ന്യൂഡൽഹി∙ വിശാല പ്രതിപക്ഷ നേതൃയോഗത്തിൽ പങ്കെടുക്കാൻ സന്നദ്ധത അറിയിച്ച് കോൺഗ്രസ്. പട്നയിൽ ജൂൺ 12ന് നടക്കുന്ന വിശാല പ്രതിപക്ഷ നേതൃയോഗത്തിൽ പങ്കെടുക്കുമെന്ന് കോൺഗ്രസ് വക്താവും എഐസിസി ജനറൽ സെക്രട്ടറിയുമായ ജയറാം രമേശ് വ്യക്തമാക്കി. ആരാണ് പങ്കെടുക്കുകയെന്നത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും മുതിർന്ന നേതാക്കളും തീരുമാനിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ബിജെപിക്കെതിരായ പോരാട്ടം ദേശീയ വിഷയമായി കണ്ടാണ് ചർച്ചയ്‌ക്ക് കോൺഗ്രസ് സന്നദ്ധമായതെന്നാണ് സൂചന. വിശാല പ്രതിപക്ഷ നേതൃയോഗത്തിൽ പങ്കെടുക്കണമെന്നാവശ്യപ്പെട്ട് ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ, ഉപമുഖ്യമന്ത്രിയും ആർജെഡി നേതാവുമായ തേജസ്വി യാദവ് എന്നിവർ മല്ലികാർജുൻ ഖർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണ് ബിജെപി വിരുദ്ധ മുന്നണികൾ കൂട്ടായ്‌മയ്ക്കു ശ്രമിക്കുന്നത്. ഒരാളെ പ്രധാനമന്ത്രി സ്ഥാനാർഥിയായി ഉയർത്തിക്കാട്ടി തിരഞ്ഞെടുപ്പ് നേരിട്ടാൽ, ബിജെപിക്കെതിരെ നിരവധി സീറ്റുകൾ നേടാനാകുമെന്നാണ് നിതീഷ് കുമാർ വിലയിരുത്തുന്നത്. ഇതിനോടനുബന്ധിച്ചാണ് കൂട്ടായ്‌മയ്ക്കുള്ള ശ്രമങ്ങൾ.
English Summary: Congress to attend Nitish Kumar's mega opposition meet in Bihar