തിരുവനന്തപുരം ∙ പോത്തന്‍കോട് ശാന്തിഗിരി ആശ്രമം ഓർഗനൈസിങ് സെക്രട്ടറി സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി (47) അന്തരിച്ചു. സംസ്കാരം ബുധൻ ഉച്ചയ്ക്ക് 12ന് ആശ്രമവളപ്പിൽ. തിരുവനന്തപുരത്ത് സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ദീര്‍ഘനാളായി ഉദരസംബന്ധമായ രോഗങ്ങളാല്‍ ചികിത്സയിലായിരുന്നു.
അമ്മയോടൊപ്പം ബാല്യകാലം മുതൽ ആശ്രമത്തിൽ അന്തേവാസിയായിരുന്നു സ്വാമി ഗുരുമിത്രൻ ജ്ഞാനതപസ്വി. വിദ്യാഭ്യാസത്തിനുശേഷം ആശ്രമ പ്രവര്‍ത്തനങ്ങളില്‍ സജീവമായി. 2002 ല്‍ സന്യാസം സ്വീകരിച്ചു. തുടര്‍ന്ന് ദീര്‍ഘകാലം ശാന്തിഗിരി ആശ്രമം ചന്ദിരൂർ ബ്രാഞ്ചിന്റെ ചുമതല വഹിച്ചു.
2011 മുതല്‍ ആശ്രമം ഡയറക്ടര്‍ ബോര്‍ഡിലെത്തുകയും ജോയിന്റ് സെക്രട്ടറിയാവുകയും ചെയ്തു. 2019 മുതല്‍ ഓര്‍ഗനൈസിങ് സെക്രട്ടറിയായും ശാന്തിഗിരി ആയുര്‍വേദ മെഡിക്കല്‍ കോളജിന്റെ മാനേജരായും പ്രവര്‍ത്തിച്ചുവരികയായിരുന്നു. കൃഷ്ണൻകുട്ടിയും ലതികയുമാണ് മാതാപിതാക്കൾ.
English Summary: Santhigiri Ashram organizing secretary Swami Gurumithran Jnana Thapaswi passes away