ADVERTISEMENT

ന്യൂഡൽഹി ∙ ഡൽഹിയിലെ ഉദ്യോഗസ്ഥരുടെ നിയന്ത്രണം ഏറ്റെടുക്കാനുള്ള കേന്ദ്ര സർക്കാരിന്റെ പ്രത്യേക ഓർഡിനൻസിനെതിരെ പിന്തുണ തേടി ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, തെലങ്കാന മുഖ്യമന്ത്രി കെ.ചന്ദ്രശേഖർ റാവുവുമായി (കെസിആർ) ഹൈദരാബാദിൽ കൂടിക്കാഴ്ച നടത്തി. പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാൻ, എഎപി നേതാക്കളായ രാഘവ് ഛദ്ദ, സഞ്ജയ് സിങ് എന്നിവരും കേജ്‌രിവാളിനൊപ്പമുണ്ടായിരുന്നു. ഓർഡിനൻസ് കേന്ദ്രസർക്കാർ പിൻവലിക്കണമെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം കെസിആർ പറഞ്ഞു.  

‘‘മിസ്റ്റർ മോദി, ഞങ്ങൾ നിങ്ങളോട് അഭ്യർഥിക്കുന്നു, ഓർഡിനൻസ് പിൻവലിക്കുക, ഇത് നല്ലതല്ല, നിങ്ങൾ അടിയന്തരാവസ്ഥ തിരികെ കൊണ്ടുവരുന്നു. ഇതാണോ ‘അച്ഛേ ദിൻ’?. ഇത് അടിയന്തരാവസ്ഥയെക്കാൾ മോശമാണ്. ഓർഡിനൻസ് പിൻവലിക്കാത്ത പക്ഷം ഞങ്ങൾ എല്ലാവരും കേജ്‌രിവാളിനെ പിന്തുണയ്ക്കും. ഞങ്ങൾ അദ്ദേഹത്തോടൊപ്പം നിൽക്കും. ഓർഡിനൻസിനെ പരാജയപ്പെടുത്താൻ ഞങ്ങൾ ലോക്സഭയിലും രാജ്യസഭയിലും ഞങ്ങളുടെ എല്ലാ ശക്തിയും ഉപയോഗിക്കും’’– വാർത്താസമ്മേളനത്തിൽ കെസിആർ പറഞ്ഞു. 

ഓർഡിനൻസ് കൊണ്ടുവന്നതിലൂടെ മോദി സർക്കാർ ഡൽഹിയിലെ ജനങ്ങളെ അപമാനിച്ചിരിക്കുകയാണെന്നും കെസിആർ ആരോപിച്ചു. ‘ഡൽഹിയിലെ ജനങ്ങൾക്ക് നീതി ലഭിക്കുന്നതിന്’ പിന്തുണ വാഗ്ദാനം ചെയ്ത കെസിആറിന് കേജ്‌രിവാൾ നന്ദി പറഞ്ഞു. ഓർഡിനൻസ് ഭരണഘടനാ വിരുദ്ധവും ജനാധിപത്യ വിരുദ്ധവുമാണെന്നു ആരോപിച്ച കേജ്‌രിവാൾ, ഇത് ഡൽഹിയുടെ മാത്രം കാര്യമല്ലെന്നും രാജ്യത്തിന്റെ ജനാധിപത്യത്തെ സംരക്ഷിക്കുന്ന കാര്യമാണെന്നും കൂട്ടിച്ചേർത്തു.

ഓർഡിനൻസിനെതിരെ പ്രതിപക്ഷ പാർട്ടികളുടെ പിന്തുണ തേടി കേജ്‌രിവാൾ, മേയ് 23നാണ് രാജ്യവ്യാപക പര്യടനം ആരംഭിച്ചത്. ഇതിനോടകം ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, എൻസിപി നേതാവ് ശരദ് പവാർ, ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രി തേജസ്വി യാദവ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ, കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്ക് അദ്ദേഹം സമയം തേടിയിട്ടുണ്ട്.

English Summary: Kejriwal meets Telangana CM KCR to seek support against BJP's 'unconstitutional' ordinance

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com