ന്യൂഡൽഹി∙ ഗുസ്തി താരങ്ങളെ, ഇന്ത്യാ ഗേറ്റിന് സമീപം അനിശ്ചിതകാല നിരാഹാര സമരം ഇരിക്കുന്നതിന് അനുവദിക്കില്ലെന്ന് ഡൽഹി പൊലീസ്. ഇന്ത്യാ ഗേറ്റ് ദേശീയ സ്‌മാരകമാണ്. ഇവിടം പ്രതിഷേധങ്ങൾക്കുള്ള വേദിയല്ല. ഇതിനു പകരമായി മറ്റൊരുവേദി നിർദേശിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.
സമരരംഗത്തുള്ളവർ ഇന്ത്യാഗേറ്റിന് സമീപത്തെ പ്രതിഷേധത്തെക്കുറിച്ച് അറിയിച്ചിട്ടില്ല. ഇതു സംബന്ധിച്ച് താരങ്ങൾ രേഖാമൂലം അറിയിപ്പ് നൽകേണ്ടതുണ്ടെന്ന് ഡൽഹി പൊലീസ് പറഞ്ഞു. ലൈംഗികാത്രിക്രമ പരാതിയിൽ പ്രതിയായ ബിജെപി എംപിയും ഗുസ്തി ഫെഡറേഷൻ മുൻ പ്രസിഡന്റുമായ ബ്രിജ് ഭൂഷൺ ശരൺ സിങ്ങിനെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ഗുസ്തി താരങ്ങൾ തുടർ നടപടികൾ വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസത്തെ സംഭവങ്ങളിൽ ഗുസ്തി താരങ്ങളായ വിനേഷ് ഫോഗട്ട്, സാക്ഷി മാലിക്ക്, ബജ്‌രംഗ് പുനിയ തുടങ്ങിയവരെ പ്രതി ചേർത്തു ഡൽഹി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് രാജ്യാന്തര മത്സരങ്ങളിൽ ഉൾപ്പെടെ ലഭിച്ച മെഡലുകൾ ഗംഗാ നദിയിൽ ഒഴുക്കാൻ ഇന്ന് വൈകിട്ട് ഹരിദ്വാറിൽ എത്തിയ ഗുസ്തി താരങ്ങളെ കർഷക നേതാക്കൾ എത്തി പിന്തിരിപ്പിച്ചു.
English Summary: Delhi police won't allow wrestlers to protest at India Gate