ADVERTISEMENT

ഇംഫാൽ ∙ വംശീയകലാപം രൂക്ഷമായ മണിപ്പുരിലെ വിവിധ ഭാഗങ്ങളിൽ പൊലീസും കലാപകാരികളും തമ്മിൽ ഏറ്റുമുട്ടൽ തുടരുന്നു. ഇതുവരെ 40 തീവ്രവാദികളെ വധിച്ചെന്ന് മുഖ്യമന്ത്രി എൻ. ബിരേൻ സിങ് മാധ്യമങ്ങളോട് പറഞ്ഞു. അക്രമം അഴിച്ചുവിട്ടവർക്കെതിരെയാണ് നടപടിയെന്നും അദ്ദേഹം വ്യക്തമാക്കി.

‘സാധാരണക്കാർക്കെതിരെ എം-16, എകെ-47 തോക്കുകളും സ്‌നൈപ്പർ തോക്കുകളുമാണ് ഭീകരർ ഉപയോഗിക്കുന്നത്. പല ഗ്രാമങ്ങളിലും അവർ വീടുകൾ കത്തിച്ചു. സൈന്യത്തിന്റെയും മറ്റ് സുരക്ഷാ സേനകളുടെയും സഹായത്തോടെ ഞങ്ങൾ തിരിച്ചടിച്ചു തുടങ്ങി. ഇതുവരെ 40ഓളം തീവ്രവാദികളെ വധിച്ചെന്നാണ് റിപ്പോർട്ടുകൾ.’– എൻ.ബിരേൻ സിങ് പറഞ്ഞു.

പുലർച്ചെ ഇംഫാൽ താഴ്‌വരയിലും പരിസരത്തുമുള്ള അഞ്ച് സ്ഥലങ്ങളിൽ ഒരേ സമയം വിമർതർ ആക്രമണം നടത്തിയതായാണ് റിപ്പോർട്ട്. സെക്‌മായി, സുഗ്‌നു, കുംബി, ഫായെങ്, സെറോ എന്നിവിടങ്ങളിലായിരുന്നു ആക്രമണം. അജ്ഞാത മൃതദേഹങ്ങൾ തെരുവിൽ കിടക്കുന്നതായും റിപ്പോർട്ടുകളുണ്ട്. മൂന്നു ദിവസം മുൻപ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ സംഘർഷമേഖല സന്ദർശിച്ചിരുന്നു. അവിടെ താമസിച്ച് സമാധാന ശ്രമങ്ങൾ നടത്തുമെന്ന് അദ്ദേഹം പറഞ്ഞിരുന്നു.

മണിപ്പുരിലെ പ്രധാന സാമുദായിക വിഭാഗമായ മെയ്തെയ് വിഭാഗത്തെ പട്ടികവർഗത്തിൽ ഉൾപ്പെടുത്താനുള്ള ഹൈക്കോടതി വിധിക്കുപിന്നാലെയാണ് സംസ്ഥാനത്ത് സംഘർഷം ഉടലെടുത്തത്. ഈ മാസം 3ന് ആരംഭിച്ച വംശീയകലാപം ഇതുവരെ കെട്ടടങ്ങിയിട്ടില്ല. കുക്കി സായുധ ഗ്രൂപ്പുകൾക്കെതിരെ നടപടി വേണമെന്നാവശ്യപ്പെട്ട് മെയ്തെയ് തീവ്രവിഭാഗങ്ങൾ സ്വന്തം വിഭാഗത്തിൽപെട്ട മന്ത്രിമാരുടെ വീടുകൾ ആക്രമിക്കുകയാണ്. അസം റൈഫിൾസിനെയും ഇന്ത്യൻ കരസേനയയെയും പിൻവലിക്കണമെന്നും പകരം മണിപ്പുർ പൊലീസിനെ വിന്യസിക്കണമെന്നും അവർ ആവശ്യപ്പെടുന്നു. അസം റൈഫിൾസ് കുക്കികളെ സഹായിക്കുന്ന നിലപാടാണു സ്വീകരിക്കുന്നതെന്നും കുക്കി സായുധഗ്രൂപ്പുകൾക്കെതിരെ നടപടി സ്വീകരിക്കുന്നില്ലെന്നും ഭരണകക്ഷി എംഎൽഎമാർ ആരോപിച്ചു.

English Summary: 40 Insurgents Shot Dead In Manipur, Says Chief Minister; Encounters On

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com