ADVERTISEMENT

ബെംഗളൂരു∙ കർണാടകയിൽ കോൺഗ്രസ് എംഎൽഎയും മലയാളിയുമായ യു.ടി.ഖാദർ സ്പീക്കറാകും. ഖാദറിനെ സ്പീക്കറാക്കുന്നതിനു ഹൈക്കമാൻഡ് അംഗീകാരം നൽകിയതായാണ് വിവരം. അമ്പത്തിമൂന്നുകാരനായ ഖാദർ, കഴിഞ്ഞ നിയമസഭയിൽ ഉപപ്രതിപക്ഷ നേതാവായിരുന്നു. കർണാടകയിൽ ന്യൂനപക്ഷ സമുദായത്തിൽനിന്നു സ്പീക്കർ സ്ഥാനത്തെത്തുന്ന ആദ്യ വ്യക്തിയാകും യു.ടി.ഖാദർ. കാസർകോട് ഉപ്പള പള്ളത്ത് കുടുംബാംഗമായ യു.ടി.ഖാദർ ദക്ഷിണ കന്നഡ ജില്ലയിലെ മംഗളൂരു മണ്ഡലത്തിൽനിന്നുള്ള സിറ്റിങ് എംഎൽഎയാണ്.

കർണാടകയുടെ ചുമതലയുള്ള രൺദീപ് സിങ് സുർജേവാലയും സംഘടനാ ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാലും ഖാദറുമായി നേരിട്ട് ചർച്ച നടത്തി. ഖാദർ ഇന്നു നാമനിർദേശപത്രിക സമർപ്പിക്കും. ബുധനാഴ്ചയാണ് സ്പീക്കർ തിരഞ്ഞെടുപ്പ്. ആർ.വി.ദേശ്പാണ്ഡെ, എച്ച്‌.കെ.പാട്ടീൽ, ടി.ബി.ജയചന്ദ്ര, ബസവരാജ് രായറെഡ്ഡി, ബി.ആർ.പാട്ടീൽ, കെ.എൻ.രാജണ്ണ തുടങ്ങിയ മുതിർന്ന പാർട്ടി നേതാക്കളെയും നേരത്തെ സ്പീക്കർ സ്ഥാനത്തേയ്ക്കു പരിഗണിച്ചിരുന്നു. മലയാളിയായ കെ.ജെ.ജോർജ് കഴിഞ്ഞദിവസം സിദ്ധരാമയ്യ സർക്കാരിൽ മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തിരുന്നു.

കർണാടക നിയമസഭയിൽ ഖാദറിന് ഇത്തവണ അ‍ഞ്ചാമൂഴമാണ്. ബിജെപിയിലെ സതീഷ് കുംപാലയെ 22,790 വോട്ടുകൾക്കാണ് ഖാദർ പരാജയപ്പെടുത്തിയത്. ഉപ്പള തുർത്തി സ്വദേശിയും മംഗളൂരു എംഎൽഎയുമായിരുന്ന പിതാവ് യു.ടി.ഫരീദിന്റെ കൈപിടിച്ചാണ് ഖാദർ രാഷ്ട്രീയത്തിലിറങ്ങിയത്. പിതാവിന്റെ മരണത്തെ തുടർന്ന് 2007ൽ നടന്ന ഉപതിരഞ്ഞെടുപ്പിൽ മൽസരിച്ച് ആദ്യമായി നിയമസഭയിലെത്തി. സിദ്ധരാമയ്യ സർക്കാരിൽ ഭക്ഷ്യമന്ത്രിയായിരുന്നു.

English Summary: Congress picks UT Khader for Karnataka speaker post

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com