ADVERTISEMENT

കോട്ടയം ∙ പ്രചാരണഘട്ടം മുതൽ തന്നെ കോൺഗ്രസിന് മേൽകൈ ലഭിച്ച തിരഞ്ഞെടുപ്പ് സമീപകാലത്തൊന്നും ഉണ്ടായിട്ടില്ല. ഭൂരിപക്ഷം അഭിപ്രായ സർവേകളും പിന്നാലെയെത്തിയ എക്സിറ്റ് പോളുകളും കർണാടകയിൽ കോൺഗ്രസിന് മേൽകൈ പ്രവചിച്ചു. എന്നാൽ പ്രചാരണത്തിന്റെ അവസാന ആഴ്ചയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രംഗത്തിറക്കി നടത്തിയ റാലികളും റോഡ് ഷോകളും തിരഞ്ഞെടുപ്പു ചിത്രം മാറ്റിമറിയ്ക്കുമോയെന്ന ആശങ്ക കോൺഗ്രസ് ക്യാംപിൽ ഉയർന്നിരുന്നു. എന്നാൽ അവസാന ഘട്ടത്തിൽ ബിജെപി നടത്തിയ പ്രചണ്ഡ പ്രചാരണങ്ങളെയും മറികടന്നാണ് കോൺഗ്രസ് കർണാടകയിൽ ഭരണത്തിലേക്കടുക്കുന്നത്.

ബിജെപിക്ക് പിഴച്ചു, 2021 മുതൽ

ദക്ഷിണേന്ത്യയിലെതന്നെ ബിജെപിയുടെ ഏറ്റവും മുതിർന്ന നേതാവായ ബി.എസ്.യെഡിയൂരപ്പയെ 2021 ജൂലൈയിൽ മുഖ്യമന്ത്രി പദത്തിൽ നിന്നു മാറ്റി ബസവരാജ് ബൊമ്മെയെ പിൻഗാമിയായി അവരോധിച്ചതു മുതൽ പാർട്ടിക്കു പിഴച്ചു. കണ്ണീരോടെ യെഡിയൂരപ്പയ്ക്കു മുഖ്യമന്ത്രിപദത്തിൽ നിന്നു പടിയിറങ്ങേണ്ടി വന്നത് സംസ്ഥാന രാഷ്ട്രീയത്തിൽ പ്രബലമായ ലിംഗായത്ത് സമുദായത്തെ ബിജെപി അവഗണിച്ചെന്ന ആരോപണം ഉന്നയിക്കാൻ കോൺഗ്രസിന് അവസരമായി. പിന്നീടുള്ള നാളുകളിൽ സംസ്ഥാന ബിജെപി നേതൃത്വത്തിൽ യെഡിയൂരപ്പയുടെ സ്ഥാനം ചോദ്യചിഹ്നമാകുന്ന കാഴ്ചയാണ് കണ്ടത്. ബസവരാജ് ബൊമ്മെയ്കാകട്ടെ ഒരു ഘട്ടത്തിലും ജനപ്രിയ മുഖ്യമന്ത്രിയാകാൻ സാധിച്ചില്ല.

വിനയായി അഴിമതി ആരോപണങ്ങളും

സംസ്ഥാന സർക്കാരിന്റെ വിവിധ പദ്ധതികളുടെ നടത്തിപ്പിന് മന്ത്രിമാർ 40 ശതമാനം കമ്മീഷൻ ചോദിക്കുന്നുവെന്നു കോൺട്രാക്റ്റേഴ്സ് അസോസിയേഷൻ രേഖാമൂലം നൽകിയ പരാതിയും തുടർന്ന് പരാതിക്കാരിലൊരാളായ സന്തോഷ് പാട്ടീൽ ആത്മഹത്യ ചെയ്തതും ബൊമ്മെ സർക്കാരിന് വൻതിരിച്ചടിയായി. 2022 ൽ ഉയർന്ന ഈ പരാതി ഏറ്റെടുത്ത കോൺഗ്രസ്, ‘40 ശതമാനം കമ്മീഷൻ സർക്കാർ’ എന്ന പേരിൽ പ്രചാരണം ആരംഭിച്ചതോടെ ബിജെപി കനത്ത പ്രതിരോധത്തിലായി. ഈ പ്രചാരണം തിരഞ്ഞെടുപ്പു കാലം വരെ നിലനിർത്താൻ കോൺഗ്രസിനായി.

പാർട്ടി വിട്ട് മുൻ മുഖ്യമന്ത്രി, ഉപമുഖ്യമന്ത്രി

നിയമസഭാ തിരഞ്ഞെടുപ്പിൽ സീറ്റ് നിഷേധിക്കപ്പെട്ടതോടെ മുൻ മുഖ്യമന്ത്രി ജഗദീഷ് ഷെട്ടർ, മുന്‍ഉപമുഖ്യമന്ത്രിയും മുതിര്‍ന്ന നേതാവുമായ ലക്ഷ്മണ്‍ സാവദി തുടങ്ങി ഒരുപറ്റം നേതാക്കൾ പാർ‌ട്ടിവിട്ടതും ബിജെപിക്കു തിരിച്ചടിയായെന്നാണു വിലയിരുത്തൽ. രാജിവച്ച നേതാക്കളിൽ ഭൂരിപക്ഷവും കോൺഗ്രസിൽ ചേർന്നു തിരഞ്ഞെടുപ്പു രംഗത്തിറങ്ങി. ബിജെപിയുടെ സിറ്റിങ് എംഎല്‍എമാര്‍ക്ക് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നു രാംദുര്‍ഗ്, ജയനഗര്‍, ബെളഗാവി നോര്‍ത്ത് തുടങ്ങി നിരവധി മണ്ഡലങ്ങളിൽ അനുയായികള്‍ തെരുവിലിറങ്ങിയതും തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിച്ചതായാണ് സൂചന.

പ്രാദേശിക വിഷയങ്ങളിലൂന്നി കോൺ‌ഗ്രസ്

ഭരണവിരുദ്ധ വികാരം മറികടക്കാൻ ദേശീയ വീഷയങ്ങളിലൂന്നിയാണ് ബിജെപി പ്രചാരണം നടത്തിയത്. മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ, മുൻ മുഖ്യമന്ത്രി യെഡിയൂരപ്പ തുടങ്ങി സംസ്ഥാന നേതാക്കളെയെല്ലാം പിൻനിരയിലാക്കി ‘ഡബിൾ എൻജിൻ സർക്കാർ’ എന്ന മുദ്രാവാക്യം ഉയർത്തിയായിരുന്നു ബിജെപി പ്രചാരണം. പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കേന്ദ്രീകരിച്ചായിരുന്നു ബിജെപിയുടെ പ്രചാരണം. സംസ്ഥാനത്ത് 19 റാലികളും രണ്ട് റോഡ് ഷോകളും ഉൾപ്പെടെയാണ് പ്രചാരണകാലയളവിൽ മോദി സംസ്ഥാനത്ത് നടത്തിയത്. അതേസമയം, പ്രാദേശിക വിഷയങ്ങളിലൂന്നി ചടുലമായ പ്രചാരണമാണ് കോൺഗ്രസ് നടത്തിയത്. ദേശീയ വിഷയങ്ങൾക്കുപരിയായി താഴേത്തട്ടിൽ പ്രഭാവമുണ്ടാക്കുക പ്രാദേശിക വിഷയങ്ങളാകും എന്ന വിലയിരുത്തലിലായിരുന്നു ഇത്. പാചകവാതക വില വർധന സൂചിപ്പിച്ച് പ്രചാരണകാലയളവിൽ പലപ്പോഴും ഗ്യാസ് സിലിണ്ടറിനെ നോക്കി തൊഴുതുനിന്ന കർണാടക പിസിസി അധ്യക്ഷൻ ഡി.കെ.ശിവകുമാറിന്റെ വേറിട്ട പ്രചാരണരീതിയും ജനത്തെ സ്വാധീനിച്ചു.

ആശങ്കയായി വിഷപാമ്പ് പരാമർശം, ബജ്‌റങ്ദള്‍

കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടത്തിയ വിഷപ്പാമ്പ് പ്രയോഗത്തെ ബിജെപി പ്രചാരണായുധമാക്കി. കോൺഗ്രസ് 91 തവണ തന്നെ വ്യക്തിപരമായി അപമാനിച്ചെന്നു പറഞ്ഞ് പ്രചാരണത്തിനിടെ  ജനക്കൂട്ടത്തിന് മുന്നിൽ മോദി വികാരാധീനനായി. പിന്നാലെ ബജ്‌റങ്ദളിനെ വിലക്കുമെന്ന കോൺഗ്രസ് പ്രകടനപത്രികയിലെ വാഗ്ദാനം ബജ്‌റങ്ബലിയ്ക്കെതിരെ കോൺഗ്രസ് എന്ന നിലയിൽ ബിജെപി പ്രചാരണം കൊഴുപ്പിച്ചു. എന്നാൽ ഭൂരിപക്ഷ വോട്ടുകൾ‌ ബിജെപിയിലേക്കു കേന്ദ്രീകരിച്ചില്ലെന്നു മാത്രമല്ല മുസ്‌ലിം വോട്ടുകൾ കോൺഗ്രസിലേക്കു കേന്ദ്രീകരിക്കാനും ഇത് ഇടയാക്കിയെന്നാണ് വിലയിരുത്തൽ.

English Summary: Some factors that led Congress to victory position in Karnataka Assembly Elections 2023

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com