ലോകത്തെ ഏറ്റവും ദുരിതരാജ്യമായി സിംബാബ്വെ; തൊഴിലില്ലായ്മയിൽ വലഞ്ഞ് ഇന്ത്യ

Mail This Article
വാഷിങ്ടൻ∙ ലോകത്ത് ഏറ്റവും ദുരിതം നേരിടുന്ന രാജ്യമായി സിംബാബ്‌വെ. സാമ്പത്തിക ശാസ്ത്രജ്ഞൻ സ്റ്റീവ് ഹാങ്കേയുടെ ദുരിത സൂചിക റിപ്പോർട്ടിലാണ് സിംബാബ്‌വെ ലോകത്തു തന്നെ ഏറ്റവും മോശാവസ്ഥയിലാണെന്നു വ്യക്തമാക്കുന്നത്. യുദ്ധദുരിതമനുഭവിക്കുന്ന യുക്രെയ്ൻ, സിറിയ, സുഡാൻ എന്നിവയേക്കാളും ദുരിതപൂർണമാണ് സിംബാബ്‌വെ എന്നാണ് ഈ റിപ്പോർട്ടിൽ പറയുന്നത്. രാജ്യങ്ങളെ സാമ്പത്തിക സ്ഥിതി വച്ചാണ് ഇതിൽ വിലയിരുത്തിയിട്ടുള്ളത്. ന്യൂയോർക്ക് പോസ്റ്റിലെ റിപ്പോർട്ടു പ്രകാരം 157 രാജ്യങ്ങളിലെ സാഹചര്യങ്ങളാണ് ഈ വിലയിരുത്തലിൽ പരിഗണിച്ചത്.
സിംബാബ്‌വെയിൽ അനുഭവപ്പെടുന്ന തീവ്രവിലക്കയറ്റം, പണപ്പെരുപ്പം എന്നിവയെല്ലാം ദുരിതം വർധിപ്പിച്ചെന്നാണ് വിലയിരുത്തൽ. മുൻവർഷം 243.8 ശതമാനമായാണ് രാജ്യത്തെ പണപ്പെരുപ്പം ഉയർന്നത്. കൂടാതെ രൂക്ഷമായ തൊഴിലില്ലായ്‌മ, ഉയർന്ന പലിശ നിരക്ക്, പിന്നോട്ടുളള ജിഡിപി വളർച്ച തുടങ്ങിയവയാണ് പ്രധാന വിഷയമായി റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്.
സിംബാബ്‍വെ ഭരിക്കുന്ന സിംബാബ്‍വെ ആഫ്രിക്കൻ നാഷനൽ പാർട്ടി – പാട്രിയോട്രിക് ഫ്രണ്ട് എന്ന രാഷ്ട്രീയ കക്ഷിയുടെ നയങ്ങളാണ് രാജ്യത്തെ ദുരിതത്തിലേക്ക് നയിച്ചതെന്ന് ഹാങ്കേ റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നുണ്ട്. വെനസ്വേല, സിറിയ, ലെബനൻ, സുഡാൻ, അർജന്റീന, യെമൻ, യുക്രെയ്ൻ, ക്യൂബ, തുർക്കി, ശ്രീലങ്ക, ഹെയ്തി, അങ്കോള, ടോംഗ, ഘാന തുടങ്ങിയവയാണ് ദുരിതം നേരിടുന്ന രാജ്യങ്ങളുടെ പട്ടികയിൽ ആദ്യ പതിനഞ്ചിലുളളത്.
പട്ടികയിൽ മികച്ച സ്‌കോർ സ്വിറ്റ്സർലാൻഡിനാണ്. കുവൈത്താണ് രണ്ടാമത്തെ സന്തുഷ്ടരാജ്യം. അയർലൻഡ്, ജപ്പാൻ, മലേഷ്യ, തയ്‌വാൻ, നൈജർ, തായ്‌ലാൻഡ്, ടോഗോ, മാൾട്ട തുടങ്ങിയവയാണ് പിന്നീടുള്ള സ്ഥാനക്കാർ. ഈ പട്ടികയിൽ ഇന്ത്യ നൂറ്റിമൂന്നാമതാണ്. തൊഴിലില്ലായ്മയാണ് ഇന്ത്യയിലെ പ്രശ്നമായി ഉയർത്തിക്കാട്ടുന്നത്. ദിവസം കഴിയുന്തോറും തൊഴിലില്ലായ്മ ഇന്ത്യയിൽ രൂക്ഷമാകുകയാണെന്നും റിപ്പോർട്ടിൽ പറയുന്നു.
ഇതിൽ 134ാം സ്ഥാനത്താണ് അമേരിക്ക. ഇവിടെ തൊഴിലില്ലായ്‌മയ്ക്കൊപ്പം വിലക്കയറ്റവും പ്രശ്നങ്ങൾ സൃഷ്ടിക്കുന്നു. ജോൺ ഹോപ്‍കിൻസ് സർവകലാശാലയിലെ അപ്ലൈഡ് എക്കണോമിക്സ് പ്രഫസറാണ് സ്റ്റീവ് ഹാങ്കേ.
English Summary: Zimbabwe named most miserable country in the World