ADVERTISEMENT

മലപ്പുറം ∙ മാപ്പിളപ്പാട്ട് കലാകാരനും സാംസ്കാരിക പ്രവര്‍ത്തകനുമായ റസാഖ് പയമ്പ്രോട്ടിനെ ഗ്രാമപഞ്ചായത്ത് ഓഫിസിന്റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയതിൽ ഉള്ളുതൊടുന്ന കുറിപ്പുമായി മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ്.ജോയ്. തന്റെ സഹോദരന്റെ മരണത്തിന് കാരണമായ വിഷലിപ്‌തമായ മാലിന്യം പുറന്തള്ളുന്ന പ്ലാസ്റ്റിക് ഫാക്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരന്തരം പഞ്ചായത്ത് ഓഫിസിൽ കയറിയിറങ്ങിയിട്ടും, ജീവന് തുല്യം സ്നേഹിക്കുന്ന പാർട്ടിയിൽനിന്നു നീതി ലഭിക്കാതെ നിരാശനായി ആത്മഹത്യ ചെയ്ത ഈ മനുഷ്യന് നീതി കിട്ടണമെന്നു ജോയ് തന്റെ ഫെയ്സ്ബുക്ക് പേജിൽ കുറിച്ചു.

റസാഖിന്റെ മൂത്തസഹോദരന്റെ മരണത്തിന് ഉത്തരവാദികളായ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ പ്ലാന്റിനെതിരെ നടപടിയെടുക്കാൻ പഞ്ചായത്ത് വിസമ്മതിച്ചതിലുള്ള മനോവിഷമം മരണത്തിന് കാരണമായെന്നാണ് നാട്ടുകാര്‍ ആരോപിക്കുന്നത്. പഞ്ചായത്തിന് റസാഖ് നൽകിയ പരാതികളുടെ ഫയൽ തൂങ്ങിമരിച്ചതിനു സമീപം കണ്ടെത്തി. ശ്വാസകോശ സംബന്ധമായ അസുഖങ്ങൾമൂലമാണ് ഇദ്ദേഹത്തിന്റെ സഹോദരൻ ഏതാനും മാസംമുൻപു മരിച്ചത്.

സിപിഎം അനുഭാവിയായ റസാഖും ഭാര്യയും സ്വന്തം വീടും സ്ഥലവും ഇഎംഎസ് സ്മാരകം പണിയാനായി പാർട്ടിക്ക് എഴുതിക്കൊടുത്തിരുന്നു. കൊണ്ടോട്ടി ടൈംസ് എന്ന സായാഹ്ന ദിനപത്രവും ലോക്കൽ കേബിൾടിവി ചാനലും നടത്തിയിരുന്നു റസാഖ്. കൊണ്ടോട്ടി മാപ്പിളകലാ അക്കാദമി മുൻ സെക്രട്ടറിയായി രണ്ടു തവണ ചുമതലയേറ്റത് സിപിഎം നോമിനി ആയാണ്. മാപ്പിളകലാ അക്കാദമി അംഗവുമാണ് റസാഖ്. 

പോസ്റ്റിന്റെ പൂർണരൂപം

ഇത് റസാഖ് പയമ്പ്രോട്ട്. സിപിഎമ്മിന്റെ സാംസ്കാരിക മുഖം. പാർട്ടിക്കായി തൂലിക പടവാളാക്കിയ എഴുത്തുകാരൻ, പത്രപ്രവർത്തകൻ. കവി മോയിൻകുട്ടി വൈദ്യർ സ്മാരക അക്കാദമിയുടെ മുൻ സെക്രട്ടറി. സ്വന്തം വീടും സ്വത്തും സിപിഎമ്മിന്റെ പേരിൽ എഴുതിവച്ച പാർട്ടി സ്‌നേഹി. ഇന്ന് ഒരു തുണ്ട് കയറിൽ സിപിഎം ഭരിക്കുന്ന പുളിക്കൽ പഞ്ചായത്ത് ഓഫിസിൽ തൂങ്ങി മരിച്ചു.

തന്റെ സഹോദരന്റെ മരണത്തിന് കാരണമായ വിഷലിപ്‌തമായ മാലിന്യം പുറന്തള്ളുന്ന പ്ലാസ്റ്റിക് ഫാക്ടറിക്കെതിരെ നടപടി ആവശ്യപ്പെട്ട് നിരന്തരം പഞ്ചായത്ത് ഓഫിസിൽ കയറിയിറങ്ങിയിട്ടും,  ജീവന് തുല്യം സ്നേഹിക്കുന്ന പാർട്ടിയിൽനിന്നു നീതി ലഭിക്കാതെ നിരാശനായി ആത്മഹത്യ ചെയ്ത ഈ മനുഷ്യന് നീതി കിട്ടണം. “മരണവും ഒരു സമരമാണ്” എന്ന് എഴുതിയ കുറിപ്പും പരാതി കെട്ടുകളടങ്ങിയ ഫയലും കഴുത്തിൽ കെട്ടിയാണ് തൂങ്ങി മരിച്ചത്. ഉത്തരവാദികൾക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണം.

English Summary:  'Death is also a struggle'; Razak Payabrott commit suicide 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com