കോട്ടയം∙ എംബിബിഎസിന് സീറ്റ് നൽകാമെന്ന് പറഞ്ഞ് ലക്ഷങ്ങൾ തട്ടിയെന്ന കേസിൽ പഞ്ചായത്ത് പ്രസിഡന്റ് അറസ്റ്റിൽ. തിരുവല്ല നിരണം പഞ്ചായത്ത് പ്രസിഡന്റ് തോട്ടടി- വട്ടടി ഭാഗത്ത് കടുപ്പിലാറിൽ വീട്ടിൽ കെ.പി. പുന്നൂസ് (80) ആണ് അറസ്റ്റിലായത്. കോട്ടയം ഈസ്റ്റ് പൊലീസാണ് പുന്നൂസിനെ അറസ്റ്റു ചെയ്തത്.
കോട്ടയം പുതുപ്പള്ളി സ്വദേശിയായ മധ്യവയസ്കനിൽ നിന്നും മകൾക്ക് ബിലീവേഴ്സ് ചർച്ച് ഹോസ്പിറ്റലിൽ സ്പോട്ട് അഡ്മിഷനിൽ എംബിബിഎസിന് സീറ്റ് തരപ്പെടുത്തി കൊടുക്കാമെന്ന് പറഞ്ഞ് 25 ലക്ഷം രൂപ കബളിപ്പിച്ച് വാങ്ങിച്ചെടുക്കുകയായിരുന്നു. ഇയാൾ ആവശ്യപ്പെട്ടതനുസരിച്ച് മധ്യവയസ്കൻ പലതവണയായി 25 ലക്ഷം രൂപ പുന്നൂസിന് അയച്ചു കൊടുത്തിരുന്നു.
എന്നാൽ പുന്നൂസ് ഇയാളുടെ മകൾക്ക് എംബിബിഎസിന് സീറ്റ് തരപ്പെടുത്തി കൊടുത്തില്ല. പണവും തിരികെ നൽകാതെ കബളിപ്പിച്ചു. ഇയാളുടെ പരാതിയെ തുടർന്ന് പൊലീസ് കേസ് റജിസ്റ്റർ ചെയ്യുകയും പ്രതിയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.
English Summary: Panchayat President Arrested for Medical Seat Fraud