ആലപ്പുഴ∙ ഫയർഫോഴ്സിന്റെ പരിചയക്കുറവും ഉപകരണങ്ങളുടെ അഭാവവുമാണ് ചെങ്ങന്നൂർ കൊടുകുളഞ്ഞിയിൽ കിണറ്റിൽ കുടുങ്ങിയ ആളിന്റെ മരണത്തിനു കാരണമെന്നു നാട്ടുകാരുടെ ആരോപണം. വെള്ളം വറ്റിക്കാനുള്ള മോട്ടർ അടക്കം എല്ലാ സഹായങ്ങളും നൽകിയതു നാട്ടുകാരാണ്. തുറന്ന കിണറിൽ ഒരാൾ 12 മണിക്കൂർ കുടുങ്ങിയിട്ടും രക്ഷപ്പെടുത്താൻ കഴിയാത്തത് വീഴ്ചയാണെന്നും നാട്ടുകാർ പറഞ്ഞു.
അഗ്നിരക്ഷാ സേനയുടെ 3 യൂണിറ്റുകളാണ് എത്തിയത്. എന്നിട്ടും ഒന്നും ചെയ്യാനായില്ല. ഒരു ഉപകരണവുമില്ലാതെയാണ് അഗ്നിരക്ഷാ സേന എത്തിയത്. കയറും വല പോലുള്ള ഒരു സാധനവും മാത്രമാണു കൊണ്ടുവന്നത്. അതിവിടെ ഉപയോഗപ്രദമല്ലായിരുന്നുവെന്നു നാട്ടുകാരൻ പറഞ്ഞു. ഇന്തോ – ടിബറ്റൻ ബോർഡർ പൊലീസ് (ഐടിബിപി) സംഘം എത്തിയിട്ടും സഹകരിപ്പിച്ചില്ല. നാട്ടുകാരായ കിണർ തൊഴിലാളികളെ സഹകരിപ്പിച്ചില്ലെന്നും ആരോപണം ഉയർന്നു.
അപകടത്തിൽ പെട്ടതടക്കം സമീപത്തെ പല വീടുകളിലെയും മേൽനോട്ടക്കാരനായിരുന്നു മരിച്ച കോടുകുളഞ്ഞി സ്വദേശി യോഹന്നാൻ (72). സാമ്പത്തികപ്രയാസം കാരണമാണ് ഈ പ്രായത്തിലും പല വീടുകളിലും ജോലി ചെയ്തിരുന്നത്. കിണർ വ്യത്തിയാക്കുന്നതിനിടെ റിങ്ങുകൾ ഇടിഞ്ഞാണു യോഹന്നാൻ കിണറ്റിനുള്ളിൽ കുടുങ്ങിയത്. വ്യാഴാഴ്ചയാണ് യോഹന്നാന്റെ സംസ്കാരം.
English Summary: Man died after stuck in the well while cleaning in Alappuzha