ADVERTISEMENT

ന്യൂഡല്‍ഹി∙ ലൈംഗികാതിക്രമ പരാതിയില്‍ ബിജെപി എംപിയും ദേശീയ റെസ്ലിങ് ഫെഡറേഷന്‍ മുന്‍ അധ്യക്ഷനുമായ ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ തെളിവില്ലെന്ന തരത്തില്‍ പുറത്തുവന്ന റിപ്പോര്‍ട്ട് നിഷേധിച്ച്‌ ഡല്‍ഹി പൊലീസ്. വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയാണ് ഡല്‍ഹി പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്ത പുറത്തുവിട്ടത്. തെളിവില്ലെന്ന് ആരെയും അറിയിച്ചിട്ടില്ലെന്ന് ഡല്‍ഹി പൊലീസ് വ്യക്തമാക്കി. വിവാദമായ കേസാണെന്നും അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. അതേസമയം ഇതു സംബന്ധിച്ച ട്വീറ്റ് പൊലീസ് പിന്‍വലിച്ചു.

തെളിവില്ലാത്തതിനാലാണ് ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതെന്നും 15 ദിവസത്തിനുള്ളില്‍ അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും ഡല്‍ഹി പൊലീസ് വ്യക്തമാക്കിയതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഗുസ്തി താരങ്ങളുടെ അവകാശവാദത്തിന് തെളിവില്ലെന്നും ഡല്‍ഹി പൊലീസ് വൃത്തങ്ങള്‍ അറിയിച്ചതായി വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. 

അതിനിടെ തനിക്കെതിരെ തെളിവില്ലെന്ന് ആവർത്തിച്ച് ബ്രിജ് ഭൂഷൻ. തനിക്കെതിരെയുള്ള ഒരു ആരോപണമെങ്കിലും തെളിയിക്കപ്പെട്ടാൽ ആത്മഹത്യ ചെയ്യാൻ തയാറാണെന്നും ഇയാൾ പറഞ്ഞു. എന്തെങ്കിലും തെളിവുകളുണ്ടെങ്കിൽ കോടതിയിൽ ഹാജരാക്കാൻ ഗുസ്തി താരങ്ങളെ വെല്ലുവിളുക്കുകയും ചെയ്തു. ആയോധ്യയിലെ പൊതുപരിപാടിയിലായിരുന്നു ബ്രിജ് ഭൂഷന്റെ പ്രതികരണം.

ബ്രിജ് ഭൂഷണെതിരെ നടപടി സ്വീകരിക്കാത്തതില്‍ ഗുസ്തി താരങ്ങള്‍ അതിശക്തമായി പ്രതിഷേധിക്കുന്നതിനിടെയാണ് പുതിയ സംഭവം. രാജ്യത്തിനായി തങ്ങള്‍ നേടിയ മെഡലുകള്‍ ഗംഗയില്‍ ഒഴുക്കുമെന്നു പ്രഖ്യാപിച്ച താരങ്ങളെ കര്‍ഷക നേതാക്കള്‍ ഇടപെട്ടാണ് പിന്‍വലിപ്പിച്ചത്. 

delhi-police-tweet

യുപിയിലെ കൈസര്‍ഗഞ്ചില്‍നിന്നുള്ള ബിജെപി എംപിയായ ബ്രിജ്ഭൂഷന്‍ ശരണ്‍ സിങ്ങിനെതിരെ 2 എഫ്‌ഐആര്‍ ഡല്‍ഹി പൊലീസ് റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പ്രായപൂര്‍ത്തിയാകാത്ത ഒരാള്‍ ഉള്‍പ്പെടെ 7 താരങ്ങള്‍ നല്‍കിയ പരാതിയില്‍ നടപടിയുണ്ടായില്ലെന്നു കാട്ടിയാണു ഏപ്രില്‍ 23നു താരങ്ങള്‍ ജന്തര്‍മന്തറില്‍ സമരം ആരംഭിക്കുന്നത്.

സുപ്രീം കോടതി ഇടപെടലിനെ തുടര്‍ന്നു പൊലീസ് എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്തു. പോക്‌സോ ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് ആദ്യത്തെ കേസ്. രണ്ടാമത്തെ കേസില്‍ ബ്രിജ്ഭൂഷനെയും റെസ്​ലിങ് ഫെഡറേഷന്‍ അസിസ്റ്റന്റ് സെക്രട്ടറി വിനോദ് തോമറിനെയും പ്രതിചേര്‍ത്തിട്ടുണ്ട്.ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354എ(ലൈംഗിക ചുവയുള്ള പരാമര്‍ശങ്ങള്‍ നടത്തുക), 354ഡി(ശല്യപ്പെടുത്തല്‍) തുടങ്ങിയ വകുപ്പുകളാണു രണ്ടാമത്തെ എഫ്‌ഐആറില്‍. 2012 മുതല്‍ 2022 വരെയുള്ള സമയത്തായി പല തവണ ബ്രിജ്ഭൂഷന്‍ ശല്യപ്പെടുത്തിയെന്നാണു പരാതി.4 തവണ അതിക്രമമുണ്ടായത് അശോക റോഡിലെ ബ്രിജ്ഭൂഷന്റെ എംപി വസതിയിലാണ്. റെസ്​ലിങ് ഫെഡറേഷന്‍ ഓഫിസും ഇതു തന്നെയാണ്.

English Summary: No evidence to arrest Brij Bhushan Singh, says Delhi Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com