ADVERTISEMENT

തിരുവനന്തപുരം ∙ കെ.ആർ.നാരായണൻ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സിന്റെ ഡയറക്‌ടറായി ചലച്ചിത്ര-നാടക പ്രവർത്തകനും നടനുമായ പി.ആർ.ജിജോയിയെ നിയമിച്ചതായി മന്ത്രി ആർ.ബിന്ദു അറിയിച്ചു. നിലവിൽ പുണെ ഫിലിം ആൻഡ് ടെലിവിഷൻ ഇൻസ്റ്റിറ്റ്യൂട്ടിൽ (എഫ്ടിഐഐ) ചലച്ചിത്രവിഭാഗം ഡീനിന്റെ ചുമതല വഹിക്കുകയാണ് അദ്ദേഹം.

കാലിക്കറ്റ് സർവകലാശാലയ്ക്ക് കീഴിലെ സ്‌കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിൽനിന്ന് തിയറ്റർ ആർട്സിൽ ബിരുദം നേടിയ ജിജോയ്, പോണ്ടിച്ചേരി സർവകലാശാലയിൽനിന്ന് റാങ്കോടെ ഡ്രാമ ആൻഡ് തിയറ്റർ ആർട്സിൽ ബിരുദാനന്തര ബിരുദവും എംഫിലും നേടിയിട്ടുണ്ട്. 55 ചലച്ചിത്രങ്ങളിലും 40 നാടകങ്ങളിലും 25 ഹ്രസ്വചിത്രങ്ങളിലും 10 സീരിയലുകളിലും വേഷമണിഞ്ഞു. നാലു വൻകരകളിലായി 400 രാജ്യാന്തര നാടകമേളകളിൽ അഭിനേതാവായി പങ്കാളിയായി.

നാലു വർഷക്കാലം സ്‌കൂൾ ഓഫ് ഡ്രാമ ആൻഡ് ഫൈൻ ആർട്സിൽ അധ്യാപകനുമായിരുന്നു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിലെ പൂർവ വിദ്യാർഥിയാണ്. വിഖ്യാത ചലച്ചിത്രകാരൻ സയീദ് മിർസയെ ചെയർമാനായി നിയമിച്ചതിനു പിന്നാലെയാണ് പുതിയ ഡയറക്ടർ നിയമനം. പുതിയ നിയമനങ്ങള്‍ കെ.ആർ.നാരായണൻ ഇൻസ്റ്റിറ്റ്യൂട്ടിനെ രാജ്യത്തെ ചലച്ചിത്രപഠന സ്‌കൂളുകളുടെ ഒന്നാംനിരയിലേക്ക് ഉയർത്താൻ വേണ്ടിയാണെന്ന് മന്ത്രി പറഞ്ഞു. ജാതിവിവേചനം, സംവരണ അട്ടിമറി, പട്ടികജാതി വിദ്യാർഥികളുടെ ഗ്രാൻഡ് വൈകൽ തുടങ്ങി നിരവധി ആരോപണങ്ങളിൽ വിദ്യാര്‍ഥി സമരങ്ങളെ തുടർന്നാണ് മുൻ ഡയറക്ടർ ശങ്കർ മോഹൻ രാജിവച്ചത്. 

English Summary: P.R.Jijoy appointed as Director of KR Narayanan National Institute of Visual Science and Arts

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com