‘കെ–ഫോണ്‍ ഉദ്ഘാടനം ബഹിഷ്കരിക്കും; പ്രതിപക്ഷം ഇനിയും ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ ഭരണകക്ഷി കേരളത്തിനു തന്നെ തീയിടും’

vd satheesan new2
വി.ഡി. സതീശൻ (ചിത്രം: സമീർ എ. ഹമീദ് ∙ മനോരമ)
SHARE

കൊച്ചി∙ കെ–ഫോണ്‍ ഉദ്ഘാടന ചടങ്ങും അതുമായി ബന്ധപ്പെട്ട എല്ലാ പരിപാടികളും യുഡിഎഫ് ബഹിഷ്‌ക്കരിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ.  പദ്ധതിക്ക് യുഡിഎഫ് എതിരല്ല. പക്ഷേ അതിന് പിന്നില്‍ നടന്ന അഴിമതിയെ എതിര്‍ക്കുന്നത് കൊണ്ടാണ് ബഹിഷ്‌ക്കരിക്കാന്‍ തീരുമാനിച്ചത്. രേഖകള്‍ സഹിതമാണ് പ്രതിപക്ഷം അഴിമതി ആരോപണം ഉന്നയിച്ചത്. എന്നിട്ടും പ്രതികരിക്കാന്‍ മുഖ്യമന്ത്രി ഇതുവരെ തയാറായിട്ടില്ല. 

2017ല്‍ കെ-ഫോണ്‍ പ്രഖ്യാപിച്ചപ്പോള്‍ 18 മാസം കൊണ്ട് 20 ലക്ഷം പേര്‍ക്ക് സൗജന്യ ഇന്റര്‍നെറ്റ് നല്‍കുമെന്നാണ് പറഞ്ഞിരുന്നത്. ഏഴു വര്‍ഷം കഴിഞ്ഞിട്ടും പതിനാലായിരം പേര്‍ക്ക് മാത്രമാണ് കണക്‌ഷൻ കൊടുക്കുന്നത്. 1028 കോടിയായിരുന്ന എസ്റ്റിമേറ്റ് തുക 50 ശതമാനം ഉയര്‍ത്തി 1531 കോടിയാക്കി. അഴിമതി ക്യാമറ ഇടപാടിലെ അതേ കമ്പനികള്‍ തന്നെയാണ് കെ–ഫോണിലും ലാഭം തട്ടിയെടുക്കുന്നത്. മുഖ്യമന്ത്രിയുമായോ മുഖ്യമന്ത്രിയുടെ ഓഫിസുമായോ ബന്ധപ്പെട്ട കറക്കു കമ്പനികള്‍ക്കല്ലാതെ മറ്റാര്‍ക്കും കരാറുകളൊന്നും കിട്ടില്ല. എസ്ആര്‍ഐടിയിലേക്കോ പ്രസാഡിയയിലേക്കോ പണം എത്തുന്ന രീതിയില്‍ ഗവേഷണം നടത്തിയുള്ള അഴിമതിയാണ് എല്ലായിടത്തും നടപ്പാക്കുന്നത്. ഏതു പാതയില്‍ കൂടി സഞ്ചരിച്ചാലും ഒരു പെട്ടിയിരിക്കുന്ന സ്ഥലത്തേക്കെത്തും. ക്യാമറയില്‍ നടന്നത്തിയതിനേക്കാള്‍ വ്യാപക അഴിമതിയാണ് കെ–ഫോണില്‍ നടന്നത്. 

പ്രതിപക്ഷം എന്ത് ആരോപണം ഉന്നയിച്ചാലും അതുമായി ബന്ധപ്പെട്ടതിനൊക്കെ സര്‍ക്കാര്‍ തീയിടും. ബ്രഹ്‌മപുരം, മെഡിക്കല്‍ സര്‍വീസസ് കോര്‍പറേഷന്‍ അഴിമതികളിലും ഇതാണ് നടന്നത്. സെക്രട്ടേറിയറ്റുമായി ബന്ധപ്പെട്ട് ആരോപണം ഉന്നയിച്ചാല്‍ അപ്പോള്‍ അവിടെ തീയിടും. പ്രതിപക്ഷം ഇനിയും ആരോപണങ്ങള്‍ ഉന്നയിച്ചാല്‍ ഭരണകക്ഷി കേരളത്തിന് തന്നെ തീയിടുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്. അഴിമതിക്ക് മറയിടാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. 

സംസ്ഥാനത്തിന്റെ ഏത് കടമെടുപ്പ് പരിധിയാണ് കുറച്ചതെന്ന് സംസ്ഥാന സര്‍ക്കാരോ കേന്ദ്ര സര്‍ക്കാരോ വ്യക്തമാക്കിയിട്ടില്ല. അതിന്റെ വിശദാംശങ്ങള്‍ ലഭ്യമായാല്‍ മാത്രമെ അക്കാര്യത്തില്‍ പ്രതിപക്ഷത്തിന് പ്രതികരിക്കാനാകൂ. ഇതുമായി ബന്ധപ്പെട്ട് ധനകാര്യമന്ത്രിയുടെ ഒരു ഫെയ്സ്ബുക്ക് പോസ്റ്റ് മാത്രമാണ് വന്നിരിക്കുന്നത്. കടമെടുപ്പ് പരിധി വെട്ടിക്കുറച്ചതുമായി ബന്ധപ്പെട്ട എന്തെങ്കിലും രേഖകളുണ്ടെങ്കില്‍ അത് പ്രസിദ്ധീകരിക്കാന്‍ ധനകാര്യമന്ത്രി തയാറാകണം. അല്ലാതെ കാള പെറ്റെന്നു കേട്ട് കയറെടുക്കേണ്ട കാര്യം പ്രതിപക്ഷത്തിനില്ല.

English Summary: UDF will boycott KFON inaugural ceremony, says V.D.Satheesan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

അഞ്ജലീ അഞ്ജലീ...

MORE VIDEOS