കോഴിക്കോട് ∙ വന്ദേഭാരത് ട്രെയിനിനു മുന്നിൽ അജ്ഞാതൻ ചാടി മരിച്ചു. തിങ്കളാഴ്ച വൈകിട്ട് നാലേകാലോടെ എലത്തൂരിനും വെസ്റ്റ്ഹില്ലിനും ഇടയിൽ പുത്തൂർ ക്ഷേത്രത്തിനു സമീപമാണ് അജ്ഞാതൻ ട്രെയിനിനു മുന്നിലേക്കു ചാടിയത്. ട്രെയിനിന്റെ മുൻവശം തട്ടി ഇയാൾ തെറിച്ചു പോയി.
കാസർകോടുനിന്നു തിരുവനന്തപുരത്തേക്കു പോകുകയായിരുന്നു ട്രെയിൻ. മുൻഭാഗത്തു തകരാർ സംഭവിച്ച ഭാഗം തിരുവനന്തപുരത്ത് എത്തിയ ശേഷം കൊച്ചുവേളി യാർഡിൽ എത്തിച്ച് അറ്റകുറ്റപ്പണി ചെയ്തു. ചൊവ്വാഴ്ചത്ത സർവീസിനെ ബാധിക്കില്ലെന്നു റെയിൽവേ അധികൃതർ അറിയിച്ചു.
വന്ദേഭാരത് ട്രെയിനുകളുടെ മുൻവശം വിമാനങ്ങളുടേതുപോലെ ഏയ്റോ ഡൈനാമിക് ഷെയ്പ്പ് ആണ്. ഫൈബർ കൊണ്ടാണ് മുൻവശം തയാറാക്കിയിരിക്കുന്നത്. പഴയ മെമുവിൽ ഉണ്ടായിരുന്ന മൂന്ന് ഫെയ്സ് എൻജിനാണ് ഇതിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
English Summary: Man dies after being hit by Vande Bharat in Kozhikode