ബിഷപ്പിന്റെ അറസ്റ്റ്, ജാമ്യം, കുറ്റവിമുക്തൻ; ഒടുവിൽ രാജി: ഏറെ കോളിളക്കം സൃഷ്ടിച്ച കേസ്

Franco Mulakkal | File Photo: MANORAMA
ഡോ. ഫ്രാങ്കോ മുളയ്ക്കൽ രാജിക്കാര്യം പ്രഖ്യാപിക്കുന്നു, രാജി സ്വീകരിച്ച കാര്യം വ്യക്തമാക്കിക്കൊണ്ടുള്ള കത്ത്.
SHARE

കോട്ടയം∙ കേരളത്തിൽ ഏറെ കോളിളക്കം സൃഷ്ടിച്ച ഒന്നായിരുന്നു ഡോ. ഫ്രാങ്കോ മുളയ്ക്കൽ കന്യാസ്ത്രീയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന കേസ്. 2018 ജൂണിൽ റജിസ്റ്റർ ചെയ്ത കേസിൽ 2022 ജനുവരിയിലാണ് ഫ്രാങ്കോ മുളയ്ക്കലിനെ കുറ്റവിമുക്തനാക്കിയത്. കോട്ടയം ജില്ലാ അഡീഷനൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് കേസിൽ വിധി പറഞ്ഞത്. ‘വെറുതേ വിടുന്നു’ എന്ന ഒറ്റവരി വിധിയാണു പ്രസ്താവിച്ചത്. േകാടതി കുറ്റവിമുക്തനാക്കി ഒന്നര വർഷമാകുമ്പോഴാണ് ജലന്തർ ബിഷപ്പ് സ്ഥാനത്തുനിന്ന് അദ്ദേഹം രാജിവയ്ക്കുന്നത്.

മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗമായ കന്യാസ്ത്രീയെ 2014 മുതൽ 2016 വരെ ബിഷപ് ഫ്രാങ്കോ പീഡിപ്പിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. കേസിൽ ബിഷപ്പിനെ അറസ്റ്റ് ചെയ്തിരുന്നു. പിന്നീട് ജാമ്യം നേടി. ചോദ്യം ചെയ്യലിനു ഹാജരാകാനുള്ള പൊലീസിന്റെ നോട്ടിസ് ലഭിച്ചതിനു പിന്നാലെ ഫ്രാങ്കോ മുളയ്ക്കൽ രൂപതയുടെ ഭരണച്ചുമതല ഒഴിഞ്ഞിരുന്നു. പിന്നാലെ സഭാ ചുമതലകളിൽനിന്ന് അദ്ദേഹത്തെ നീക്കുകയും ചെയ്തു.

കേസിന്റെ നാൾവഴി:

∙ 2018 ജൂൺ 29: മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗവും കുറവിലങ്ങാട് നാടുകുന്ന് സെന്റ് ഫ്രാൻസിസ് മിഷൻ ഹോമിലെ അന്തേവാസിയുമായ കന്യാസ്ത്രീ നൽകിയ പരാതിയിൽ ജലന്തർ ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ കുറവിലങ്ങാട് പൊലീസ് കേസെടുത്തു. പീഡനം, പ്രകൃതി വിരുദ്ധ പീഡനം എന്നീ വകുപ്പുകൾ പ്രകാരം കേസ് റജിസ്റ്റർ ചെയ്തു. 2014 മുതൽ 2016 വരെ പലതവണ പീഡിപ്പിച്ചതായാണു പരാതി.

∙ ഓഗസ്റ്റ് 13: കേരള പൊലീസ് ജലന്തറിൽ എത്തി ബിഷപ്പിനെ ചോദ്യം ചെയ്തു.

∙ സെപ്റ്റംബർ 8: ബിഷപ്പിന്റെ അറസ്റ്റ് ആവശ്യപ്പെട്ട് കന്യാസ്ത്രീകൾ ഉൾപ്പെടെ അനിശ്ചിതകാല ഉപവാസ സമരം ആരംഭിച്ചു.

∙ സെപ്റ്റംബർ 16: ചോദ്യംചെയ്യലിനു ഹാജരാകാനുള്ള പൊലീസിന്റെ നോട്ടിസ് ലഭിച്ചതിനു പിന്നാലെ ജലന്തർ ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ ഭരണച്ചുമതല ഒഴിഞ്ഞു.

∙ സെപ്റ്റംബർ 20: ബിഷപ്പിനെ പൊലീസ് 7 മണിക്കൂർ ചോദ്യം ചെയ്തു. ബിഷപ്പിനെ സഭ ചുമതലകളിൽനിന്ന് നീക്കി.

∙ സെപ്റ്റംബർ 21: 3 ദിവസത്തെ ചോദ്യംചെയ്യലിനുശേഷം ബിഷപ് ഫ്രാങ്കോ മുളയ്ക്കൽ അറസ്റ്റിൽ. തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ വൈദ്യപരിശോധനയ്ക്കുശേഷം കോട്ടയത്തേക്കു കൊണ്ടുപോകുംവഴി നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടർന്ന് കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

∙ സെപ്റ്റംബർ 22: ബിഷപ്പിനെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

∙ ഒക്ടോബർ 4: ബിഷപ്പിന്റെ ജാമ്യഹർജി ഹൈക്കോടതി തള്ളി.

∙ ഒക്ടോബർ 17: ബിഷപ്പിനു ഹൈക്കോടതി ജാമ്യം അനുവദിച്ചു.

∙ 2019 മാർച്ച് 26: ബിഷപ് കേസിലെ സാക്ഷികളെ സ്വാധീനിക്കാൻ ശ്രമിച്ച കേസിൽ കുര്യനാട് സെന്റ് ആൻസ് ആശ്രമം മുൻ പ്രിയോർ ഫാ. ജയിംസ് ഏർത്തയിലിന് എതിരെ ക്രൈംബ്രാഞ്ച് പാലാ കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു.

∙ ഏപ്രിൽ 9: പൊലീസ് പാലാ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് കോടതിയിൽ കുറ്റപത്രം സമർപ്പിച്ചു. പീഡനം, തടഞ്ഞു വയ്ക്കൽ, ഭീഷണിപ്പെടുത്തൽ എന്നിവ ഉൾപ്പെടെ 7 വകുപ്പുകൾ ചേർന്ന കുറ്റപത്രം 2000 പേജ്. 5 ബിഷപ്പുമാർ, 11 വൈദികർ, 25 കന്യാസ്ത്രീകൾ, 7 മജിസ്ട്രേട്ടുമാർ എന്നിവർ ഉൾപ്പെടെ 86 സാക്ഷികൾ. 10 പേരുടെ രഹസ്യമൊഴിയും.

∙ ഓഗസ്റ്റ് 26: ബിഷപ് കേസ് വിചാരണയ്ക്കായി പാലാ ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേട്ട് കോടതിയിൽനിന്ന് കോട്ടയം സെഷൻസ് കോടതിയിലേക്ക് മാറ്റി.
∙ ഓഗസ്റ്റ് 30: കോട്ടയം അഡീഷനൽ ജില്ലാ ജഡ്ജി ജി. ഗോപകുമാർ കുറ്റപത്രം സ്വീകരിച്ചു.

∙ 2020 മാർച്ച് 16: കുറ്റപത്രം നിലനിൽക്കന്നതല്ലെന്നു ചൂണ്ടിക്കാട്ടി പ്രതിഭാഗം സമർപ്പിച്ച വിടുതൽ ഹർജി കോടതി തള്ളി.

∙ ജൂലൈ 7: കുറ്റപത്രം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രതിഭാഗം സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി.

∙ ജൂലൈ 13: വിചാരണ തീയതികളിൽ ഹാജരാകാതിരുന്ന ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെതിരെ ജില്ലാ സെഷൻസ് കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിച്ചു.

∙ ജൂലൈ 28: കുറ്റപത്രം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു സമർപ്പിച്ച ഹർജി തള്ളിയ ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രിംകോടതിയിൽ പ്രതിഭാഗം ഹർജി ഫയൽ ചെയ്തു.

∙ ഓഗസ്റ്റ് 5: സുപ്രീം കോടതി ഹർജി തള്ളി.

∙ ഓഗസ്റ്റ് 7: ബിഷപ് കോടതിയിൽ ഹാജരായി ജാമ്യാപേക്ഷ സമർപ്പിച്ചു. കർശന വ്യവസ്ഥകളോടെ ജാമ്യം അനുവദിച്ചു.

∙ സെപ്റ്റംബർ 30: പ്രതിഭാഗം ഹൈക്കോടതിയിൽ ഹർജി ഫയൽ ചെയ്തു.

∙ ഒക്ടോബർ 1: ക്രോസ് വിസ്താരം 2 മാസം നീട്ടിവയ്ക്കണം എന്നാവശ്യപ്പെട്ട് നൽകിയ ഹർജി ഹൈക്കോടതി തള്ളി.

∙ 2021 നവംബർ 12: ജഡ്ജി ജി. ഗോപകുമാറിനെ തിരുവനന്തപുരം വിജിലൻസ് എൻക്വയറി കമ്മിഷണർ ആൻഡ് സ്പെഷൽ ജഡ്ജി ആക്കി സ്ഥലം മാറ്റി ഹൈക്കോടതി ഉത്തരവ്.

∙ ഡിസംബർ 29: വിചാരണ പൂർത്തിയായി.

∙ 2022 ജനുവരി 14: ബിഷപ് ഡോ. ഫ്രാങ്കോ മുളയ്ക്കലിനെ കോടതി കുറ്റവിമുക്തനാക്കി.

∙ 2023 ജൂൺ 1: ജലന്തർ ബിഷപ്പ് സ്ഥാനത്തുനിന്ന് രാജിവച്ചു

English Summary: About Franco Mulakkal and Kerala Nun Rape Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS