ADVERTISEMENT

ന്യൂഡൽഹി ∙ ജപ്പാനിലെ ഹിരോഷിമയിൽ ജി7 ഉച്ചകോടിക്കെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്തി. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ റഷ്യ–യുക്രെയ്ൻ യുദ്ധം ആരംഭിച്ച ശേഷമുള്ള ഇരുനേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയാണിത്. നേരത്തേ ഓൺലൈനിലൂടെ ഇരുനേതാക്കളും സംവദിച്ചിരുന്നു.

‘‘റഷ്യ–യുക്രെയ്ന്‍ യുദ്ധം ലോകത്തിലെ വലിയ പ്രശ്നമാണ്. ഇത് സമ്പദ് വ്യവസ്ഥയുടെയും രാഷ്ട്രീയത്തിന്റെയും മാത്രം പ്രശ്നമായി കാണുന്നില്ല. ഇത് മനുഷ്യത്വത്തിന്റെ പ്രശ്നമാണ്. യുദ്ധം അവസാനിപ്പിക്കുന്നതിനായി ഇന്ത്യയും ഞാനും പറ്റുന്നതെല്ലാം ചെയ്യും’’– സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ചയില്‍ മോദി വ്യക്തമാക്കി.

ജപ്പാന്റെ ക്ഷണത്തെ തുടർന്നാണ് യുക്രെയ്ൻ പ്രസിഡന്റും ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. കഴിഞ്ഞ മാസം യുക്രെയ്ന്‍ വിദേശകാര്യ ഉപമന്ത്രി എമീനെ സപറോവ ഇന്ത്യ സന്ദർശിച്ചിരുന്നു. സന്ദർശന വേളയിൽ, സെലൻസ്‌കി, പ്രധാനമന്ത്രിക്ക് അയച്ച കത്ത്, വിദേശകാര്യ സഹമന്ത്രി മീനാക്ഷി ലേഖിക്ക് സപറോവ കൈമാറി.

റഷ്യ-യുക്രെയ്ൻ സംഘർഷം ചർച്ചയിലൂടെയും നയതന്ത്രത്തിലൂടെയും മാത്രമേ പരിഹരിക്കാനാകൂവെന്നും ഏത് സമാധാന ശ്രമങ്ങൾക്കും ഇന്ത്യ തയാറാണെന്നും പ്രധാനമന്ത്രി നേരത്തേ വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വർഷം ഒക്‌ടോബർ നാലിന് സെലെൻസ്‌കിയുമായി നടത്തിയ ഫോൺ സംഭാഷണത്തിൽ, ഏത് സമാധാന ശ്രമങ്ങൾക്കും സംഭാവന നൽകാൻ ഇന്ത്യ തയാറാണെന്നും പ്രധാനമന്ത്രി വ്യക്തമാക്കി. യുദ്ധം ആരംഭിച്ചതിന് ശേഷം റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിനുമായി മോദി നിരവധി തവണ സംസാരിച്ചിട്ടുണ്ട്.

English Summary: PM Modi Meets Ukraine President Zelensky For First Time Since Russia's Invasion

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com