ADVERTISEMENT

ബെംഗളൂരു ∙ കർണാടകയിൽ സിദ്ധരാമയ്യ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തതിനു പിന്നാലെ കോൺഗ്രസ് വിജയത്തിന്റെ രഹസ്യം വെളിപ്പെടുത്തി രാഹുൽ ഗാന്ധി. പാവങ്ങളുടെയും ദുർബലരുടെയും പിന്നാക്കക്കാരുടെയും ദലിതരുടെയും ഒപ്പം നിന്നതിനാലാണു നിയമസഭാ തിരഞ്ഞെടുപ്പിൽ ‌കോൺഗ്രസ് വിജയിച്ചത്. കർണാടകയിലെ ജനങ്ങളെ അഭിനന്ദിക്കുന്നതായും രാഹുൽ പറഞ്ഞു.

‘‘കർണാടകയിലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചതിന്റെ കാരണങ്ങളെപ്പറ്റി ധാരാളം അവലോകനങ്ങൾ മാധ്യമങ്ങളിൽ കണ്ടു. അനേകം സിദ്ധാന്തങ്ങൾ പലരും പങ്കുവച്ചു. ജയത്തിനു പിന്നിൽ ഒറ്റ കാരണമേയുള്ളൂ. പാവങ്ങൾക്കും ദുർബലർക്കും പിന്നാക്കക്കാർക്കും ദലിതർക്കും വേണ്ടിയാണു കോൺഗ്രസ് പോരാടിയത്. മറ്റൊരു തരത്തിൽ പറഞ്ഞാൽ, ബിജെപിക്കൊപ്പം സമ്പന്നരും പൊലീസും പണവുമാണ് ഉണ്ടായിരുന്നത്. അഴിമതിയും വെറുപ്പും ഉൾപ്പെടെയുള്ള എല്ലാത്തിനെയും കർണാടകക്കാർ തോൽപ്പിച്ചു.

കർണാടക ജനതയെ അഭിനന്ദിക്കുന്നു. കഴിഞ്ഞ 5 വർഷമായി ജനങ്ങൾ അനുഭവിക്കുന്ന ദുരിതത്തപ്പെറ്റി ഞാൻ ബോധവാനാണ്. കർണാടകയിൽ സ്നേഹം വിടരുമെന്ന് ഭാരത് ജോഡോ യാത്രയിൽ ഞങ്ങൾ പറഞ്ഞിരുന്നതു സംഭവിച്ചിരിക്കുന്നു. ഞങ്ങൾ വ്യാജ വാഗ്ദാനങ്ങൾ നൽകില്ല. പ്രകടന പത്രികയിലെ അഞ്ച് വാഗ്ദാനങ്ങളും ആദ്യ മന്ത്രിസഭാ യോഗത്തിൽതന്നെ പാസാക്കും. മധ്യവർ‌ഗത്തിന്റെ ക്ഷേമം സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. സുതാര്യവും അഴിമതിമുക്തവുമായ ഭരണം ഞങ്ങൾ കാഴ്ചവയ്ക്കും’’– രാഹുൽ പറഞ്ഞു.

കണ്ഠീരവ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങിൽ ഗവർണർ താവർചന്ദ് ഗെലോട്ടാണ് സിദ്ധരാമയ്യയ്ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തത്. ഡി.കെ.ശിവകുമാർ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. കോൺഗ്രസ് നേതാക്കളായ രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, പാർട്ടി അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ട്, തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിൻ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഛത്തിസ്ഗഢ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്‌വിന്ദർ സിങ് സുഖു, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി, സിപിഐ ജനറൽ സെക്രട്ടറി ഡി.രാജ, തെന്നിന്ത്യൻ താരം കമൽഹാസൻ തുടങ്ങിയവർ സത്യപ്രതിജ്ഞയ്ക്കെത്തി.

English Summary: 'Congress won for only 1 reason': In Rahul Gandhi's speech, all opposition leaders mentioned

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com