ന്യൂഡൽഹി∙ പുതിയ ഉയരങ്ങളിലേക്ക് കുതിക്കുന്ന ഇന്ത്യ, പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കീഴിൽ ലോകത്തെ വൻശക്തിയാകുകയാണെന്ന് ബിജെപി നേതാവ് രവിശങ്കർ പ്രസാദ്. ലോകത്ത്, അനുദിനം ഇന്ത്യയുടെ സ്വീകാര്യത വർധിക്കുകയാണ്. ഇത് നരേന്ദ്രമോദിയുടെ നേതൃപാടവത്തിലൂടെയാണ്. ഇന്ത്യയുടെ സാമ്പത്തികരംഗം അതിവേഗം പുരോഗതിയിലാണ്. ഇത് ഇന്ത്യയെ വൻശക്തിയാക്കും. ലോകരാഷ്ട്രങ്ങൾക്കിടയിൽ സ്വീകാര്യത വർധിപ്പിച്ചാണ് നരേന്ദ്രമോദി ത്രിരാഷ്ട്ര സന്ദർശനം പൂർത്തിയാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ഇതിനിടെ ത്രിരാഷ്ട്ര സന്ദർശനം പൂർത്തിയാക്കി രാജ്യത്ത് മടങ്ങിയെത്തിയ പ്രധാനമന്ത്രിക്ക് ബിജെപി പ്രവർത്തകർ വൻ സ്വീകരണം നൽകി.
ഇന്ത്യ എന്താണ് ചിന്തിക്കുന്നതെന്നാണ് ലോകരാഷ്ട്രങ്ങൾക്ക് അറിയേണ്ടതെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. 'ഇന്ത്യ, ബുദ്ധന്റെയും, മഹാത്മാ ഗാന്ധിയുടേയും നാടാണ്. ഞങ്ങൾ ശത്രുക്കളെപോലും സ്‌നേഹിക്കും– ഈ സന്ദേശമാണ് ലോകനേതാക്കളോട് വ്യക്തമാക്കിയത്'-പ്രധാനമന്ത്രി പറഞ്ഞു. ജപ്പാൻ, പാപുവ ന്യൂഗിനി, ഓസ്ട്രേലിയ എന്നിവിടങ്ങളാണ് പ്രധാനമന്ത്രി സന്ദർശിച്ചത്. ഇവിടങ്ങളിൽ അന്‍പതോളം പരിപാടികളിലും അദ്ദേഹം പങ്കെടുത്തു. ജി7 ഉച്ചകോടിക്കിടെ പന്ത്രണ്ട് ആഗോള നേതാക്കളുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി.
English Summary: India emerging as new Superpower under Narendramodi's leadership says BJP leader