ADVERTISEMENT

വാഷിങ്ടൻ ∙ ഇന്ത്യൻ ഓവർസീസ് കോൺഗ്രസിന്റെ ക്ഷണം സ്വീകരിച്ചെത്തിയ രാഹുൽ ഗാന്ധിയുടെ യുഎസ് പര്യടനം തുടരുന്നു. സിലിക്കൺ വാലിയിൽ സംരംഭകരുമായി രാഹുൽ കൂടിക്കാഴ്ച നടത്തി. തന്റെ ഫോൺ ചോർത്തുന്നതായി അറിയാമെന്നു പറഞ്ഞ രാഹുൽ, ‘ഹലോ, മിസ്റ്റർ മോദി’ എന്നു തമാശമട്ടിൽ ഫോണിൽനോക്കി പറയുകയും ചെയ്തു.

‘പ്ലഗ് ആൻഡ് പ്ലേ’ ഓഡിറ്റോറിയത്തിൽ നിർമിത ബുദ്ധി, ബിഗ് ഡേറ്റ, മെഷീൻ ലേണിങ് എന്നിവയെപ്പറ്റി രാഹുൽ വിശമദായി ചർച്ച ചെയ്തു. സംരംഭകരായ സയീദ് അമിദി, ഷോൺ ശങ്കരൻ എന്നിവരുമായുള്ള സംഭാഷണത്തിൽ, എല്ലാ സാങ്കേതികവിദ്യയും ഗ്രാമീണ ഇന്ത്യയിലെ സാധാരണക്കാരനും ലഭ്യമാക്കാൻ ശ്രമിക്കണമെന്ന് ആവശ്യപ്പെട്ടു.

‘‘ഏതെങ്കിലും സാങ്കേതികവിദ്യ ഇന്ത്യയിൽ വ്യാപിപ്പിക്കണം എന്ന് ആഗ്രഹമുണ്ടെങ്കിൽ, അധികാരം വികേന്ദ്രീകരിക്കുന്ന സാഹചര്യം ഉണ്ടാകണം. ഡ്രോൺ സാങ്കേതികവിദ്യയുമായി ബന്ധപ്പെട്ട് വളരെയേറെ ഉദ്യോഗസ്ഥതടസ്സങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ട്. പുതിയ കാലത്തെ സ്വർണമാണു ഡേറ്റ. ഇന്ത്യയെപ്പോലുള്ള രാജ്യങ്ങൾ ഇക്കാര്യം തിരിച്ചറിയണം. ഡേറ്റ സംരക്ഷിക്കാനും സുരക്ഷിതമാക്കാനും ആവശ്യമായ നിയന്ത്രണങ്ങൾ വേണം.

പെഗസസ് ഉൾപ്പെടെയുള്ള ചാരവൃത്തി സോഫ്‌റ്റ്‌വെയറുകളെപ്പറ്റി ഞാൻ പേടിക്കുന്നില്ല. എന്റെ ഐഫോൺ ചോർത്തുന്നുണ്ടെന്ന് അറിയാം. രാജ്യമെന്ന നിലയിലും വ്യക്തിയെന്ന നിലയിലും ഡേറ്റാ സ്വകാര്യതയ്ക്കായുള്ള നിയമങ്ങൾ ആവശ്യമാണ്. നിങ്ങളുടെ ഫോൺ ചോർത്തണമെന്ന് രാജ്യം തീരുമാനിച്ചാൽ ആർക്കും തടയാനാകില്ലെന്നാണ് എനിക്ക് മനസ്സിലാകുന്നത്.’’– രാഹുൽ പറഞ്ഞു.

ഇതിനൊപ്പമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കളിയാക്കുന്നമട്ടിൽ തന്റെ ഫോണിൽ നോക്കി ‘ഹലോ മിസ്റ്റർ മോദി’ എന്നു രാഹുൽ പറഞ്ഞത്. കഴിഞ്ഞ ദിവസം മോദിയെ രാഹുൽ രൂക്ഷമായി വിമർശിച്ചിരുന്നു. ‘‘ദൈവത്തേക്കാൾ കൂടുതൽ കാര്യങ്ങൾ അറിയുന്ന ഒരാൾ ഇന്ത്യയിലുണ്ട്. നരേന്ദ്ര മോദി എന്നാണ് അദ്ദേഹത്തിന്റെ പേര്. അടുത്തുകിട്ടിയാൽ ദൈവത്തെയും മോദി പഠിപ്പിച്ചുകളയും’’ എന്നായിരുന്നു രാഹുലിന്റെ വാക്കുകൾ. ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് അധ്യക്ഷൻ സാം പിത്രോദ രാഹുലിനെ അനുഗമിക്കുന്നുണ്ട്.

English Summary: "Hello, Mr Modi", Rahul Gandhi Quips, Holding His iPhone, Alleges Tapping

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com