മുംബൈ∙ മഹാരാഷ്ട്ര മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുമായി എൻസിപി അധ്യക്ഷൻ ശരദ് പവാർ കൂടിക്കാഴ്ച നടത്തി. അരമണിക്കൂറോളം നീണ്ട കൂടിക്കാഴ്ചയുടെ അജൻഡ വ്യക്തമല്ല. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ‘വർഷ ബംഗ്ലാവിൽ’ വച്ചായിരുന്നു കൂടിക്കാഴ്ച. മഹാരാഷ്ട്രയിലെ അധികാര കൈമാറ്റത്തിനു ശേഷമുള്ള ഇരു നേതാക്കളുടെയും ആദ്യ കൂടിക്കാഴ്ചയാണിത്.
മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രിയും ശിവസേന (ഉദ്ധവ് വിഭാഗം) നേതാവുമായ ഉദ്ധവ് താക്കറെയുടെ വിദേശ പര്യടനത്തിനിടെയാണ് ഇരുനേതാക്കളുടെയും കൂടിക്കാഴ്ച. അതേസമയം, കൂടിക്കാഴ്ചയിൽ രാഷ്ട്രീയമില്ലെന്നും തികച്ചും വ്യക്തിപരമായ കൂടിക്കാഴ്ചയായിരുന്നുവെന്നും ബിജെപി പ്രതികരിച്ചു.
‘‘മുഖ്യമന്ത്രി ഏക്നാഥ് ഷിൻഡെയുമായുള്ള ശരദ് പവാറിന്റെ കൂടിക്കാഴ്ച വ്യക്തിപരമാണ്. അതിൽ രാഷ്ട്രീയമില്ല. കൂടിക്കാഴ്ച സംബന്ധിച്ച് കൂടുതൽ അഭ്യൂഹങ്ങൾ പരത്തേണ്ടതില്ല’’– കൂടിക്കാഴ്ചയ്ക്കു തൊട്ടുപിന്നാലെ ബിജെപി നേതാവും സംസ്ഥാന മന്ത്രിയുമായ സുധീർ മുൻഗന്തിവാർ പറഞ്ഞു.
മന്ത്രിസഭാ വിപുലീകരണവുമായി ബന്ധപ്പെട്ടോ എൻസിപി നേതാക്കൾക്കെതിരെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) നടത്തുന്ന അന്വേഷണവുമായി ബന്ധപ്പെട്ടോ ആണ് കൂടിക്കാഴ്ചയെന്ന് അഭ്യൂഹമുണ്ട്.
English Summary: NCP Chief Sharad Pawar Meets Maharashtra Chief Minister Eknath Shinde