ന്യൂഡൽഹി ∙ ഒരു ‘താലി മീൽസ്’ വാങ്ങിയാൽ മറ്റൊന്ന് ഫ്രീ എന്ന പരസ്യം കണ്ട് ആപ് ഡൗൺലൗഡ് ചെയ്ത് ബുക്ക് ചെയ്ത യുവതിക്ക് നഷ്ടമായത് 90,000 രൂപ. സൗത്ത്‌വെസ്റ്റ് ഡൽഹിയിലെ സവിത ശർമയാണ് (40) സൈബർ തട്ടിപ്പിന് ഇരയായത്. ബാങ്കിലെ സീനിയർ എക്സിക്യുട്ടീവ് ആണ് സവിത.
ഫെയ്സ്ബുക്കിൽ പരസ്യം കണ്ട് ബന്ധുവാണ് സവിതയോട് ഇക്കാര്യം പറഞ്ഞത്. തുടർന്ന് യുവതി വെബ്സൈറ്റ് സന്ദർശിച്ചു. അതിലെ നമ്പറിൽ വിളിച്ച് ഓഫറിനെക്കുറിച്ച് അന്വേഷിക്കാൻ ശ്രമിച്ചു. എന്നാൽ കോൾ കണക്ട് ആയില്ല. കുറച്ചുകഴിഞ്ഞപ്പോൾ അതേ നമ്പറിൽനിന്നും കോൾ വരികയും പ്രമുഖ റസ്റ്ററന്റ് നൽകുന്ന ഓഫറിനെക്കുറിച്ച് പറയുകയും ചെയ്തു. ഒരു ലിങ്ക് അയച്ച് അതുവഴി ആപ് ഡൗൺലൗഡ് ചെയ്യാൻ സവിതയോട് ആവശ്യപ്പെട്ടു.
ലോഗിൻ ചെയ്യാനായി യൂസർ ഐഡി, പാസ്‌വേഡ് എന്നിവ നൽകുകയും ചെയ്തു. ഇതുപ്രകാരം ആപ് ആക്ടിവേറ്റ് ചെയ്തതോടെ സവിതയുടെ അക്കൗണ്ടിൽനിന്ന് പണം നഷ്ടമായി. ആദ്യം 40,000 രൂപയും സെക്കന്റുകൾക്കുള്ളിൽ 50,000 രൂപയും നഷ്ടമായെന്ന് സവിത പറഞ്ഞു. ക്രെഡിറ്റ് കാർഡിലെ തുക പേടിഎമ്മിലേക്കും അവിടെനിന്ന് തട്ടിപ്പുകാരന്റെ അക്കൗണ്ടിലേക്കും പോവുകയായിരുന്നു. താൻ ഒരു തരത്തിലുള്ള വിവരങ്ങളും നൽകിയിരുന്നില്ലെന്നും പണം പോയ ഉടൻ ക്രെഡിറ്റ് കാർഡ് ബ്ലോക്ക് ചെയ്തതായും സവിത പറഞ്ഞു.
ഓഫർ നൽകുന്ന റസ്റ്ററന്റിൽ വിളിച്ച് അന്വേഷിച്ചപ്പോൾ തട്ടിപ്പാണെന്ന് മനസ്സിലായി. ഇതുമായി ബന്ധമിലല്ലെന്നും നിരവധിപ്പേർ പരാതിയുമായി രംഗത്തെത്തിയിട്ടുണ്ടെന്നും റസ്റ്ററന്റ് പ്രതിനിധി വ്യക്തമാക്കി. പല നഗരങ്ങളിലായി സൈബർ പൊലീസ് അന്വേഷിക്കുന്നുണ്ടെന്നും അവർ പറഞ്ഞു. ഇപ്പോഴും വ്യാജ ഓഫർ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ടെന്ന് സവിത പറഞ്ഞു.
English Summary: Delhi Woman Falls For 'Free Thali' Bait, Loses ₹ 90,000 In Cyber Fraud