മലപ്പുറം∙ മലപ്പുറം തിരൂരിൽ നിന്നു കാണാതായ വ്യാപാരി, കോഴിക്കോട് ഒളവണ്ണയിൽ ഹോട്ടൽ നടത്തുന്ന തിരൂർ ഏഴൂർ മേച്ചേരി സിദ്ദീഖിനെ (58) കൊലപ്പെടുത്തിയത് സ്വന്തം ജീവനക്കാരനും സുഹൃത്തുക്കളുമെന്ന് സംശയം. സംഭവവുമായി ബന്ധപ്പെട്ട് ചെന്നൈയിൽനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്ത ഷിബിലി, സിദ്ദിഖിന്റെ ഹോട്ടലിലെ ജീവനക്കാരനായിരുന്നു. ഒപ്പം പിടിയിലായ ഫർഹാന ഷിബിലിയുടെ പെൺസുഹൃത്താണ്. ഫർഹാനയുടെ സുഹൃത്ത് ചിക്കു എന്ന ആഷിക്കാണ് പിടിയിലായ മൂന്നാമൻ. ഇതിൽ ഷിബിലിക്ക് പ്രായം 22 വയസ് മാത്രമാണ്. ഫർഹാനയ്ക്ക് 18 വയസ്സും.
ഹോട്ടലിലെ മേൽനോട്ടക്കാരനായിരുന്നു ഷിബിലിയെന്നാണ് വിവരം. വെറും രണ്ട് ആഴ്ച മാത്രമാണ് ഷിബിലി ഹോട്ടലിൽ ജോലി നോക്കിയത്. ഇതിനിടെ മറ്റ് തൊഴിലാളികൾ ഷിബിലിയുടെ പെരുമാറ്റ ദൂഷ്യത്തെപ്പറ്റി പരാതിപ്പെട്ടിരുന്നു. ഷിബിലിയ്ക്ക് കുറച്ചു ദിവസത്തെ ശമ്പളം നൽകാനുണ്ടായിരുന്നു. അതു കൊടുത്ത് അവരെ കടയിൽനിന്ന് ഒഴിവാക്കുകയായിരുന്നുവെന്നാണ് സിദ്ദിഖിന്റെ കുടുംബത്തിന്റെ ഭാഷ്യം.
ആഷിക്കിന്റെ സാന്നിധ്യത്തിലാണ് കൊലപാതകം നടന്നതെന്നാണ് വിവരം. ഫർഹാനയുടെ പ്രേരണയിലാണ് ആഷിക്ക് കൊലപാതകത്തിന്റെ ഭാഗമായതെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. നിലവിൽ ഈ മൂന്നു പേരാണ് പൊലീസിന്റെ കസ്റ്റഡിയിലുള്ളത്. കൂടുതൽ പേർക്ക് കുറ്റകൃത്യത്തിൽ പങ്കുണ്ടോയെന്ന് അന്വേഷിച്ചു വരികയാണ്. സിദ്ദിഖിന്റെ മരണവുമായി ബന്ധപ്പെട്ട് ഹണിട്രാപ്പുമായി ബന്ധപ്പെട്ട സംശയങ്ങളും ഉയരുന്നുണ്ട്. ഇതും അന്വേഷണ പരിധിയിലുണ്ട്.
അട്ടപ്പാടിക്കു സമീപം അഗളിയിൽ നടക്കുന്ന പൊലീസ് തെളിവെടുപ്പിനായി ആഷിക്കിനെ കൊണ്ടുപോകുമെന്നാണ് വിവരം. മൃതദേഹം കഷ്ണങ്ങളാക്കി മുറിച്ച് ട്രോളിബാഗിൽ ഉപേക്ഷിച്ചതിനെക്കുറിച്ച് ആഷിക്കിനാണ് അറിവുള്ളതെന്നാണ് പ്രാഥമിക വിവരം. പെട്ടികൾ ഇവിടെ ഉപേക്ഷിക്കുമ്പോൾ കാറിൽ ആഷിക്കുമുണ്ടായിരുന്നു.
സിദ്ദീഖിനെ കാണാതായതിനു പിന്നാലെ അക്കൗണ്ടിൽനിന്ന് തുടർച്ചയായി പലയിടങ്ങളിൽനിന്നായി പണം പിൻവലിച്ചിരുന്നു. ഇതിൽ രണ്ട് പുരുഷൻമാരും ഒരു സ്ത്രീയുമാണുള്ളതെന്ന് കണ്ടെത്തിയിരുന്നു. ഇത് ഷിബിലി, ആഷിക്ക്, ഫർഹാന എന്നിവരാണെന്നാണ് വിവരം. കോഴിക്കോട്, അങ്ങാടിപ്പുറം, പെരിന്തൽമണ്ണ ഭാഗങ്ങളിൽ നിന്നാണ് പണം പിൻവലിച്ചത്. ഏതാണ്ട് മുഴുവൻ തുകയും അക്കൗണ്ടിൽനിന്ന് പിന്‍വലിച്ചിട്ടുണ്ടെന്നും മകൻ പറഞ്ഞു.
English Summary: Kozhikode Hotel Owner Siddique Murder Case, Police Takes Three Into Custody