ADVERTISEMENT

തിരുവനന്തപുരം∙ എല്ലാവർക്കും ഇന്റർനെറ്റ് എന്ന ലക്ഷ്യത്തോടെ സർക്കാർ നടപ്പിലാക്കുന്ന കെ ഫോൺ പദ്ധതിയുടെ ഉദ്ഘാടനം ജൂൺ 5ന് നടക്കാനിരിക്കേ, വീടുകളിൽ പൂർത്തിയായത് 1300 കണക്‌ഷൻ. ഉദ്ഘാടന സമയത്ത് 2500 വീടുകളിൽ ഇന്റർനെറ്റ് കണക്‌ഷനുകൾ ലഭ്യമാകുമെന്ന് കെ ഫോൺ അധികൃതർ ‘മനോരമ ഓൺലൈനോട്’ പറഞ്ഞു. സംസ്ഥാനത്തെ 20 ലക്ഷത്തോളം വരുന്ന, സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന കുടുംബങ്ങൾക്ക് സൗജന്യമായും മറ്റുള്ളവർക്ക് മിതമായ നിരക്കിലും അതിവേഗ ഇന്റർനെറ്റ് സൗകര്യം ലഭ്യമാക്കാനാണ് കെ ഫോൺ പദ്ധതി ആരംഭിച്ചത്. 2017ലെ ബജറ്റിൽ സംസ്ഥാന ധനമന്ത്രിയായിരുന്ന ടി.എം.തോമസ് ഐസക്കാണ് പദ്ധതി പ്രഖ്യാപിച്ചത്.

കെ ഫോണിലൂടെയുള്ള ഇന്റർനെറ്റ് സേവനത്തിന്റെ താരിഫ് പ്രഖ്യാപിച്ചിട്ടില്ല. മറ്റുള്ള കമ്പനികൾ നൽകുന്നതിനേക്കാൾ കുറഞ്ഞ നിരക്കിൽ ഇന്റർനെറ്റ് ലഭ്യമാക്കുമെന്നാണു സർക്കാർ വാഗ്ദാനം. താരിഫ് ഉദ്ഘാടന ഘട്ടത്തിൽ വെളിപ്പെടുത്തുമെന്നും മറ്റുള്ള ഇന്റർനെറ്റ് സേവനദാതാക്കൾ നൽകുന്നതിനേക്കാൾ കുറഞ്ഞ തുകയിൽ ഇന്റർനെറ്റ് നൽകുമെന്നും കെ ഫോൺ അധികൃതർ പറഞ്ഞു. ഇന്നത്തെ കണക്കനുസരിച്ച് 9000 വീടുകളിലേക്ക് ഇന്റർനെറ്റ് കണക്‌ഷനായുള്ള കേബിളുകൾ വലിച്ചു. ഈ മാസം 14,000 കണക്‌ഷനുകൾ നൽകാൻ കഴിയുമെന്ന് അധികൃതർ പറഞ്ഞു. രേഖകൾ നൽകാൻ ഉപഭോക്താക്കൾ കാലതാമസമെടുക്കുന്നതും കേബിളുകൾ സ്ഥാപിക്കുന്നതിലെ തടസങ്ങളുമെല്ലാം പദ്ധതിയുടെ വേഗം കുറയ്ക്കുന്നുണ്ട്.

ഇന്റർനെറ്റ് കണക്‌ഷൻ ലഭിക്കുന്നതിനായി 13,500 പേരുടെ പട്ടികയാണ് ആദ്യഘട്ടത്തിൽ തദ്ദേശ സ്ഥാപനങ്ങൾ നൽകിയിരിക്കുന്നത്. വീടുകളിലേക്കും സർക്കാർ സ്ഥാപനങ്ങളിലേക്കും കേബിളുകൾ എത്രദൂരം വലിക്കണമെന്നറിയാൻ സർവേ നടത്തും. പിന്നീട് കേബിളുകളും മോഡവും സ്ഥാപിക്കും. വീട്ടുടമസ്ഥർക്കു നൽകുന്ന അപേക്ഷാ ഫോമിൽ വിവരങ്ങൾ ശേഖരിച്ച് ആധാർ കാർഡ് അടക്കമുള്ള രേഖകൾ പരിശോധിച്ച് ഓൺലൈനായി സോഫ്റ്റ്‌വെയറിൽ അപ്‌ലോഡ് ചെയ്യും. കെ ഫോൺ അംഗീകാരം നൽകുന്നതോടെ യൂസർ ഐഡിയും പാസ്‌വേഡും ഉപഭോക്താക്കൾക്കു നൽകും. സർക്കാർ ഓഫിസുകളിലെ വിവരങ്ങൾ പ്രത്യേകമായി സോഫ്റ്റ്‌വെയറിൽ ചേർക്കും. 18,240 സർക്കാർ സ്ഥാപനങ്ങളിൽ കണക്‌ഷൻ നടപടികൾ പൂർത്തിയാക്കി. 26,592 സ്ഥാപനങ്ങളിലേക്കു കേബിൾ വലിച്ചെങ്കിലും നാലായിരത്തിലേറെ സ്ഥാപനങ്ങളിലേക്കു പോകുന്ന റോഡുകളിൽ അറ്റകുറ്റപ്പണി നടക്കുന്നതിനാൽ കണക്‌ഷൻ നടപടികൾ പൂർത്തിയാക്കാനായിട്ടില്ല.

സ്വകാര്യ കേബിൾ നെറ്റ്‌വർക്കാണ് വീടുകളിലേക്ക് കേബിളുകൾ വലിച്ച് മോഡം സ്ഥാപിക്കുന്നത്. 3200 രൂപയാണ് ഒരു വീടിനായി ടെണ്ടറിൽ അവർ ആവശ്യപ്പെട്ടത്. പിന്നീട് ഒരു വീടിന് 124 രൂപയായി ചുരുക്കി. കേബിൾ വലിക്കുന്നതിന്റെയും മോഡം സ്ഥാപിക്കുന്നതിന്റെയും ചെലവുകൾ കമ്പനിയാണു വഹിക്കുന്നതെന്നു കെ ഫോൺ ഉദ്യോഗസ്ഥർ പറഞ്ഞു. ഒരു കണക്‌ഷന് കമ്പനിക്ക് 5000 രൂപ ചെലവു വരുമെന്നാണ് കെഫോണിന്റെ കണക്കു കൂട്ടൽ. പദ്ധതിയുമായി സഹകരിക്കുന്നതിന്റെ ഭാഗമായാണ് കമ്പനി ഇളവു നൽകിയതെന്നാണ് അധികൃതർ പറയുന്നത്. ഒരു വര്‍ഷത്തേക്കാണ് കരാർ. കെ ഫോൺ പദ്ധതിക്ക് അടിസ്ഥാന സൗകര്യ സേവനങ്ങൾ നൽകുന്നതിനാവശ്യമായ കാറ്റഗറി 1 ലൈസൻസും ഔദ്യോഗികമായി ഇന്റർനെറ്റ് സേവനങ്ങൾ നൽകാനുള്ള ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർ (ഐഎസ്പി) കാറ്റഗറി ബി യൂണിഫൈഡ് ലൈസൻസും നേരത്തെ ലഭിച്ചിരുന്നു.

English Summary: 2500 houses will get internet connection through KFON from June 5

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com