'അറിവുള്ളതായി നടിക്കുന്നവരിൽ ഒരാളാണ് നരേന്ദ്രമോദി'; കടന്നാക്രമിച്ച് രാഹുൽ ഗാന്ധി

Mail This Article
കലിഫോർണിയ∙ 'അറിവുള്ളതായി നടിക്കുന്നവരിൽ ഒരാളാണ് നരേന്ദ്രമോദിയെന്ന്' യുഎസിൽ പരിഹസിച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. 'ദൈവത്തോട് പോലും നരേന്ദ്രമോദി, പ്രപഞ്ചം എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് വിശദീകരിക്കും. ഇത് കേൾക്കുമ്പോൾ ദൈവം പോലും, താൻ എന്താണ് സൃഷ്ടിച്ചതെന്ന ആശയക്കുഴപ്പത്തിലെത്തും. ചിലർ ശാസ്ത്രജ്ഞർ, സൈനികർ, ചരിത്രകാരൻമാർ തുടങ്ങി എല്ലാവരേയും ഉപദേശിക്കും'. എന്നാൽ അവർക്ക് കാര്യമായ അറിവുണ്ടാകണമെന്നില്ല. ഗുരുനാനാക്, മഹാത്മാ ഗാന്ധി, ബസവേശ്വരൻ തുടങ്ങിയവരൊന്നും തനിക്ക് എല്ലാമറിയുമെന്ന് വിചാരിച്ചല്ല കഴിഞ്ഞിരുന്നത്. ലോകം വളരെ വലുതാണെന്ന തിരിച്ചറിവാണ് വേണ്ടത്'- രാഹുൽ ഗാന്ധി പറഞ്ഞു. കലിഫോർണിയ സർവകലാശാലയിലായിരുന്നു നരേന്ദ്രമോദിയെ കടന്നാക്രമിച്ച് രാഹുൽ ഗാന്ധിയുടെ പ്രസംഗം.
'ഇന്ത്യൻ രാഷ്ട്രീയത്തെ ആർഎസ്എസും ബിജെപിയുമാണ് നിയന്ത്രിക്കുന്നത്. നിലവില്‍ ജനങ്ങളുമായി ആശയവിനിമയം നടത്തുന്ന പൊതുയോഗങ്ങൾ, ചർച്ചകൾ എന്നിവ അവരുടെ നിയന്ത്രണത്തിലായി. അത് "ഭാരത് ജോഡോ യാത്ര" ആരംഭിക്കുന്നതിന് മുൻപായി തിരിച്ചറിഞ്ഞിരുന്നു. അതിനാലാണ് ജനങ്ങളുമായി, നടന്നുകൊണ്ട് സംവദിച്ചത്. ഇന്ത്യയിലെ രാഷ്ടീയ സാഹചര്യമെന്തെന്നാൽ ആളുകളെ ഏജന്‍സികളെ ഉപയോഗിച്ച് ഭീഷണിപ്പെടുത്തുകയെന്നതാണ്. ഇതിൽ രാഷ്ട്രീയപരമായി ഇടപെടുന്നതിന് പരിമിതികളുണ്ട്. അതിനാലാണ് ഇന്ത്യയുടെ തെക്കേയറ്റത്ത് നിന്നും ശ്രീനഗർവരെ കാൽനടയായി യാത്ര സംഘടിപ്പിച്ച് സംവാദം നടത്തിയത്'- രാഹുൽ ഗാന്ധി വ്യക്തമാക്കി.
"വെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ കട തുറന്നെന്ന" ആശയത്തെക്കുറിച്ചും രാഹുൽഗാന്ധി വിശദീകരിച്ചു. എല്ലാദിവസവും 25 കിലോമീറ്ററായിരുന്നു യാത്ര. പുലർച്ചെ ആറിന് ആരംഭിക്കുന്ന യാത്ര, രാത്രി എട്ടോടെയാണ് അവസാനിച്ചിരുന്നത്. മൂന്നാഴ്ച യാത്ര പിന്നിട്ടതോടെ തനിക്ക് ക്ഷീണം അനുഭവപ്പെടാതായി. കൂടെ ഉള്ളവരോട് ക്ഷീണം അനുഭവപ്പെടുന്നുണ്ടോയെന്ന ചോദ്യത്തിനും ഇല്ലെന്നായിരുന്നു മറുപടി. ഇതിൽ നിന്നും രാജ്യം ഞങ്ങളോടൊപ്പം നടക്കുകയാണെന്ന് തിരിച്ചറിയുകയായിരുന്നു. വിവിധ മതവിഭാഗങ്ങളിൽ നിന്നായി കുട്ടികൾ മുതൽ പ്രായമായവർ വരെ സ്നേഹംപങ്കിട്ട് യാത്രയിലേക്കെത്തി. ഇവർ സൃഷ്ടിച്ച സ്‌നേഹത്തിന്റെ അന്തരീക്ഷത്തിലാണ് വെറുപ്പിന്റെ വിപണിയിൽ സ്നേഹത്തിന്റെ കട തുറന്നെന്ന ആശയം പങ്കിട്ടതെന്നും രാഹുൽഗാന്ധി സംവാദത്തിനിടെ വ്യക്തമാക്കി.
English Summary: Rahul Gandhi against Narendra Modi