തിരുവനന്തപുരം ∙ കേരള സര്‍വകലാശാലയില്‍ തനിക്ക് സിപിഎം വിലക്ക് ഏര്‍പ്പെടുത്തിയതായി കേന്ദ്രമന്ത്രി വി.മുരളീധരന്‍. ആള്‍മാറാട്ടം നടത്തുകയോ വ്യാജരേഖ ചമയ്ക്കുകയോ ചെയ്യാത്ത വ്യക്തി ആയതിനാലാവാം ഇതെന്നും അദ്ദേഹം പറഞ്ഞു. ‘‘ഈ സർവകലാശാലയിൽ ആള്‍മാറാട്ടക്കാരും വ്യാജരേഖക്കാരും മാത്രമേ കയറാവൂയെന്ന് സിപിഎം നിലപാടെടുത്തതായി മനസ്സിലാക്കി. ഞാൻ ആ കൂട്ടത്തിൽപെടാത്തതുകൊണ്ട് ഈ സർവകലാശാലയിൽ ചിലയാളുകൾ എനിക്ക് വിലക്ക് കൽപ്പിച്ചതായി കേട്ടു’’– അദ്ദേഹം പറഞ്ഞു.
ബിജെപി അനുകൂല ‘കേരള യൂണിവേഴ്സിറ്റി എംപ്ലോയീസ് സംഘ്’ ഒാഫിസ് വി.മുരളീധരന്‍ ഉദ്ഘാടനം ചെയ്യുമെന്ന് അറിയിച്ചിരുന്നെങ്കിലും അദ്ദേഹം നിർവഹിച്ചില്ല. എംപ്ലോയീസ് സംഘ് ഒാഫിസ് ഉദ്ഘാടനത്തിന് വി.മുരളീധരന്‍ എത്തുമെന്ന് അറിയിച്ചിരുന്നതിനെ തുടർന്ന് രാവിലെ മുതല്‍ സര്‍വകലാശാലാ ആസ്ഥാനം കനത്ത പൊലീസ് കാവലിലായിരുന്നു. എംപ്ലോയീസ് സംഘിന്റെ ബോര്‍ഡ് സ്ഥാപിച്ച കെട്ടിടത്തിന് പുറത്ത് ഉദ്ഘാടനത്തിന് വിളക്ക് ഒരുക്കുകയും ചെയ്തു.
ഉച്ചയ്ക്ക് 12.30 ഓടെ സര്‍വകലാശാലാ ആസ്ഥാനത്തെത്തിയ വി.മുരളീധരന്‍, എംപ്ലോയീസ് സംഘ് പ്രതിനിധികളുമായി ആശയവിനിമയം നടത്തി. എന്നാല്‍ അവരുടെ യൂണിയന്‍ ഒാഫിസ് എന്ന് അവകാശപ്പെടുന്ന കെട്ടിടത്തിനടുത്തേക്ക് പോലും പോയില്ല. എംപ്ലോയീസ് സംഘിന് പാളയത്തെ സര്‍വകലാശാലാ ആസ്ഥാനത്ത് ഒാഫിസ് അനുവദിച്ചിട്ടില്ലെന്ന് കേരള സര്‍വകലാശാല അറിയിച്ചു.
എംപ്ലോയീസ് സംഘിന് ഒാഫിസ് നല്‍കരുതെന്ന നിലപാടിലായിരുന്നു സിപിഎം, കോണ്‍ഗ്രസ് സംഘടനകള്‍. ഈ സാഹചര്യത്തിലാണ് പ്രതിഷേധം ഉണ്ടാകുമെന്ന കണക്കുകൂട്ടലില്‍ സര്‍വകലാശാല ആസ്ഥാനത്ത് വന്‍ പൊലീസ് സന്നാഹം ഏർപ്പെടുത്തിയത്. സിപിഎം, സിപിഐ, കോണ്‍ഗ്രസ് സര്‍വീസ് സംഘടനകള്‍ക്ക് ഓഫിസ് അനുവദിച്ചതിനെ കുറിച്ച് വൈസ് ചാൻസലർ (വിസി) റജിസ്ട്രാറോട് വിശദീകരണം തേടി. ഈ മൂന്നു സംഘടനകളും 50 വര്‍ഷത്തിലേറെയായി പ്രവര്‍ത്തിക്കുന്നവയാണ്.
English Summary: V Muraleedharan says, CPM has Banned him from Kerala University