തിരുവനന്തപുരം ∙ കേരളം വീണ്ടും ഗുരുതര സാമ്പത്തിക പ്രതിസന്ധിയിലേക്ക്. സംസ്ഥാനത്തിന് എടുക്കാവുന്ന വായ്പ വൻതോതിൽ കേന്ദ്രം വെട്ടിക്കുറച്ചു. 32,500 കോടിരൂപ വായ്പയെടുക്കാൻ കഴിയുമെന്നാണ് നേരത്തെ കേന്ദ്രം അറിയിച്ചതെങ്കിലും 15,390 കോടി രൂപ വായ്പയെടുക്കാൻ മാത്രമാണ് അനുമതി നൽകിയത്. 17,110 കോടിയുടെ കുറവ്. കഴിഞ്ഞ വര്‍ഷം 23,000 കോടിരൂപയുടെ വായ്പയാണ് അനുവദിച്ചത്. അതു കണക്കാക്കിയാൽ 7610 കോടിയുടെ കുറവ്. തീരുമാനം സർക്കാരിനു വലിയ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് ധനമന്ത്രിയുടെ ഓഫിസ് വ്യക്തമാക്കി.
വായ്പ വെട്ടിക്കുറച്ചതിന്റെ കാരണം കേന്ദ്രം വ്യക്തമാക്കിയിട്ടില്ല. കിഫ്ബിയുടെ പേരിൽ എടുത്ത വായ്പകളുടെ പേരിലാണ് തുക വെട്ടിക്കുറച്ചതെന്നാണ് ലഭിക്കുന്ന വിവരം. കിഫ്ബിയും ക്ഷേമപെൻഷൻ കമ്പനിയും വഴിയെടുത്ത ലോണുകൾ കേരളത്തിന്റെ വായ്പാപരിധിയിൽനിന്ന് വെട്ടിക്കുറയ്ക്കുമെന്ന് കേന്ദ്രം നേരത്തെ വ്യക്തമാക്കിയിരുന്നു. പ്രതീക്ഷിച്ച നടപടിയാണിതെന്നാണ് ധനവകുപ്പ് പറയുന്നത്. സർക്കാരിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടതയി സിഎജി റിപ്പോർട്ട് പുറത്തുവന്നെങ്കിലും സർക്കാർ ജീവനക്കാരുടെ ആനുകൂല്യങ്ങളും ക്ഷേമപെൻഷനുകളും പൂർണമായി നൽകാനായിട്ടില്ല. വായ്പാ പരിധി കുറച്ചത് സർക്കാരിന്റെ സാമ്പത്തിക പ്രവർത്തനങ്ങളെ പരുങ്ങലിലാക്കും.
ഈ സാമ്പത്തിക വര്‍ഷം കേരളത്തിന് 32,440 കോടി രൂപ വായ്പയെടുക്കാമെന്ന് കേന്ദ്രം അറിയിച്ചിരുന്നു. കുറവ് വരുത്തിയ വിവരം വെള്ളിയാഴ്ചയാണ് അറിയിച്ചത്. കഴിഞ്ഞ വർഷം 32,400 കോടിരൂപ വായ്പയെടുക്കാമെന്നായിരുന്നു കേന്ദ്രം അറിയിച്ചത്. അനുവദിച്ചത് 23,000 കോടിയും. കിഫ്ബിയും ക്ഷേമപെന്‍ഷന്‍ കമ്പനിയുമെടുത്ത 14,312 കോടിയുടെ വായ്പ കേരളത്തിന്‍റെ വായ്പാ പരിധിയില്‍നിന്ന് വെട്ടിക്കുറയ്ക്കാനാണ് കേന്ദ്രത്തിന്‍റെ തീരുമാനം. ചെലവുകള്‍ വന്‍തോതില്‍ വെട്ടിക്കുറച്ചതോടെ സംസ്ഥാനത്തിന്റെ ധനസ്ഥിതി മെച്ചപ്പെട്ടിരുന്നു. ദൈനംദിന കാര്യങ്ങള്‍ തടസ്സമില്ലാതെ മുന്നോട്ടു കൊണ്ടുപോകാം എന്നതിനപ്പുറത്തേക്ക് സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടിട്ടില്ല.
സര്‍ക്കാര്‍ ജീവനക്കാരുടെയും യുജിസി അധ്യാപകരുടെയും ശമ്പള പരിഷ്കരണ കുടിശിക, ലീവ് സറണ്ടര്‍ എന്നിവ കൊടുത്തുതീര്‍ത്തിട്ടില്ല. മാസം തോറും ക്ഷേമപെന്‍ഷന്‍ വിതരണം ചെയ്യാനും സാഹചര്യമായില്ല. മാര്‍ച്ച് മുതലുള്ള മൂന്നുമാസത്തെ ക്ഷേമപെന്‍ഷന്‍ ഇപ്പോള്‍ കുടിശികയാണ്.
English Summary: Center has cut the loan limit for Kerala