കോഴിക്കോട്∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ശസ്ത്രക്രിയ കഴിഞ്ഞ യുവതിയെ ജീവനക്കാരൻ പീഡിപ്പിച്ച കേസിൽ, ഇരയായ യുവതിയെ ഭീഷണിപ്പെടുത്തിയ അഞ്ച് ജീവനക്കാരുടെ സസ്പെൻഷൻ പിൻവലിച്ചു. ജീവനക്കാർക്കെതിരെ ആരോപിക്കപ്പെട്ട കുറ്റം തെളിയിക്കപ്പെട്ടിട്ടില്ലെന്നു ചൂണ്ടിക്കാട്ടിയാണ് നടപടി. സസ്പെൻഷൻ കാലയളവ് ഡ്യൂട്ടിയായി പരിഗണിക്കുമെന്നും സസ്പെൻഷൻ പിൻവലിച്ചുള്ള ഉത്തരവിൽ പറയുന്നു. പരാതി പിൻവലിക്കാൻ കടുത്ത സമ്മർദ്ദമുണ്ടായെന്ന് യുവതി വെളിപ്പെടുത്തിയിരുന്നു.
യുവതിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ മെഡിക്കല്‍ കോളജ് ജീവനക്കാരന്‍ എം.എം.ശശീന്ദ്രനെ രക്ഷിക്കാൻ വേണ്ടി സഹപ്രവര്‍ത്തകരില്‍ ചിലര്‍ ഭീഷണിപ്പെടുത്തി എന്നായിരുന്നു പരാതി. നഴ്സിങ് അസിസ്റ്റന്റ്, ആശുപത്രി അറ്റന്‍ഡന്റ് ഗ്രേഡ് ഒന്ന്, അറ്റന്‍ഡന്റ് ഗ്രേഡ് രണ്ട്, ദിവസ വേതനക്കാരന്‍ തുടങ്ങിയവർ മുറിയില്‍ ഔദ്യോഗിക വേഷത്തിലെത്തി മൊഴിമാറ്റാന്‍ നിര്‍ബന്ധിച്ചെന്നായിരുന്നു പരാതി. ഇതു സംബന്ധിച്ച് യുവതി മെഡിക്കല്‍ കോളജ് സൂപ്രണ്ടിന് രേഖാമൂലം പരാതി നല്‍കിയിരുന്നു. ജീവനക്കാർ ധരിച്ചിരുന്ന യൂണിഫോമിന്റെ നിറം അടക്കമുള്ള കാര്യങ്ങൾ യുവതി പരാതിയിൽ വ്യക്തമാക്കിയിരുന്നു.
നഷ്ടപരിഹാരം വാങ്ങി കേസ് ഒതുക്കി തീര്‍ക്കണമെന്നും സിആര്‍പിസി 164 പ്രകാരം മജിസ്ട്രേറ്റിനും പൊലീസിനും ആശുപത്രി അധികൃതര്‍ക്കും നല്‍കിയ മൊഴി കളവാണെന്നു പറയണമെന്നും ഇവര്‍ നിര്‍ബന്ധിച്ചെന്നായിരുന്നു ആരോപണം. യുവതി രേഖാമൂലം പരാതിപ്പെട്ടതോടെ പീഡനം സംബന്ധിച്ച് അന്വേഷണം നടത്തുന്നതിന് രൂപീകരിച്ച സമിതിക്ക് സൂപ്രണ്ട് റിപ്പോര്‍ട്ട് നല്‍കി. തുടർന്ന് അഞ്ചു പേരെ സസ്പെൻഡ് ചെയ്തു. ഇതാണ് ഇപ്പോൾ പിൻവലിച്ചിരിക്കുന്നത്.
English Summary: Sexual Assault at Kozhikode Medical College: Suspension of 5 staff Revoked