ADVERTISEMENT

തൃശൂർ ∙ യുവതി ഓടിച്ച കാർ, വൺവേ തെറ്റിച്ച് എത്തിയതിനെ തുടർന്ന് ഒരു മണിക്കൂർ ഗതാഗതം തടസ്സപ്പെട്ടു. ഗതാഗതം മുടങ്ങിയതോടെ യുവതിയും നാട്ടുകാരും തമ്മിൽ സംഘർഷമായി. വെള്ളാങ്കല്ലൂരിൽ വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ജോലി ഉൾപ്പെടെയുള്ള ആവശ്യങ്ങൾക്കായി നിരവധിയാളുകൾ തൃശൂർ ഭാഗത്തേക്കും ഇരിങ്ങാലക്കുട ഭാഗത്തേക്കും സഞ്ചരിക്കുന്ന സമയമായിരുന്നു ഇത്.

ആളൂർ സ്വദേശിയായ അഭിഭാഷകയാണ് കാറുമായി എത്തിയത്. കുറുക്കഞ്ചേരി മുതൽ കൊടുങ്ങല്ലൂർ വരെയുള്ള ഭാഗത്ത് സംസ്ഥാന ഹൈവേയിൽ വിവിധ ഇടങ്ങളിലായി റോഡ് പണി നടക്കുന്നുണ്ട്. ഈ പാതയിൽ വെള്ളാങ്കല്ലൂർ ഭാഗത്തുനിന്ന് ഉൾപ്പെടെ വാഹനങ്ങൾ വഴിതിരിച്ച് വിടുകയാണ് ചെയ്യുന്നത്. ഇവിടെ വഴി തിരിഞ്ഞ് പോകുന്നതിനായി മുന്നറിയിപ്പ് ബോർഡുകളും സ്ഥാപിച്ചിട്ടുണ്ട്. ഇതിനിടയിലാണ് യുവതി വൺവേ തെറ്റിച്ച് കാറുമായെത്തിയത്.

നടവരമ്പ് ഭാഗത്തുനിന്ന് വന്ന്, വെള്ളാങ്കല്ലൂർ ജങ്‌ഷൻ എത്തുന്നതിന് മുൻപായി ബസ് ഉൾപ്പെടെയുള്ളവ എതിരെ വന്നപ്പോൾ സൈഡ് ലഭിക്കാത്ത തരത്തിലാണ് ഇവർ കാർ നിർത്തിയത്. ആളുകൾ വണ്ടി മാറ്റാൻ ആവശ്യപ്പെട്ടെങ്കിലും വാഹനം നീക്കാനോ, പിറകിലേക്ക് എടുക്കാനോ യുവതി സമ്മതിച്ചില്ലെന്ന് നാട്ടുകാർ പറയുന്നു.  അഭിഭാഷകയാണെന്ന് പറഞ്ഞ ഇവർ വാഹനം പുറകോട്ട് എടുക്കാൻ വിസമ്മതിക്കുകയായിരുന്നു. ബസുകളടക്കം നിരവധി വാഹനങ്ങളാണ് ഇതുമൂലം വഴിയിൽ കുടുങ്ങിയത്.

ബസിലുണ്ടായിരുന്ന യാത്രക്കാർ പുറത്തിറങ്ങിയതോടെ യുവതി കാർ ഓഫാക്കി. പൊലീസ് എത്തിയാൽ മാത്രമേ പുറത്തേക്ക് ഇറങ്ങുകയുള്ളൂവെന്ന് നിലപാടെടുത്തു.  ഇതാണ് സംഘർഷത്തിലേക്കെത്തിയത്. ഈ സമയം ബസിൽനിന്ന് ഇറങ്ങിവന്ന സ്ത്രീ കയ്യേറ്റം ചെയ്‌തതായി യുവതിയും പരാതി നൽകി. യുവതിക്കെതിരെ ഗതാഗതം തടസ്സപ്പെടുത്തിയതിന് പൊലീസ് കേസെടുത്തു. ഒരു മണിക്കൂറോളം പ്രദേശത്ത് ഗതാഗത തടസ്സമുണ്ടായെന്ന് ഇരിങ്ങാലക്കുട പൊലീസ് പറഞ്ഞു. 

English Summary: Women stops car at oneway, creates traffic block at Thrissur

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com