ന്യൂഡല്‍ഹി∙ ഡല്‍ഹി മദ്യനയത്തിലെ ക്രമക്കേടുമായി ബന്ധപ്പെട്ട സിബിഐ കേസില്‍ മുൻ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. സിസോദിയയ്ക്ക് എതിരായ ആരോപണങ്ങള്‍ ഗുരുതരമാണെന്ന് ജസ്റ്റിസ് ദിനേഷ് കുമാര്‍ ശര്‍മ പറഞ്ഞു. ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീം കോടതിയെ സമീപിക്കാനുള്ള ഒരുക്കത്തിലാണ് സിസോദിയ.
സിസോദിയ ഏറെ സ്വാധീനമുള്ള വ്യക്തിയാണെന്നും ജാമ്യം അനുവദിച്ചാല്‍ സാക്ഷികളെ സ്വാധീനിക്കാന്‍ സാധ്യതയുണ്ടെന്നും ഹൈക്കോടതി വ്യക്തമാക്കി. മദ്യലൈസന്‍സ് അഴിമതിക്കേസില്‍ സിബിഐ ഫെബ്രുവരി 26-നാണ് മുന്‍ ഉപമുഖ്യമന്ത്രിയെ ആദ്യം അറസ്റ്റ് ചെയ്തത്. വിചാരണക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നു സിസോദിയ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
സിബിഐ സമര്‍പ്പിച്ച അനുബന്ധ കുറ്റപത്രം പരിഗണിച്ച ഡല്‍ഹിയിലെ റോസ് അവന്യു കോടതി സിസോദിയയുടെ ജുഡീഷ്യല്‍ റിമാന്‍ഡ് കാലാവധി ജൂണ്‍ 1 വരെ നീട്ടിയിരുന്നു. മദ്യലൈസന്‍സ് അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണക്കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) സിസോദിയയെ അറസ്റ്റ് ചെയ്തിരുന്നു. ഒരു വര്‍ഷത്തിനിടെ 14 ഫോണുകള്‍ മാറ്റി സിസോദിയ തെളിവ് നശിപ്പിച്ചതായി ഇഡി ആരോപിച്ചു.
English Summary: Delhi Liquor Case: "Allegations Serious, Not Entitled To Bail": No Relief For Manish Sisodia