ADVERTISEMENT

തിരുവനന്തപുരം∙ തീപിടിത്തത്തിൽ കോവിഡുമായി ബന്ധപ്പെട്ട ഒന്നും നശിച്ചിട്ടില്ലെന്ന് കെഎംഎസ്‌സിഎൽ അറിയിച്ചതായി ആരോഗ്യമന്ത്രി വീണാ ജോർജ്. വെയർഹൗസുകളിലെ തീപിടിത്തത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. ഡ്രഗ് കൺട്രോളർ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റിന്റെ അന്വേഷണം നടക്കുന്നുവെന്നും പ്രിൻസിപ്പൽ സെക്രട്ടറിയുടെ നേതൃത്വത്തിലാണ് സംയുക്ത അന്വേഷണമെന്നും മന്ത്രി അറിയിച്ചു.

കൊല്ലം, തിരുവനന്തപുരം, ആലപ്പുഴ എന്നിവിടങ്ങളിലെ കെഎംഎസ്‍സിഎൽ സംഭരണശാലകളിലാണ് തീപിടിത്തം ഉണ്ടായത്. തീപിടിത്തത്തിനു കാരണം ക്ലോറിൻ സാന്നിധ്യം കൂടുതലുള്ള ബ്ലീച്ചിങ് പൗഡർ ആണെന്ന വിവരമാണ് പുറത്തുവന്നത്. കോവിഡ് കാലത്തെ അഴിമതി ഇടപാടുകളിലെ തെളിവുകൾ നശിപ്പിക്കാൻ ബോധപൂർവം ബ്ലീച്ചിങ് പൗഡർ സംഭരിച്ചതാണെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചിരുന്നു. ചൂട് കൂടുതലാണ് തീപിടിത്തത്തിനു കാരണമെങ്കിൽ ചൂടുകുറഞ്ഞ രാത്രിയിൽ എങ്ങനെ തീപിടിത്തമുണ്ടായെന്നാണു സതീശൻ ചോദിച്ചത്. സർക്കാരിനെതിരെ വിമർശനങ്ങൾ ഉയർന്നതിനു പിന്നാലെയാണ് ആരോഗ്യമന്ത്രി വിശദീകരണവുമായി രംഗത്തെത്തിയത്.

ജൂണ്‍ 2 മുതല്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍

മഴക്കാലം മുന്നില്‍ കണ്ട് സംസ്ഥാനത്ത് ജൂണ്‍ 2 മുതല്‍ പ്രത്യേക ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. താലൂക്ക് ആശുപത്രികള്‍ മുതലായിരിക്കും ഫീവര്‍ ക്ലിനിക്കുകള്‍ ആരംഭിക്കുക. ഇതുകൂടാതെ ഫീവര്‍ വാര്‍ഡുകളും ആരംഭിക്കും. ജൂണ്‍ 1, 2 തീയതികളില്‍ മരുന്നുകളുടെ സ്റ്റോക് പരിശോധിക്കും. എല്ലാ ജില്ലാ മെഡിക്കല്‍ ഓഫിസര്‍മാരും ഇവ ഉറപ്പു വരുത്തണം. പനി ബാധിച്ചാല്‍ സ്വയം ചികിത്സ പാടില്ല. ഏതു പനിയും പകര്‍ച്ചപ്പനിയാകാന്‍ സാധ്യതയുള്ളതിനാല്‍ ഡോക്ടറുടെ സേവനം തേടേണ്ടതാണെന്നും മന്ത്രി അഭ്യർഥിച്ചു. സംസ്ഥാനത്തെ പകര്‍ച്ചവ്യാധി പ്രതിരോധം നേരത്തെതന്നെ ശക്തമാക്കുന്നതിനു വിളിച്ചുചേര്‍ത്ത ഉന്നതതല യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്.

വേനല്‍മഴയെ തുടര്‍ന്ന് സംസ്ഥാനത്ത് എല്ലാ ജില്ലകളിലും ഡെങ്കിപ്പനി നേരിയ തോതില്‍ വര്‍ധനവുള്ളതിനാല്‍ ജില്ലകള്‍ കൂടുതല്‍ ശ്രദ്ധിക്കണം. മറ്റ് കൊതുക് ജന്യ രോഗങ്ങളും ചെറുതായി വര്‍ധിക്കുന്നതായി കാണുന്നു. ഡങ്കിപ്പനി, എലിപ്പനി, സിക്ക, ചിക്കന്‍ഗുനിയ, കോളറ, ഷിഗല്ല, എച്ച്1എന്‍1 എന്നിവയ്‌ക്കെതിരെ ശ്രദ്ധ വേണം. നിലവിലെ ചികിത്സാ പ്രോട്ടോക്കോള്‍ പാലിക്കാനും പ്രതിരോധ നടപടികള്‍ സ്വീകരിക്കാനും മന്ത്രി നിര്‍ദേശം നല്‍കി. ബോധവത്കരണം ശക്തമാക്കണം.

പ്രളയാനുബന്ധ പ്രശ്‌നങ്ങള്‍ പ്രതിരോധിക്കുന്നതിന് ആരോഗ്യ കേന്ദ്രങ്ങളിലെ ജീവനക്കാര്‍ക്ക് പരിശീലനം നല്‍കിയിട്ടുണ്ട്. അവശ്യ മരുന്നുകളും സുരക്ഷാ ഉപകരണങ്ങളും വേണ്ടത്ര ശേഖരിച്ച് വയ്ക്കാനും മന്ത്രി നിര്‍ദേശം നല്‍കി. എലിപ്പനി കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനാല്‍ മണ്ണില്‍ ജോലി ചെയ്യുന്നവരും കളിക്കുന്നവരും വെള്ളത്തിലിറങ്ങുന്നവരും നിര്‍ബന്ധമായും എലിപ്പനി പ്രതിരോധ ഗുളികയായ ഡോക്‌സിസൈക്ലിന്‍ കഴിക്കണം.

മഴക്കാല പൂര്‍വ ശുചീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തമാക്കണം. തദ്ദേശ സ്ഥാപനങ്ങളുടെയും റവന്യു വകുപ്പിന്റെയും പങ്കാളിത്തം ഉറപ്പാക്കും. വീടും സ്ഥാപനവും പരിസരവും വൃത്തിയായി സൂക്ഷിക്കണം. വെള്ളം കെട്ടിനില്‍ക്കുന്ന സാഹചര്യം ഉണ്ടാകരുത്. വീട്ടില്‍ അകത്തും പുറത്തും വെള്ളം കെട്ടി നിര്‍ത്തരുത്. കൊതുകിന്റെ ഉറവിട നശീകരണത്തിനു പ്രാധാന്യം നല്‍കണം. നിപ വൈറസ് പ്രതിരോധം ജില്ലകള്‍ ഉറപ്പാക്കാനും മന്ത്രി നിര്‍ദേശം നല്‍കി.

English Summary: Nothing bought during COVID has been burnt: Veena George

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com