ADVERTISEMENT

തിരുവനന്തപുരം ∙ ഡിജിപിമാരായ ഡോ.ബി.സന്ധ്യയും എസ്.ആനന്ദകൃഷ്ണനും ബുധനാഴ്ച സർവീസില്‍ നിന്ന് വിരമിക്കും. ഡോ. ബി. സന്ധ്യ, ശ്രീ എസ്. ആനന്ദകൃഷ്ണന്‍ എന്നിവര്‍ക്ക് പൊലീസ് സേന നല്‍കുന്ന യാത്രയയപ്പ് പരേഡ് ബുധനാഴ്ച പേരൂര്‍ക്കട എസ്എപി പരേഡ് ഗ്രൗണ്ടില്‍ നടക്കും. ആനന്ദകൃഷ്ണന്‍റെ യാത്രയയപ്പ് പരേഡ് രാവിലെ 7.15 നും ഡോ. ബി. സന്ധ്യയുടേത് 8.15 നുമാണ് നടക്കുക. സർവീസിൽ നിന്ന് ബുധനാഴ്ച വിരമിക്കുന്ന ഒന്‍പത് എസ്പിമാര്‍ക്ക് പൊലീസ് ആസ്ഥാനത്ത് ഡിജിപിയുടെ സാന്നിധ്യത്തിൽ യാത്രയയപ്പ് നൽകി.

സര്‍വീസില്‍നിന്നു വിരമിക്കുന്ന പൊലീസ് സൂപ്രണ്ടുമാര്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിനൊപ്പം. ഇടത്ത് നിന്ന്: കെ.ലാല്‍ജി, ജെ.കിഷോര്‍കുമാര്‍, കെ.എം.ജിജിമോന്‍, സി.ബാസ്റ്റിന്‍ സാബു, എഡിജിപി ഡോ.ഷേക്ക് ദര്‍വേഷ് സാഹിബ്, എഡിജിപി കെ.പത്മകുമാര്‍, കെ.വി.വിജയന്‍, ടി.രാമചന്ദ്രന്‍, പ്രിന്‍സ് എബ്രഹാം, കെ.എന്‍.അരവിന്ദന്‍. ചിത്രം –  സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ
സര്‍വീസില്‍നിന്നു വിരമിക്കുന്ന പൊലീസ് സൂപ്രണ്ടുമാര്‍ സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിനൊപ്പം. ഇടത്ത് നിന്ന്: കെ.ലാല്‍ജി, ജെ.കിഷോര്‍കുമാര്‍, കെ.എം.ജിജിമോന്‍, സി.ബാസ്റ്റിന്‍ സാബു, എഡിജിപി ഡോ.ഷേക്ക് ദര്‍വേഷ് സാഹിബ്, എഡിജിപി കെ.പത്മകുമാര്‍, കെ.വി.വിജയന്‍, ടി.രാമചന്ദ്രന്‍, പ്രിന്‍സ് എബ്രഹാം, കെ.എന്‍.അരവിന്ദന്‍. ചിത്രം – സ്റ്റേറ്റ് പൊലീസ് മീഡിയ സെന്റർ

∙ ഡിജിപി ഡോ.ബി.സന്ധ്യ

1988 ബാച്ച് ഐപിഎസ് ഓഫിസര്‍ ആയ സന്ധ്യ പാല സ്വദേശിയാണ്. ആലപ്പുഴ സെന്‍റ് ആന്‍റണീസ് ജിഎച്ച്എസ്, ഭരണങ്ങാനം എസ്എച്ച്ജിഎച്ച്എസ്  എന്നിവിടങ്ങളിലെ പ്രാഥമിക വിദ്യാഭ്യാസത്തിന്ശേഷം പാല അല്‍ഫോണ്‍സ കോളജില്‍ നിന്ന് റാങ്കോടെ എംഎസ്സി ബിരുദം നേടി. മത്സ്യഫെഡില്‍ പ്രോജക്ട് ഓഫിസറായി രണ്ട് വര്‍ഷത്തെ സേവനത്തിന് ശേഷമാണ് ഇന്ത്യന്‍ പൊലീസ് സർവീസില്‍ ചേര്‍ന്നത്.

ഷൊര്‍ണ്ണൂര്‍ എഎസ്പിയായി ആദ്യ നിയമനം. ആലത്തൂരില്‍ എഎസ്പിയും ജോയിന്‍റ് എസ്‌പിയുമായി ജോലി ചെയ്തു. പൊലീസ് ആസ്ഥാനത്ത് അഡീഷനല്‍ എഐജി, കണ്ണൂര്‍ ക്രൈംബ്രാഞ്ച് എസ്‌പി, കൊല്ലം, തൃശ്ശൂര്‍ എന്നിവിടങ്ങളിലെ ജില്ലാ പൊലീസ് മേധാവി, പൊലീസ് ആസ്ഥാനത്തെ എഐജി, ക്രൈംബ്രാഞ്ച് ഡിഐജി, തൃശ്ശൂര്‍ റേഞ്ച് ഡിഐജി എന്നീ ചുമതലകള്‍ വഹിച്ചു.

ആംഡ് പൊലീസ് ബറ്റാലിയന്‍, ട്രാഫിക്, എറണാകുളം, തൃശ്ശൂര്‍ റേഞ്ചുകള്‍, ക്രൈംബ്രാഞ്ച് എന്നിവയുടെ ഐജി, ആംഡ് പൊലീസ്, മോഡേണൈസേഷന്‍, ദക്ഷിണമേഖല, പരിശീലന വിഭാഗം എഡി.ജി.പി, കേരളാ പൊലീസ് അക്കാദമി ഡയറക്ടര്‍ എന്നീ തസ്തികകളിലും ജോലി ചെയ്തു. ഫയര്‍ ആന്‍റ് റെസ്ക്യു സര്‍വീസസ് ഡയറക്ടര്‍ ജനറലായാണ് വിരമിക്കുന്നത്.

സ്തുത്യര്‍ഹസേവനത്തിനും  വിശിഷ്ട സേവനത്തിനുമുളള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍, കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്‍റെ അതി ഉത്കൃഷ്ട സേവാപഥക്, ഇന്‍റര്‍നാഷനല്‍ അസോസിയേഷന്‍ ഓഫ് വുമണ്‍ പൊലീസ് അവാര്‍ഡ് എന്നിവ ലഭിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്ക് എതിരായ കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി നിയമപാലകര്‍ക്കുളള കൈപ്പുസ്തകം തയ്യാറാക്കാന്‍ ഐക്യരാഷ്ട്രസഭയുടെ ക്ഷണം ലഭിച്ചു. ഓസ്ട്രേലിയയിലെ യൂണിവേഴ്സിറ്റി ഓഫ് വോളോങോങില്‍ നിന്ന് ഹ്യൂമന്‍ റിസോഴ്സ് മാനേജ്മെന്‍റില്‍ പരിശീലനം നേടി. നിരവധി സാഹിത്യകൃതികളുടെ കര്‍ത്താവാണ്. ഭര്‍ത്താവ് ഡോ.കെ.മധുകുമാര്‍, മകള്‍ ഡോ.ഹൈമ.

∙ ഡിജിപി എസ്.ആനന്ദകൃഷ്ണൻ

തിരുവനന്തപുരം സ്വദേശിയായ എസ്.ആനന്ദകൃഷ്ണന്‍ 1989 ബാച്ചിലെ ഐപിഎസ് ഓഫിസറാണ്. എംഎ സോഷ്യോളജി ബിരുദധാരിയായ അദ്ദേഹം സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍, കാനറാ ബാങ്ക്, യൂണിറ്റ് ട്രസ്റ്റ് ഓഫ് ഇന്ത്യ എന്നിവിടങ്ങളില്‍ ജോലി നോക്കിയ ശേഷമാണ് ഇന്ത്യന്‍ പൊലീസ് സർവീസിലെത്തിയത്.

കല്‍പ്പറ്റയിലും കൊല്ലത്തും എഎസ്പിയായും അടൂരില്‍ ജോയിന്‍റ് എസ്പിയായും ജോലി ചെയ്ത ശേഷം കെഎപി ഒന്നാം ബറ്റാലിയന്‍ കമാന്‍റന്‍റ്, ഇടുക്കി, പാലക്കാട്, തൃശൂർ, കൊല്ലം, പത്തനംതിട്ട എന്നിവിടങ്ങളില്‍ ജില്ലാ പൊലീസ് മേധാവിയായും ജോലി ചെയ്തു. പൊലീസ് ആസ്ഥാനത്ത് അഡീഷനല്‍ എഐജി, എഐജി, ക്രൈംബ്രാഞ്ച്, ഇന്‍റലിജന്‍സ് എന്നിവിടങ്ങളില്‍ എസ്പി, വനിതാ കമ്മീഷന്‍ ഡയറക്ടര്‍ എന്നീ തസ്തികകള്‍ വഹിച്ചു. യുണൈറ്റഡ് നാഷന്‍റെ രാജ്യാന്തര പൊലീസ് സേനയുടെ ഭാഗമായി ബോസ്നിയ ഹെഴ്സ ഗോവിനയിലും ജോലി ചെയ്തു.

വിജിലന്‍സ്, ഇന്‍റലിജന്‍സ്, കണ്ണൂര്‍ റേഞ്ച് എന്നിവിടങ്ങളില്‍ ഡിഐജിയായും അഡീഷനല്‍ ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആയും സേവനം അനുഷ്ടിച്ചു. പൊലീസ് ആസ്ഥാനം, ആഭ്യന്തര സുരക്ഷ എന്നിവിടങ്ങളില്‍ ഐജിയായും ഇന്‍റലിജന്‍സ്, ക്രൈംബ്രാഞ്ച് പൊലീസ് ആസ്ഥാനം എന്നിവിടങ്ങളില്‍ എഡിജിപിയായും ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ ആയും പ്രവര്‍ത്തിച്ചു. നിലവില്‍ എക്സൈസ് കമ്മീഷണര്‍ ആണ്.

പൊലീസില്‍ ഫയല്‍ നീക്കം സുഗമമാക്കാനുളള ഡിജിറ്റല്‍ സംരംഭമായ ഐഎപിഎസ്(ഇന്റേണൽ അഡ്മിനിസ്ട്രേറ്റീവ് പ്രോസസിങ് സിസ്റ്റം) നടപ്പിലാക്കിയതും എക്സൈസില്‍ വിവിധ ലഹരിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടപ്പിലാക്കിയതും എസ്.ആനന്ദകൃഷ്ണന്‍റെ നേതൃത്വത്തിലാണ്. വിശിഷ്ട സേവനത്തിനും സ്ത്യുത്യര്‍ഹസേവനത്തിനുമുളള  രാഷ്ട്രപതിയുടെ പൊലീസ് മെഡലുകള്‍ ലഭിച്ചിട്ടുണ്ട്. ആശയാണ് ഭാര്യ. ആനന്ദ ശങ്കര്‍, ഭദ്ര എന്നിവര്‍ മക്കള്‍.

∙ ഒന്‍പത് എസ്പിമാര്‍ക്ക് പൊലീസ് ആസ്ഥാനത്ത് യാത്രയയപ്പ്

ബുധനാഴ്ച സർവീസില്‍നിന്നു വിരമിക്കുന്ന ഒന്‍പത് പൊലീസ് സൂപ്രണ്ടുമാര്‍ക്ക് പൊലീസ് ആസ്ഥാനത്ത് ഔദ്യോഗിക യാത്രയയപ്പ് നല്‍കി. സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്ത് അധ്യക്ഷത വഹിച്ചു. സേനയ്ക്കും സമൂഹത്തിനും വേണ്ടി സർവീസ് കാലത്ത് ആത്മാര്‍ത്ഥമായി പ്രവര്‍ത്തിച്ച ഓഫിസര്‍മാരെ സംസ്ഥാന പൊലീസ് മേധാവി അനുമോദിച്ചു. അവര്‍ക്ക് സ്മരണിക സമ്മാനിച്ചു. ഓഫിസര്‍മാര്‍ മറുപടി പ്രസംഗം നടത്തി.

സംസ്ഥാന വനിതാകമ്മീഷന്‍ ഡയറക്ടറും എസ്പിയുമായ പി.ബി.രാജീവ്, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് തിരുവനന്തപുരം റേഞ്ച് എസ്പി ടി.രാമചന്ദ്രന്‍, ക്രൈംബ്രാഞ്ച് ആസ്ഥാനത്തെ എസ്പി കെ.വി.വിജയന്‍, മറൈന്‍ എന്‍ഫോഴ്സ്മെന്‍റ് എസ്പി സി.ബാസ്റ്റിന്‍ സാബു, സ്റ്റേറ്റ് ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോ എസ്പി ജെ.കിഷോര്‍ കുമാര്‍, സ്റ്റേറ്റ് സ്പെഷ്യല്‍ ബ്രാഞ്ച് കോഴിക്കോട് റേഞ്ച് എസ്പി പ്രിന്‍സ് എബ്രഹാം, തിരുവനന്തപുരം സിറ്റി ഡെപ്യൂട്ടി കമ്മീഷണര്‍ (ക്രൈംസ് ആന്‍റ് അഡ്മിനിസ്ട്രേഷന്‍) കെ.ലാല്‍ജി, ഇടുക്കി ക്രൈംബ്രാഞ്ച് എസ്പി കെ.എം.ജിജിമോന്‍, കേരളാ ആംഡ് പൊലീസ് ഒന്നാം ബറ്റാലിയന്‍ കമാന്‍റന്‍റ് കെ.എന്‍.അരവിന്ദന്‍ എന്നിവരാണ് ബുധനാഴ്ച സര്‍വീസില്‍ നിന്ന് വിരമിക്കുന്നത്.

English Summary: Fire and Rescue services DGP B Sandhya, Excise Commissioner S Ananda Krishnan to retire Wednesday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com