ADVERTISEMENT

ന്യൂഡൽഹി∙ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കൽ രാജിവച്ചു. ജലന്തർ ബിഷപ്പ് സ്ഥാനത്തുനിന്നുള്ള രാജി മാർപ്പാപ്പ സ്വീകരിച്ചു. ഫ്രാങ്കോ മുളയ്ക്കൽ ഇനി ബിഷപ്പ് എമരിറ്റസ് എന്ന് അറിയപ്പെടും. ഏറെ സന്തോഷവും നന്ദിയുമുണ്ടെന്ന് രാജിവാർത്ത പ്രഖ്യാപിച്ചുകൊണ്ട് ഫ്രാങ്കോ മുളയ്ക്കൽ വ്യക്തമാക്കി. ജലന്തർ രൂപതയുടെ നൻമയ്ക്കും പുതിയ ബിഷപ്പിനെ നിയമിക്കാനുമാണ് രാജിയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘‘പ്രത്യക്ഷമായും പരോക്ഷമായും കുറേ അനുഭവിച്ചു. പ്രാർഥിച്ചവർക്കും കരുതലേകിയവർക്കും നന്ദി. ഞാനൊഴുക്കിയ കണ്ണീർ സഭയുടെ നവീകരണത്തിന് കാരണമാകട്ടെ’’– അദ്ദേഹം പറഞ്ഞു. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ ഫ്രാങ്കോ മുളയ്ക്കലിനെ കോടതി വെറുതെ വിട്ടിരുന്നു. അതേസമയം, രാജി ആവശ്യപ്പെട്ടത് അച്ചടക്ക നടപടിയല്ലെന്ന് ഇന്ത്യയിലെ വത്തിക്കാൻ സ്ഥാനപതി അറിയിച്ചു.

മിഷനറീസ് ഓഫ് ജീസസ് സന്യാസ സഭാംഗമായ കന്യാസ്ത്രീയെ 2014 മുതൽ 2016 വരെ ബിഷപ് ഫ്രാങ്കോ പീഡിപ്പിച്ചു എന്നായിരുന്നു പ്രോസിക്യൂഷൻ കേസ്. ഡൽഹി അതിരൂപതാ സഹായമെത്രാനായിരുന്ന ഫ്രാങ്കോ മുളയ്‌ക്കലിനെ 2013ലാണ് ജലന്തർ രൂപതയുടെ ബിഷപ്പായി മാർപാപ്പ നിയമിച്ചത്. ജലന്തറിൽ വൈദികനായിരുന്ന ബിഷപ് ഫ്രാങ്കോ 2009ൽ ആണു ഡൽഹിയിൽ സഹായ മെത്രാനായി നിയമിതനായത്.

തൃശൂർ മുളയ്‌ക്കൽ ഐപ്പുണ്ണി - മേരി ദമ്പതികളുടെ മൂത്തമകനായ ഫ്രാങ്കോ സ്‌കൂൾ വിദ്യാഭ്യാസത്തിനു ശേഷം തൃശൂർ തോപ്പ് സെമിനാരിയിലാണ് വൈദികപഠനം ആരംഭിച്ചത്. നാഗ്‌പുർ സെമിനാരിയിൽ ദൈവശാസ്‌ത്രപഠനത്തിനു ശേഷം ജലന്ധർ രൂപതയിൽ നിന്നു 1990ൽ വൈദികപട്ടം സ്വീകരിച്ചു.

പഞ്ചാബ് ഗുരു നാനക് ദേവ് സർവകലാശാലയിൽ നിന്ന് ഇംഗ്ലിഷ്, സോഷ്യോളജി എന്നിവയിൽ ബിരുദാനന്തര ബിരുദവും റോമിൽ നിന്നു മോറൽ തിയോളജിയിൽ ഡോക്‌ടറേറ്റും നേടി. റോമിൽ അപ്പോസ്‌തലിക് യൂണിയൻ ഓഫ് ക്ലർജിയിൽ കോഓർഡിനേറ്ററായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്.

English Summary: Franco Mulakkal resigned from the post of Jalandhar Bishop

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com