ന്യൂഡൽഹി∙ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കലിഫോർണിയയിൽ നടത്തിയ പ്രസംഗത്തിനു മറുപടിയുമായി ബിജെപി. വിദേശത്തായിരിക്കുമ്പോൾ രാഹുൽ ഗാന്ധിയിലേക്ക് ജിന്നയുടെ ആത്മാവ് ആവേശിക്കുമെന്ന് മുതിർന്ന ബിജെപി നേതാവും മുൻ കേന്ദ്രമന്ത്രിയുമായ മുഖ്താർ അബ്ബാസ് നഖ്‌വി വിമർശിച്ചു.
‘‘രാഹുൽ വിദേശത്തുപോകുമ്പോൾ ജിന്നയുടെ ആത്മാവോ അല്ലെങ്കിൽ അൽ ഖായിദ പോലുള്ള ആളുകളുടെ ചിന്താഗതിയോ അദ്ദേഹത്തിൽ പ്രവേശിക്കും. ഇന്ത്യയിൽ തിരിച്ചെത്തി മികച്ച ബാധയൊഴിപ്പിക്കലുകാരനിൽനിന്ന് അവയെ ഒഴിപ്പിച്ചുവിടണമെന്ന് നിർദേശിക്കുന്നു. സ്വന്തം ജന്മിത്ത കുത്തകാധികാരം വികസനത്തിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി നശിപ്പിച്ചത് ഇന്നും അംഗീകരിക്കാൻ സാധിക്കാത്തതാണ് രാഹുലിന്റെ പ്രശ്നം. ജനാധിപത്യത്തെ രാഹുൽ ഗാന്ധി രാജാധികാരവുമായാണ് ഉപമിച്ചത്. ഇന്ത്യയെ നാണംകെടുത്താനുള്ള കരാറാണ് രാഹുൽ എടുത്തിരിക്കുന്നത്. കോൺഗ്രസ് മുസ്‍ലിംകളെ ച്യൂയിങ് ഗം പോലെ ഉപയോഗിച്ചു’’ – നഖ്‌വി പറഞ്ഞു.
ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്യുമ്പോഴായിരുന്നു ബിജെപി നേതൃത്വംനൽകുന്ന കേന്ദ്രസർക്കാരിനെ രാഹുൽ കടന്നാക്രമിച്ചത്. സർക്കാർ കേന്ദ്ര ഏജൻസികളെ ദുരുപയോഗം ചെയ്യുകയാണെന്നും ജനങ്ങളെ ഭീഷണിപ്പെടുത്തുകയാണെന്നും രാഹുൽ വിമർശിച്ചിരുന്നു. ആറു ദിവസത്തെ സന്ദർശനത്തിനാണ് രാഹുൽ ഗാന്ധി യുഎസിൽ എത്തിയത്.
മറ്റു ബിജെപി നേതാക്കന്മാരും രാഹുലിനെ വിമർശിച്ച് രംഗത്തെത്തി. പ്രധാനമന്ത്രിക്ക് വിദേശത്തുനിന്നു ലഭിക്കുന്ന സ്വീകാര്യതയും അഭിനന്ദനവും രാഹുലിന് ദഹിക്കുന്നില്ലെന്ന് കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂർ പറഞ്ഞു. ‘‘വിദേശയാത്രകളിൽ രാഹുൽ ഇന്ത്യയെ അപമാനിക്കുന്നത് അംഗീകരിക്കാനാകില്ല. മോദിയെ അപമാനിക്കുകയാണ് രാഹലിന്റെ ഉദ്ദേശ്യം. എന്നാൽ അത് ഇന്ത്യയെ അപമാനിക്കലിലേക്ക് എത്തുന്നു. ഇന്ത്യയുടെ പുരോഗതിയെ ചോദ്യം ചെയ്യുന്നു. ലോകം നമ്മുടെ വളർച്ചയെ അംഗീകരിക്കുമ്പോൾ ആ പ്രതിച്ഛായ മോശമാക്കാനാണ് രാഹുൽ ശ്രമിക്കുന്നത്. അടുത്തിടെ നടത്തിയ വിദേശയാത്രകളിൽ വിവിധ രാജ്യങ്ങളുടെ പ്രധാനമന്ത്രിമാരും പ്രസിഡന്റുമാരുമായി 24 പേരെയാണ് മോദി കണ്ടത്. 50ൽപ്പരം യോഗങ്ങളിലും അദ്ദേഹം സംബന്ധിച്ചു. മോദി ജനപ്രിയ നേതാവാണെന്ന് വിവിധ നേതാക്കൾ പറയുന്നു. ഓസ്ട്രേലിയൻ പ്രധാനമന്ത്രി മോദിയെ ബോസ് എന്നു വിശേഷിപ്പിച്ചത് അംഗീകരിക്കാൻ രാഹുലിന് കഴിഞ്ഞിട്ടില്ല’’ – അനുരാഗ് ഠാക്കൂർ കൂട്ടിച്ചേർത്തു.
അധികാരം നഷ്ടപ്പെട്ടതിന്റെ സങ്കടമാണ് രാഹുൽ കാണിക്കുന്നതെന്ന് യുപി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ‘‘ലണ്ടൻ മുതൽ അമേരിക്ക വരെ രാഹുൽ മോദിക്കെതിരെ സംസാരിക്കുന്നു. ധൈര്യമുണ്ടെങ്കിൽ അവിടുത്തെ ഇന്ത്യക്കാരോട് ചോദിക്കൂ. കോൺഗ്രസ് സർക്കാരിന്റെ കാലത്ത് ഇന്ത്യക്കാരെ അപമാനിച്ചു. മോദി സർക്കാരിന്റെ കാലത്ത് ലോകം ഇന്ത്യക്കാരെ ബഹുമാനിക്കുന്നു. മികച്ച ഭരണനിർവഹണത്തിന്റെ ഹാൾമാർക്ക് ആണിത്’’ – മൗര്യ കൂട്ടിച്ചേർത്തു.
English Summary: Jinnah's spirit enters Rahul Gandhi when he is abroad: BJP slams RaGa’s US speech