ്ടുവന്ന രോഗിയെ പരിശോധിക്കുന്നതിനിടെയാണ് അക്രമാസക്തനായ രോഗി കത്രിക കൊണ്ട് കുത്തി ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഹൗസ് സർജൻ ഡോ. വന്ദന ദാസിനെ മാരകമായി പരുക്കേൽപ്പിച്ചതും ഡോക്ടർ ഉടൻ തന്നെ മരണപ്പെട്ടതും.

സംഭവിക്കാൻ പാടില്ലാത്തതും അങ്ങേയറ്റം വേദനിപ്പിക്കുന്നതും ആയ സംഭവം ആരോഗ്യ പ്രവർത്തകർക്ക് മാത്രമല്ല, നമ്മുടെ പൊതുസമൂഹത്തിനാകെ നൽകുന്ന ആശങ്ക ചെറുതല്ല. ആരോഗ്യ സംരക്ഷണത്തിന്റെ വിവിധങ്ങളായ സൂചകങ്ങളിൽ നമ്മുടെ സംസ്ഥാനം എക്കാലവും ഉയർന്ന നിലവാരം കാത്തുസൂക്ഷിച്ചിട്ടുള്ളത് ആരോഗ്യപ്രവർത്തകരുടെ ഉന്നതമായ നൈതിക ബോധവും തൊഴിലിനോടുള്ള സമർപ്പണവും ത്യാഗസന്നദ്ധതയും ചേർന്ന പ്രവർത്തനങ്ങൾ കൊണ്ടാണ്. സമീപകാലത്ത് നിപ്പയുടെ സമയത്തും കോവിഡ് മഹാമാരിയുടെ കാലത്തും നാമത് അനുഭവിച്ചറിഞ്ഞതുമാണ്.

ആരോഗ്യ മേഖലയിലെ ഈ നേട്ടങ്ങളെല്ലാം ആവോളം അനുഭവിച്ച ജനത എന്ന നിലയ്ക്ക് ആരോഗ്യപ്രവർത്തകരോടുള്ള കരുതലും അവർക്ക് നിർഭയം ജോലി ചെയ്യാനുള്ള സാഹചര്യം ഒരുക്കിക്കൊടുക്കലും  സാമൂഹിക ഉത്തരവാദിത്തമാണ്. ഡോ വന്ദന ദാസിന്റെ കുടുംബത്തിൻ്റെ വേദനയിൽ ആത്മാർത്ഥമായി പങ്ക് ചേരുന്നു.

English Summary: Murder Of Doctor Vandana Is An Isolated Event, Says DYFI

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com