അമ്മ അലക്കാനെടുത്തു, കത്തിക്കണമെന്ന് ഫര്‍ഹാന; കൊലയ്ക്കു ശേഷം വസ്ത്രങ്ങള്‍ കത്തിച്ചു
Mail This Article
പാലക്കാട്∙ ഹോട്ടല്‍ ഉടമ സിദ്ദീഖിന്‍റെ കൊലപാതകത്തില്‍ പ്രതികളുമായി പൊലീസിന്റെ തെളിവെടുപ്പ് പുരോഗമിക്കുന്നു. സിദ്ദീഖിന്റെ മൃതദേഹം കഷ്ണങ്ങളാക്കി ട്രോളിബാഗിൽ ഉപേക്ഷിച്ച അട്ടപ്പാടി ചുരത്തിലും പ്രതി ഖദീജത്ത് ഫര്‍ഹാനയുടെ ചളവറ കൊറ്റോടിയിലെ വീട്ടിലും തെളിവെടുപ്പ് പൂർത്തിയായി. ഇനി പ്രതികളുമായി തിരൂരിൽ തെളിവെടുപ്പ് നടത്തും.
കുറ്റകൃത്യം നടത്തിയ ദിവസം ധരിച്ചിരുന്ന വസ്ത്രങ്ങൾ ഫര്‍ഹാനയും മുഹമ്മദ് ഷിബിലിയും കത്തിച്ചതായി പൊലീസ് കണ്ടെത്തി. ഫര്‍ഹാനയുടെ വീടിനു പിൻവശത്തെ പറമ്പില്‍ വച്ചാണ് വസ്ത്രങ്ങൾ കത്തിച്ചത്. കൊലപാതകത്തിനു ശേഷം ഇരുവരും ധരിച്ചിരുന്ന വസ്ത്രങ്ങൾ വീട്ടിലേക്ക് കൊണ്ടുവന്നിരുന്നു. വസ്ത്രങ്ങൾ വാഷിങ്മെഷീനിട്ട് അലക്കാൻ മാതാവ് എടുക്കുന്നതിനിടെ ഫര്‍ഹാന അലക്കേണ്ടെന്നും കത്തിക്കണമെന്നും പറഞ്ഞ ശേഷം കത്തിക്കുകയായിരുന്നു.
തെളിവെടുപ്പിനിടെ മാതാവാണ് കത്തിച്ചുകളഞ്ഞ സ്ഥലം കാണിച്ചുകൊടുത്തത്. സ്ഥലത്തുനിന്ന് കത്തിക്കരിഞ്ഞതിന്റെ അവശിഷ്ടങ്ങൾ കണ്ടെടുത്തു. വീട്ടിലെ തെളിവെടുപ്പിനിടെ ഫര്‍ഹാനയുടെ പിതാവും ഉണ്ടായിരുന്നു. തെളിവെടുപ്പ് കഴിഞ്ഞ് പുറത്തേക്കിറങ്ങിയ ഫര്‍ഹാനയോട് പിതാവ് ബീരാൻകുട്ടി വിവരങ്ങൾ ചോദിച്ചറിഞ്ഞു.
അട്ടപ്പാടിയിലെ തെളിവെടുപ്പിനിടെ സിദ്ദീഖിന്റെ ഫോൺ കണ്ടെത്തി. അട്ടപ്പാടി ചുരത്തിലെ ഒന്‍പതാംവളവില്‍ നിന്നാണ് ഫോണ്‍ കണ്ടെത്തിയത്. മൃതദേഹം ഉപേക്ഷിച്ച് മടങ്ങും വഴിയാണ് ഫോണ്‍ കളഞ്ഞതെന്നാണ് പ്രതികളുടെ വെളിപ്പെടുത്തല്‍. സിദ്ദീഖിനെ കൊലപ്പെടുത്തിയ ശേഷം മൃതദേഹം ട്രോളി ബാഗിലാക്കി വലിച്ചെറിഞ്ഞുവെന്ന് തെളിവെടുപ്പിനിടെ പ്രതികള്‍ ആവര്‍ത്തിച്ചു. പത്താം വളവിലെത്തിയ ശേഷം സുരക്ഷിതമെന്ന് കണ്ടാണ് വാഹനം ഒൻപതാം വളവിൽ തിരിച്ചെത്തിച്ച് ട്രോളി ബാഗുകൾ വലിച്ചെറിഞ്ഞതെന്നും പ്രതികള്‍ പറഞ്ഞു.
നേരത്തെ പ്രതികളുമായി നടത്തിയ തെളിവെടുപ്പിനിടെ സിദ്ദീഖിന്റെ രണ്ടു എടിഎം കാർഡുകൾ, ആധാർ കാർഡ്, വസ്ത്രത്തിന്റെ ഭാഗം, ശരീരം മുറിക്കാൻ ഉപേയാഗിച്ച് ഇലക്ട്രിക് കട്ടർ എന്നിവ പെരിന്തൽമണ്ണ ചിരട്ടമലയിൽ നിന്ന് കണ്ടെടുത്തിരുന്നു.
ഹണിട്രാപ്പിലൂടെ 5 ലക്ഷം രൂപ തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെയാണ് കോഴിക്കോട് എരഞ്ഞിപ്പാലത്തെ ‘ഡി കാസ ഇൻ’ ലോഡ്ജിലെ മുറിയില്‍ വച്ച് സിദ്ദീഖിനെ കൊലപ്പെടുത്തിയത്. ലോഡ്ജിൽ വച്ച് കൊലപ്പെടുത്തിയശേഷം മൃതദേഹം കഷ്ണങ്ങളാക്കി അട്ടപ്പാടി ചുരത്തില്‍ ഉപേക്ഷിക്കുകയായിരുന്നു. ചളവറ കൊറ്റോടി വീട്ടിൽ ഖദീജത്ത് ഫർഹാന (19), വല്ലപ്പുഴ അച്ചീരിത്തൊടി വീട്ടിൽ മുഹമ്മദ് ഷിബിലി (22), ചളവറ സ്വദേശി ആഷിഖ് (ചിക്കു – 23) എന്നിവരാണ് പ്രതികൾ.
English Summary: Evidence Collection going on in Siddique Murder case