Tirur Hotel Owner Murder

അരുംകൊല ജി4 മുറിയിൽ, ഫർഹാനയുടെ വരവെന്തിന്?; ഉത്തരമില്ലാതെ 6 ചോദ്യങ്ങൾ

siddique-murder
SHARE

കോഴിക്കോട്∙ ഹോട്ടൽ ഉടമയെ കൊലപ്പെടുത്തി മൃതദേഹം കഷണങ്ങളാക്കി ട്രോളി ബാഗിൽ അഗളിയിൽ തള്ളിയ കേസിൽ മൂന്ന് പ്രതികൾ പൊലീസ് കസ്റ്റഡിയിൽ. തിരൂർ മേച്ചേരി സിദ്ദീഖ് കൊല്ലപ്പെട്ട കേസിൽ ദുരൂഹതകളുടെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ സംഘം.  കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം പൂർത്തിയാക്കിയ മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകി. 

സിദ്ദീഖിന്റെ ഉടമസ്ഥതയിലുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്ന ചെർപ്പുളശേരി സ്വദേശി ഷിബിലി(22), സുഹൃത്ത് ഫർഹാന(18) എന്നിവർ ചെന്നൈയിൽ നിന്നാണ് പിടിയിലായത്. തമിഴ്നാട് പൊലീസ് പിടികൂടിയ പ്രതികളെ അർധരാത്രിയോടെ മലപ്പുറത്ത് എത്തിക്കും. കൂട്ടുപ്രതിയും ഫർഹാനയുടെ സുഹൃത്തുമായ ആഷിക്കിനെ മൃതദേഹം തള്ളിയ അഗളിയിൽ എത്തിച്ച് തെളിവെടുപ്പ് പൂർത്തിയാക്കി. എരഞ്ഞിപ്പാലത്തെ ഡി കാസ ഹോട്ടലിൽ ജി3, ജി4 എന്നിങ്ങനെ രണ്ട് മുറികളാണ് സിദ്ദീഖിന്റെ പേരിൽ എടുത്തത്. ഇതിൽ ജി4 റൂമിൽ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രോളി ബാഗിൽ കാറിൽ കയറ്റിക്കൊണ്ടു പോവുന്ന സിസിടിവി ദൃശ്യങ്ങളും ലഭിച്ചു. 

സിദ്ദീഖിന്റെ അക്കൗണ്ടിൽനിന്ന് എടിഎം കാർഡ് വഴി രണ്ട് ലക്ഷത്തോളം രൂപ തട്ടിയെടുത്തതിന്റെ സിസിടിവി ദൃശ്യങ്ങളെ പിന്തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതികളെക്കുറിച്ചുള്ള സൂചന ലഭിച്ചത്. കൊലപാതകത്തിൽ ഷിബിലിയെയും ആഷിഖിനെയും ബന്ധപ്പെടുത്തുന്ന കണ്ണിയായി പ്രവർത്തിച്ച ഫർഹാനയുടെ പങ്കാണ് കേസന്വേഷണത്തിലൂടെ ഇനി പ്രധാനമായി പുറത്തു വരാനുളളത്.

ദുരൂഹതകള്‍ ബാക്കി

പ്രതികള്‍ പിടിയിലായിട്ടും സിദ്ദീഖിന്റെ കൊലപാതകത്തില്‍ ഒട്ടേറെ ദുരൂഹതകള്‍ ബാക്കിയാണ്. എന്തിന് വേണ്ടിയാണ് പ്രതികള്‍ സിദ്ദീഖിനെ കൊന്നതെന്നതിന് വ്യക്തമായ ഉത്തരം ഇനിയുമായിട്ടില്ല. സിദ്ദീഖിനെ ഹണിട്രാപ്പില്‍ പെടുത്തിയിട്ടുണ്ടോയെന്നും സംശയിക്കുന്നുണ്ട്. സിദ്ദീഖിന്റെ ഒളവണ്ണയിലുള്ള ഹോട്ടലിലെ ജീവനക്കാരനായിരുന്ന ഷിബിലിയെ സ്വഭാവദൂഷ്യത്തിന്റ പേരില്‍ പിരിച്ചുവിട്ടിരുന്നു. ഇതിന്റെ പകയാകാം കൊലപാതകത്തിന് കാരണമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. എന്നാല്‍ ജോലിയില്‍ നിന്ന് ഒഴിവാക്കിയതിന്റെ പേരില്‍ മാത്രം ഇത്തരമൊരു നിഷ്ഠൂരമായ കൊലപാതകം നടത്തുമോ എന്നും ചോദ്യമുയരുന്നു.

ഷിബിലിയുമായി വ്യക്തിവിരോധമുണ്ടെങ്കില്‍ സിദ്ദീഖ് അവര്‍ക്കൊപ്പം എന്തിന് ഹോട്ടലില്‍ വന്ന് മുറിയെടുത്തു, അതും കോഴിക്കോട് നഗരത്തില്‍ സിദ്ദീഖിന് സ്വന്തമായി ഹോട്ടലുള്ളപ്പോള്‍. സിദ്ദീഖിന്റെ പേരില്‍ തന്നെയാണ് രണ്ട് മുറിയും ബുക്ക് ചെയ്തിരുന്നത്. വൈരാഗ്യം തീര്‍ക്കുക മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍ പ്രതികള്‍ സിദ്ദീഖിന്റെ രണ്ട് ലക്ഷത്തോളം രൂപ അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തത് എന്തിനാണ്? ഷിബിലിക്കും ഫര്‍ഹാനയ്ക്കും ഒപ്പം പിടിയിലായ ആഷിക്കിന്‍റെ പങ്ക് എന്താണന്നതും ദൂരൂഹമായി തുടരുന്നു.

സിദ്ദീഖിനെ പ്രതികള്‍ ഹണിട്രാപ്പില്‍ പെടുത്തിയോ? കൊലപാതകം നടത്താന്‍ നഗരമധ്യത്തില്‍ സിസിടിവി നിരീക്ഷണമുള്ള ഹോട്ടല്‍ തന്നെ എന്തിന് പ്രതികള്‍ തിരഞ്ഞെടുത്തു? മൃതദേഹം വെട്ടിനുറുക്കിയത് തെളിവ് നശിപ്പിക്കാനായിരുന്നോ? കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ?  സംശയങ്ങള്‍ ഒന്നിനുപിറകെ ഒന്നായി നീളുകയാണ്. ഈ മാസം 18നാണോ 19നാണോ സിദ്ദീഖ് കൊല്ലപ്പെട്ടതെന്ന കാര്യവും സ്ഥിരീകരിക്കാനായിട്ടില്ല. മുഖ്യപ്രതികളായ ഷിബിലിയെയും ഫര്‍ഹാനയെയും വിശദമായി ചോദ്യം ചെയ്യുന്നതിലൂടെ ദുരൂഹത ഒഴിയുമെന്ന പ്രതീക്ഷയിലാണ് അന്വേഷണസംഘം.

6 ചോദ്യങ്ങൾക്കാണ് അന്വേഷണസംഘം ഉത്തരം തേടുന്നത്

1. ഈ സംഭവത്തിൽ ഹണിട്രാപ്പ് നടന്നിട്ടുണ്ടോ?

2 ഷിബിലിയുമായി വ്യക്തിവിരോധമുണ്ടെങ്കില്‍ സിദ്ദീഖ് അവര്‍ക്കൊപ്പം എന്തിന് ഹോട്ടലില്‍ വന്ന് മുറിയെടുത്തു?

3 സിസിടിവി നിരീക്ഷണമുള്ള ഹോട്ടല്‍ തന്നെ എന്തിന് പ്രതികള്‍ കൃത്യത്തിനു തിരഞ്ഞെടുത്തു?

4 കൊലപാതകത്തില്‍ കൂടുതല്‍ പേര്‍ക്ക് പങ്കുണ്ടോ?

5 വൈരാഗ്യം തീര്‍ക്കുക മാത്രമായിരുന്നു ലക്ഷ്യമെങ്കില്‍ പ്രതികള്‍ സിദ്ദീഖിന്റെ പണം അക്കൗണ്ടില്‍ നിന്ന് തട്ടിയെടുത്തത് എന്തിനാണ് ?

6 സംഭവത്തിൽ ഫർഹാനയുടെ പങ്കെന്താണ് ?

ഷിബിലി പ്രശ്നക്കാരൻ

ഷിബിലി പ്രശ്നക്കാരൻ ആയിരുന്നുവെന്ന് സിദ്ദീഖിന്റെ ഹോട്ടലിലെ ജീവനക്കാരൻ യൂസഫ് മനോരമ ന്യൂസിനോട് പറഞ്ഞു. കടയിൽനിന്ന് പണം മോഷണം പോകുന്നുവെന്നു മനസ്സിലാക്കിയാണ് ഷിബിലിയെ ഒഴിവാക്കിയത്. സിദ്ദീഖിന്റെ ഹോട്ടലിൽ ആണ് കൊലപാതകത്തിന്റെ ആസൂത്രണമടക്കം ചെയ്തത് എന്നാണ് നിഗമനം. രണ്ടാഴ്ച മുൻപാണ് വല്ലപ്പുഴ സ്വദേശി ഷിബിലി ഒളവണ്ണയിലെ ചിക് ബേക് എന്ന ഹോട്ടലിൽ ജോലിക്കെത്തുന്നത് . 

സംസാര പ്രിയനായ ഷിബിലി പ്രത്യേക സ്വഭാവക്കാരൻ ആയിരുന്നുവെന്നു ഹോട്ടൽ ജീവനക്കാരൻ യൂസഫ് പറഞ്ഞു. ഹോട്ടലിൽ നിന്ന് പണം പോകുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ഷിബിലിയെ നിരീക്ഷിക്കാൻ തുടങ്ങി. പണം പോകുന്നതിനു പിന്നിൽ ഷിബിലി ആണെന്ന നിഗമനത്തിന്റെ അടിസ്ഥാനത്തിൽ ഇയാളെ പുറത്താക്കാൻ തീരുമാനിച്ചു. ഷിബിലി പോയതിനു പിന്നാലെ ഹോട്ടലിൽ നിന്ന് ഇറങ്ങിപോയ സിദ്ദീഖിനെ പിന്നീട് ആരും കണ്ടിട്ടില്ല.

English Summary: Malappuram Siddique Murder: 6 questions to be answered

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA