ന്യൂഡൽഹി ∙ ഡേറ്റ ചോർത്തുന്ന ‘ദാം’ എന്ന ആൻഡ്രോയിഡ് മാൽവെയർ മൊബൈൽ ഫോണുകളിൽ വ്യാപമാകുന്നതായി ദേശീയ സൈബർ സുരക്ഷാ ഏജൻസിയുടെ മുന്നറിയിപ്പ്. കോൾ റെക്കോർഡുകൾ, കോൺടാക്‌റ്റുകൾ, ഹിസ്റ്ററി, ക്യാമറ തുടങ്ങിയവ ഹാക്ക് ചെയുന്നതാണ് ഈ മാൽവെയറിന്‍റെ പ്രത്യേകത.
ആന്‍റിവൈറസ് പ്രോഗ്രാമുകളെ മറികടക്കാനും ടാർഗെറ്റ് ചെയ്‌ത ഉപകരണങ്ങളിൽ റാൻസംവെയർ വിന്യസിക്കാനും ഈ മാൽവെയറിന് കഴിയുമെന്ന് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം അറിയിച്ചു. തേർഡ് പാർട്ടി വെബ്സൈറ്റുകൾ, വിശ്വസനീയമല്ലാത്ത/അജ്ഞാത ഉറവിടങ്ങളിൽനിന്ന് ഡൗൺലോഡ് ചെയ്‌ത ആപ്ലിക്കേഷനുകൾ എന്നിവയിലൂടെയാണ് പ്രധാനമായും ഈ മാൽവെയർ വ്യാപിക്കുന്നത്.
ഇവ മൊബൈൽ ഫോണിൽ ഇടംപിടിച്ച് കഴിഞ്ഞാൽ സുരക്ഷാ പരിശോധനയെ മറികടക്കാൻ ശ്രമിക്കും. ശ്രമം വിജയിച്ചാൽ വിലപിടിപ്പുള്ള ഡേറ്റ, ഹിസ്റ്ററി, ബുക്ക്‌മാർക്കുകൾ തുടങ്ങിയവ ചോര്‍ത്തും. പശ്ചാത്തലത്തിലുള്ള ആപ്പുകളുടെ പ്രവർത്തനം ഇല്ലാതാക്കും. ഫോൺ കോളുകളുടെ വിവരം, കോൺടാക്റ്റുകൾ എന്നിവ ഹാക്ക് ചെയൽ, ക്യാമറ, പാസ്‌വേഡുകൾ, സ്‌ക്രീൻഷോട്ടുകൾ, എസ്എംഎസുകൾ, ഫയലുകൾ ഡൗൺലോഡ് ചെയ്യുക/അപ്‌ലോഡ് ചെയ്യുക തുടങ്ങിയവ മാൽവെയറിന്‍റെ നിയന്ത്രണത്തിലാകും.
വിശ്വാസമില്ലാത്ത വെബ്‌സൈറ്റുകളും ലിങ്കുകളും ക്ലിക്ക് ചെയ്യരുതെന്ന് ഇന്ത്യൻ കംപ്യൂട്ടർ എമർജൻസി റെസ്‌പോൺസ് ടീം അറിയിച്ചു. ഇ–മെയിലുകളിലും എസ്എംഎസുകളിലും നൽകിയിരിക്കുന്ന ലിങ്കിൽ ക്ലിക്ക് ചെയ്യുമ്പോൾ ജാഗ്രത പാലിക്കണം. അപ്‌ഡേറ്റ് ചെയ്‌ത ആന്‍റി വൈറസും ആന്‍റിസ്‌പൈവെയർ സോഫ്റ്റ്‌വെയറും ഇൻസ്റ്റാൾ ചെയ്യണമെന്നും നിർദേശമുണ്ട്.
English Summary: Central Agency Warns Of Phone Virus That Hacks Into Call Logs, Camera