ADVERTISEMENT

ആലുവ∙ ദുബായിൽ മരിച്ച ഏറ്റുമാനൂർ സ്വദേശിയുടെ മൃതദേഹം സംസ്കരിക്കുന്നതുമായി ബന്ധപ്പെട്ട അനിശ്ചിതത്വം നീങ്ങുന്നു. നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ച മൃതദേഹം ഏറ്റുവാങ്ങിയ സഫിയയ്ക്ക് മൃതദേഹം വിട്ടുനൽകാൻ ജയകുമാറിന്റെ ബന്ധുക്കൾ തയാറായതോടെയാണ് അനിശ്ചിതത്വം ഒഴിയുന്നത്. ഇതു സംബന്ധിച്ച ധാരണാപത്രത്തിൽ ജയകുമാറിന്റെ അമ്മയും ഭാര്യയും ഒപ്പിട്ടു. തുടർന്ന് മൃതദേഹം എറണാകുളത്തെത്തിച്ച് പൊതുശ്മശാനത്തിൽ സംസ്കരിക്കുമെന്നാണ് വിവരം. 

നെടുമ്പാശേരി രാജ്യാന്തര വിമാനത്താവളത്തിലെത്തിച്ച മൃതദേഹം ഏറ്റുവാങ്ങിയ സുഹൃത്തുക്കൾ എട്ടു മണിക്കൂറിലധികമായി സംസ്കരിക്കാതെ കാത്തിരിക്കുകയായിരുന്നു. മൃതദേഹം സംസ്കരിക്കുന്നതിന് പൊലീസിന്റെ എൻഒസി ലഭിക്കാത്തതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതിനായി മൃതദേഹവുമായി സുഹൃത്തുക്കൾ ആലുവ പൊലീസ് സ്റ്റേഷനു മുന്നിൽ അഞ്ച് മണിക്കൂറിലധികമാണ് കാത്തുകിടന്നത്. ഇവിടെനിന്ന് എൻഒസി ലഭിക്കില്ലെന്ന് വ്യക്തമായതോടെ മൃതദേഹവുമായി സുഹൃത്തുക്കൾ ഏറ്റുമാനൂരിലേക്ക് തിരിച്ചു.

വിവാഹമോചനവുമായി ബന്ധപ്പെട്ട വിഷയങ്ങൾ ഉൾപ്പെടെയുള്ള പ്രശ്നങ്ങളാണ് ജയകുമാറിന്റെ മൃതദേഹം ഏറ്റെടുക്കാൻ കുടുംബം വിസമ്മതിച്ചതെന്നാണ് വിവരം. ഭാര്യയുമായി അകൽച്ചയിലായിരുന്ന ജയകുമാര്‍ കഴിഞ്ഞ നാലു വര്‍ഷമായി ലക്ഷദ്വീപ് സ്വദേശിയായ സഫിയയ്‌ക്കൊപ്പമാണ് ജീവിച്ചിരുന്നത്. നെടുമ്പാശേരി വിമാനത്താവളത്തില്‍ എത്തിച്ച മൃതദേഹം സഫിയയാണ് ഏറ്റുവാങ്ങിയത്.

jayakumar-dead-body-ambulance
മൃതദേഹവുമായെത്തിയ ആംബുലൻസ്

ഏറ്റുമാനൂര്‍ പൊലീസ് സ്‌റ്റേഷനില്‍ മൃതദേഹം എത്തിച്ചതിനു പിന്നാലെ പൊലീസിന്റെ മധ്യസ്ഥതയില്‍ ചര്‍ച്ച നടത്തി. മൃതദേഹത്തിനൊപ്പം എത്തിയവരെ അറിയില്ലെന്നും എങ്ങനെയാണ് ജയകുമാര്‍ മരിച്ചതെന്നു വ്യക്തമല്ലെന്നുമുള്ള നിലപാടാണ് ബന്ധുക്കള്‍ സ്വീകരിച്ചത്. അഞ്ചു വര്‍ഷത്തോളമായി ജയകുമാറുമായി യാതൊരു അടുപ്പവുമില്ലെന്നും മൃതദേഹത്തിനൊപ്പം വന്നവര്‍ തന്നെ സംസ്‌കാര ചടങ്ങുകള്‍ നടത്തുന്നതാണു നല്ലതെന്നും ബന്ധുക്കൾ നിലപാടെടുത്തു. 

ഈ മാസം 19ന് ദുബായിൽവച്ചാണ് ഏറ്റുമാനൂർ സ്വദേശി ജയകുമാർ ജീവനൊടുക്കിയത്. വീടുമായി യാതൊരു ബന്ധവും വർഷങ്ങളായി സൂക്ഷിക്കാത്തയാളുടെ മൃതദേഹം ഏറ്റെടുക്കില്ലെന്നും മരണ സർട്ടിഫിക്കറ്റ് മാത്രം മതിയെന്നുമായിരുന്നു കുടുംബത്തിന്റെ നിലപാട്. ഈ സാഹചര്യത്തിൽ പൊലീസിന്റെ എൻഒസി ലഭിക്കാതെ സുഹൃത്തുക്കൾക്ക് മൃതദേഹം സംസ്കരിക്കാനും നിർവാഹമില്ലായിരുന്നു. തുടർന്നാണ് പൊലീസ് കുടുംബവുമായി സംസാരിച്ച് മൃതദേഹം എറണാകുളത്തേക്ക് കൊണ്ടുപോകാനുള്ള നടപടികൾ സ്വീകരിച്ചത്. 

ദുബായിലെ നടപടികൾ പൂർത്തിയാക്കി ഇന്നു പുലർച്ചെ 2.45ഓടെയാണ് ജയകുമാറിന്റെ മൃതദേഹം നെടുമ്പാശേരി വിമാനത്താവളത്തിൽ എത്തിച്ചത്. മൃതദേഹം ആലുവയിൽ സംസ്കാരിക്കാനായിരുന്നു ആദ്യ തീരുമാനം. എന്നാൽ, ഇതിന് പൊലീസിന്റെ എൻഒസി വേണമെന്ന് പിന്നീടാണ് മനസ്സിലായത്. വിദേശത്തുവച്ച് മരിച്ചയാളുടെ മൃതദേഹം കുടുംബം ഏറ്റെടുക്കാൻ തയാറാകാത്ത സാഹചര്യത്തിൽ ആലുവയിൽ സംസ്കരിക്കുന്നതിലെ നിയമപ്രശ്നങ്ങൾ നിമിത്തമാണ് പൊലീസിന്റെ എൻഒസി വേണമെന്ന് അധികൃതർ നിഷ്കർഷിച്ചത്.

ഇതിനായി ആലുവ പൊലീസിനെ സമീപിച്ചെങ്കിലും നടപടികൾ വൈകി. ഇതോടെ അഞ്ച് മണിക്കൂറോളം  പൊലീസ് സ്റ്റേഷനു പുറത്ത് കാത്തുനിൽക്കേണ്ടി വന്നു. ആലുവയുമായി ബന്ധമൊന്നുമില്ലാത്ത ഏറ്റുമാനൂർ സ്വദേശിയുടെ മൃതദേഹം സംസ്കരിക്കാൻ എൻഒസി നൽകുന്നതിലെ സാങ്കേതിക പ്രശ്നങ്ങൾ ചൂണ്ടിക്കാട്ടി ആലുവ പൊലീസ് എൻഒസി നൽകുന്നതിൽ തടസം ഉന്നയിച്ചു. ഇതേത്തുടർന്നാണ് മൃതദേഹവുമായി സുഹൃത്തുക്കൾ ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലേക്കു പോയത്.

English Summary: Uncertainty In Cremation Of The Deadbody Of Jayakumar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com