ADVERTISEMENT

ഭുവനേശ്വർ∙ രാജ്യത്തെ നടുക്കി ഒഡീഷയിലുണ്ടായത് ഇരട്ട ട്രെയിൻ അപകടങ്ങൾ. ഒഡീഷയിലെ ബാലസോർ ജില്ലയിൽ മിനിറ്റുകളുടെ വ്യത്യാസത്തിലുണ്ടായ രണ്ട് വൻ ട്രെയിൻ അപകടങ്ങളിൽ ഇതുവരെ മരിച്ചത് എഴുപതിലധികം പേരാണ്. പരുക്കേറ്റവരുടെ എണ്ണം 350ലേറെ വരും. ഒരേ സമയത്ത് മൂന്നു ട്രെയിനുകളാണ് ഇവിടെ അപകടത്തിൽപ്പെട്ടത്. ഷാലിമാർ – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ്, യശ്വന്ത്പുർ – ഹൗറ എക്സ്പ്രസ് എന്നീ പാസഞ്ചർ ട്രെയിനുകൾക്കൊപ്പം ഒരു ഗുഡ്സ് ട്രെയിനും അപകടത്തിൽപ്പെട്ടു. വെള്ളിയാഴ്ച രാത്രി 7.20നാണ് ആദ്യത്തെ ട്രെയിൻ അപകടത്തിൽപ്പെട്ടത്.

ബെംഗളൂരുവിൽനിന്ന് കൊൽക്കത്തയിലേക്കു പോവുകയായിരുന്ന യശ്വന്ത്പുർ – ഹൗറ എക്സ്പ്രസ് ട്രെയിൻ ബഹാനഗാ ബസാർ സ്റ്റേഷനു സമീപം പാളം തെറ്റി മറിഞ്ഞതാണ് ആദ്യ അപകടമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഈ കോച്ചുകളിലേക്ക് അടുത്ത പാളത്തിലൂടെ വന്ന ഷാലിമാർ – ചെന്നൈ കോറമണ്ഡൽ എക്സ്പ്രസ് ഇടിച്ചുകയറുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ പാളം തെറ്റിയ കോറമണ്ഡൽ എക്സ്പ്രസ് സമീപത്തെ ഗുഡ്സ് ട്രെയിനിനു മുകളിലേക്ക് മറിഞ്ഞു.

അപകടത്തെ തുടർന്ന് 300–400 ആളുകളാണ് ട്രാക്കിൽ കുടുങ്ങിയത്. നാട്ടുകാരും പൊലീസും റെയിൽവേ ഉദ്യോഗസ്ഥരും ദേശീയ ദുരന്തനിവാരണ സേനയും ഉൾപ്പെടെയുള്ളവർ വളരെ പണിപ്പെട്ടാണ് ആളുകളെ പുറത്തെടുത്തത്. ആശുപത്രിയിലേക്കു മാറ്റുമ്പോൾത്തന്നെ പലരും അതീവ ഗുരുതരാവസ്ഥയിലായിരുന്നു.

വെള്ളിയാഴ്ച വൈകിട്ട് 3.30ന് ബംഗാളിലെ ഷാലിമാർ സ്റ്റേഷനിൽനിന്ന് പുറപ്പെട്ട ട്രെയിനാണ് അപകടത്തിൽപ്പെട്ടത്. വൈകിട്ട് 6.30നാണ് ട്രെയിൻ ബാലസോർ സ്റ്റേഷനിലെത്തിയത്. പിന്നീട് 7.20ഓടെ ബഹനാഗ സ്റ്റേഷനു സമീപത്തുവച്ചാണ് അപകടത്തിൽപ്പെട്ടത്. ശനിയാഴ്ച വൈകിട്ട് 4.50ന് ചെന്നൈ റെയിൽവേ സ്റ്റേഷനിലേത്തേണ്ട ട്രെയിനാണിത്.

English Summary: Balasore Train accidents

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com