ADVERTISEMENT

തിരുവനന്തപുരം∙ പൊലീസ് നല്‍കുന്ന വിവിധ സേവനങ്ങള്‍ക്കായി ഓണ്‍ലൈന്‍ വഴി അപേക്ഷിക്കാനുളള ‘തുണ പോര്‍ട്ടലി’ല്‍ മൂന്നു സൗകര്യങ്ങള്‍ കൂടി അധികമായി ഏര്‍പ്പെടുത്തി. ഇതിന്‍റെ ഉദ്ഘാടനം സംസ്ഥാന പൊലീസ് മേധാവി അനില്‍ കാന്ത് നിര്‍വഹിച്ചു. നഷ്ടപ്പെട്ടുപോയ സാധനങ്ങള്‍ സംബന്ധിച്ച് പൊലീസിനു വിവരം നല്‍കാനുളള സംവിധാനമാണ് അതിലൊന്ന്. ഇങ്ങനെ ലഭിക്കുന്ന അപേക്ഷകള്‍ അന്വേഷണത്തിനായി ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ക്ക് കൈമാറും. തുടർ നടപടികള്‍ ‘ഐ-കോപ്സ്’ എന്ന ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തും. അന്വേഷണത്തില്‍ സാധനം കണ്ടുകിട്ടിയാല്‍ പരാതിക്കാരന് കൈമാറും. പരാതി പിന്‍വലിക്കപ്പെട്ടാല്‍ തുടര്‍നടപടികള്‍ അവസാനിപ്പിക്കും.

സാധനം കണ്ടെത്താന്‍ സാധിക്കാത്തപക്ഷം അത് സൂചിപ്പിക്കുന്ന സര്‍ട്ടിഫിക്കറ്റ് അപേക്ഷകന് നല്‍കും. ഓണ്‍ലൈനില്‍ നല്‍കുന്ന പരാതിയില്‍ ന്യൂനതകള്‍ ഉണ്ടെങ്കില്‍ അത് പരിഹരിച്ച് വീണ്ടും സമര്‍പ്പിക്കാനും സൗകര്യമുണ്ട്. പൊലീസിന്‍റെ ഔദ്യോഗിക മൊബൈല്‍ ആപ് ആയ ‘പോല്‍-ആപ്പി’ലും ഈ സംവിധാനം നിലവില്‍ വന്നു.

ജാഥകള്‍, സമരങ്ങള്‍ എന്നിവ നടത്തുന്ന സംഘടനകള്‍ക്ക് അക്കാര്യം ജില്ലാ പൊലീസിനെയും സ്പെഷല്‍ ബ്രാഞ്ചിനെയും ഓണ്‍ലൈനായി അറിയിക്കാനുളള സംവിധാനവും തുണ പോര്‍ട്ടലില്‍ ഏര്‍പ്പെടുത്തി. ജില്ലാ പൊലീസ് ആവശ്യമായ നിര്‍ദേശങ്ങളോടെ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകള്‍ക്ക് വിവരം കൈമാറും. അപേക്ഷകള്‍ക്ക് നിയമാനുസരണമുളള നോട്ടിസും നല്‍കും.

തുണ പോര്‍ട്ടലില്‍ റജിസ്റ്റര്‍ ചെയ്ത ശേഷം മോട്ടര്‍വാഹന അപകടക്കേസുകളുമായി ബന്ധപ്പെട്ട രേഖകള്‍ ഓണ്‍ലൈനില്‍ പണമടച്ച് വാങ്ങാന്‍ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് അവസരം നല്‍കുന്ന സംവിധാനവും നിലവില്‍ വന്നു. ചികിത്സാ സര്‍ട്ടിഫിക്കറ്റ്, മുറിവ് സംബന്ധിച്ച സര്‍ട്ടിഫിക്കറ്റ്, വാഹന റജിസ്ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തുടങ്ങി 13 തരം സര്‍ട്ടിഫിക്കറ്റുകളാണ് ഓരോ രേഖയ്ക്കും 100 രൂപ നല്‍കി ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ലഭ്യമാക്കുക.

ആക്സിഡന്‍റ് ജിഡി കോപ്പി, മൈക്ക് ഉപയോഗിക്കുന്നതിനുളള അനുമതി, പരാതി നല്‍കല്‍ എന്നിവ ഓണ്‍ലൈന്‍ ആയി നിര്‍വഹിക്കാം. ഇവ ലഭിച്ചതായ രസീത് ഓണ്‍ലൈനായി തന്നെ ലഭിക്കും. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടിട്ടില്ലെന്ന സര്‍ട്ടിഫിക്കറ്റിന് അപേക്ഷിക്കാനും എഫ്ഐആര്‍ കോപ്പി ഡൗണ്‍ലോഡ് ചെയ്യാനും സാധിക്കും. അപേക്ഷകളുടെ നിലവിലെ അവസ്ഥ പോര്‍ട്ടലിലൂടെയും എസ്എംഎസ് ആയും അറിയാന്‍ കഴിയും.

English Summary: More services in Kerala Police Thuna Portal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com