കമ്പം∙ തമിഴ്നാട്ടിലെ കമ്പത്ത് കാടിറങ്ങിയ ഒറ്റയാൻ അരിക്കൊമ്പൻ, കമ്പത്തെ ജനവാസ മേഖലയ്ക്കടുത്തുനിന്നും ഉള്‍വനത്തിലേക്ക് നീങ്ങുന്നതായി സൂചന. ആന ഷണ്‍മുഖനാഥ ക്ഷേത്ര പരിസരം വിട്ടതായാണ് റേഡിയോ കോളറില്‍ നിന്നുള്ള ഒടുവിലെ സിഗ്നലുകള്‍. കാട്ടിൽനിന്ന് പുറത്തിറങ്ങാതെ വനാതിർത്തിയിലൂടെയായിരുന്നു കഴിഞ്ഞ ദിവസങ്ങളിൽ കൊമ്പന്റെ സഞ്ചാരം.
ഇതോടെ മൂന്നു ദിവസമായി തുടരുന്ന ദൗത്യം ഇനിയും നീളുമെന്ന കണക്കുകൂട്ടലിലാണ് തമിഴ്നാട് വനംവകുപ്പ്. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നിരീക്ഷണവലയത്തിലാണ് അരിക്കൊമ്പനെന്നും കാട്ടില്‍ നിന്നിറങ്ങിയാല്‍ മയക്കുവെടി വയ്ക്കുമെന്നും അധികൃതർ വ്യക്തമാക്കി. അതിനിടെ, അരിക്കൊമ്പനെ പിടികൂടാൻ ആദിവാസി സംഘവും രംഗത്തെത്തി. പ്രത്യേക പരിശീലനം നേടിയ ആദിവാസി സംഘത്തെ തമിഴ്നാട് വനംവകുപ്പാണ് എത്തിച്ചത്. വെറ്ററിനറി സർജനും സംഘത്തിലുണ്ട്.
അരിക്കൊമ്പന്റെ ആക്രമണത്തില്‍ പരുക്കേറ്റ് ചികിത്സയിലായിരുന്ന കമ്പം സ്വദേശി പാല്‍രാജ് ഇന്നു മരിച്ചിരുന്നു. തേനി മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നു പുലർച്ചെയോടെയാണ് മരിച്ചത്. കമ്പത്തെ തെരുവിലൂടെ ഓടിയ ആന, ബൈക്കില്‍ വരികയായിരുന്ന പാല്‍രാജിനെ ആക്രമിക്കുകയായിരുന്നു. പാല്‍രാജിന്റെ തലയ്ക്ക് ഗുരുതര പരുക്കേറ്റിരുന്നു.
English Summary: Tamil Nadu Forest Department Mission Arikomban - Updates